റാന്നി: ഉതിമൂട് വലിയകലുങ്ക് മരുതിമൂട്ടിൽ രാമകൃഷ്ണൻ നായർക്കും ഭാര്യക്കും മകൾക്കും രണ്ട് കുട്ടികൾക്കും അടച്ചുറപ്പുള്ള വീട്ടിൽ ഇനി അന്തിയുറങ്ങാം. രാമകൃഷ്ണൻ നായരുടെ കുടുംബം പുറേമ്പാക്കിൽ വീടുവെച്ചായിരുന്നു താമസം.
പുനലൂർ-മൂവാറ്റുപുഴ റോഡ് വികസനത്തിൽ വീടിരുന്ന സ്ഥലം പുറമ്പോക്കായി. വസ്തു ഉടമകൾക്ക് പണംനൽകി റോഡിെൻറ സ്ഥലമെടുത്തപ്പോൾ ഒരു ചില്ലിക്കാശുപോലും കിട്ടാതെ ഈ കുടുംബം ബുദ്ധിമുട്ടിലായി. ആരും സഹായിക്കാനില്ലാതെ ഒരു നേരത്തേ ആഹാരത്തിനുപോലും വകയില്ലാതെ മകൾ കടയിൽ ജോലിക്കുപോയി കിട്ടുന്ന പൈസകൊണ്ട് ഉപജീവനം കഴിയുമ്പോഴാണ് വീട് പൊളിച്ചുമാറ്റണമെന്ന് കെ.എസ്.ടി.പിയിൽനിന്ന് കത്തുകിട്ടുന്നത്. 1,40,000 രൂപ അനുവദിച്ചിട്ടുണ്ടെന്നും അറിയിച്ചു. 70,000രൂപ പൊളിക്കുമ്പോൾ തരും എന്നും ബാക്കി തുക വീടുവെച്ചിട്ട് നൽകൂ എന്നും അറിയിച്ചു.
ആരും സഹായിക്കാനില്ലാതെ കുടുംബം വീട് പൊളിച്ചുമാറ്റി ഷെഡ് നിർമിച്ച് അതിൽ ഒതുങ്ങിക്കൂടി. എന്നാൽ, റോഡ് നിർമാണം നീളുന്നതുകാരണം കുടുംബം എട്ടുവർഷത്തോളമായി മഴയും വെയിലും സഹിച്ച് ഒരുപെൺകുട്ടിയുമായി കുടിലിൽ കഴിഞ്ഞു.
വസ്തു പുറമ്പോക്കായതുകാരണം പഞ്ചായത്തിനുപോലും സഹായിക്കാൻ കഴിഞ്ഞില്ല. മകളും മകളുടെ ഹൈസ്കൂളിൽ പഠിക്കുന്ന പെൺകുട്ടിയും മകനുമാണ് കുടിലിൽ അന്തിയുറങ്ങിയിരുന്നത്. ഇതിനിടയിൽ 2018ലെ വെള്ളപ്പൊക്കവും കുടുംബത്തെ ദുരിതത്തിലാക്കി.
തകർന്ന ഷെഡ് എന്തുചെയ്യണമെന്ന് അറിയാതെ നിൽക്കുമ്പോഴാണ് പൊതുപ്രവർത്തകനായ പ്രസാദ് കുഴികാലയുടെ നേതൃത്വത്തിൽ ലയൻസ് ക്ലബിനെ സമീപിച്ച് വീടു നിർമിക്കാൻ സഹായം അഭ്യർഥിച്ചത്. ലയൺസ് ക്ലബിെൻറ സഹായത്താൽ നിർമിച്ച വീടിെൻറ താക്കോൽ ദാനം ലയൺസ് ക്ലബ് ഡിസ്ട്രിക് ഗവർണർ ഡോ. ജയകുമാർ നിർവഹിച്ചു. രാജു എബ്രാഹം എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു.