പുതമൺ പാലം തുറന്നു
text_fieldsബലപരിശോധനയുടെ ഭാഗമായി പുതമൺ പാലം
പ്രമോദ് നാരായൺ എം.എൽ.എ തുറന്നുനൽകുന്നു
റാന്നി: കോഴഞ്ചേരി-റാന്നി റോഡിലെ പുതമണിൽ പുതിയതായി നിർമിച്ച പാലം താൽക്കാലികമായി വാഹന ഗതാഗതത്തിനായി തുറന്നുനൽകി. പത്തു ദിവസത്തേക്കാവും വാഹനങ്ങൾ കടത്തിവിടുക. പിന്നീട് ഗതാഗതം നിരോധിച്ചശേഷം അപ്രോച്ച് റോഡ് ടാറിങ് നടത്തും. തുടർന്ന് പാലത്തിന്റെ ഉദ്ഘാടനം നടത്തി തുറന്നുനൽകും.
നേരത്തെ അപ്രോച്ച് റോഡ് നിർമിച്ചിരുന്നെങ്കിലും പാലത്തിന്റെ ജോലികൾ പൂർത്തിയായതോടെ ഉയരം കുറവാണെന്ന് കണ്ടെത്തി. തുടർന്ന് 1.1 മീ നീളത്തിൽ വീണ്ടും മണ്ണിട്ട് റോഡ് ഉയർത്തി. ഇത് ഉറയ്ക്കുന്നതിന് പത്തു ദിവസത്തെ സാവകാശം വേണം. അതുവരെ ഇതിലൂടെ വാഹനം കടത്തിവിടും. റോഡിലെ മണ്ണ് ഉറയ്ക്കുന്നതോടെ ഇവിടം ടാറിങ് നടത്തി പാലം പൂർണ സജ്ജമാക്കും. അടുത്ത മാസം ഉദ്ഘാടനം നടക്കും. ശനിയാഴ്ച വൈകിട്ട് പ്രമോദ് നാരായണൻ എം.എൽ.എയാണ് പുതിയ പാലത്തിലൂടെ ആദ്യമായി വാഹനം ഓടിച്ചു കയറിയത്. ഞായറാഴ്ച മുഴുവൻ വാഹനങ്ങളും പുതിയ പാലം വഴിയാണ് കടന്നുപോയത്.
കോഴഞ്ചേരി - റാന്നി റോഡിൽ പുതമൺ പെരുന്തോടിനു കുറുകെ ഉണ്ടായിരുന്ന പഴയ പാലത്തിന് ബലക്ഷയം വന്നതോടെയാണ് പുതിയ പാലം നിർമാണം ആരംഭിച്ചത്. 2.06 കോടി രൂപയാണ് പാലത്തിനു വകയിരുത്തിയിരുന്നത്. പഴയ പാലം പൊളിച്ചതോടെ മറുകര കടക്കാൻ 30 ലക്ഷം രൂപ ചെലവഴിച്ച് താൽക്കാലിക പാതയും പൊതുമരാമത്ത് തന്നെ നിർമിച്ചു നൽകിയിരുന്നു ഇതിലൂടെയാണ് ഇതുവരെ വാഹനഗതാഗതം നടന്നത്. പെരുന്തോട്ടിൽ ജലനിരപ്പ് ഉയർന്നത് പാലം നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതോടെ നിർമാണം വൈകുകയും ചെയ്തിരുന്നു. എട്ടു മീറ്റർ വീതം നീളമുള്ള രണ്ട് സ്പാനോട് കൂടിയാണ് പാലം പണിതത്. 7.50 മീ വീതിയിൽ വാഹനഗതാഗത സൗകര്യവും ഇരുവശത്തും 1.5 മീറ്റർ വീതം വീതിയിൽ കാൽനടപാതയും സജ്ജീകരിച്ചിട്ടുണ്ട്. 11 മീറ്ററാണ് പാലത്തിന്റെ ആകെ വീതി.
പാലം തുറന്നുനൽകിയ ചടങ്ങിൽ ചെറുകോൽ പഞ്ചായത്ത് പ്രസിഡൻറ് അജീന നജീബ്, . ജോസ് ബെൻ ജോർജ്, ഒ.പി സുരേഷ്, അജിത്ത് എന്നിവർ എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

