പ്ലാച്ചേരി പാലം; കൈവരികൾ പുനർനിർമിച്ചു
text_fieldsഎരുമേലി- പ്ലാച്ചേരി പാതയിലെ പ്ലാച്ചേരി പാലം പുനർനിർമിച്ചപ്പോൾ
റാന്നി: പ്ലാച്ചേരി പാലത്തിന്റെ കൈവരികള്‍ അറ്റകുറ്റപ്പണി നടത്തി പൊതുമരാമത്ത് വകുപ്പ്. പ്ലാച്ചേരി- എരുമേലി റോഡിലെ പ്ലാച്ചേരി വനം സ്റ്റേഷന് സമീപത്തെ പാലത്തിന്റെ തകര്‍ന്ന കൈവരിയാണ് ‘മാധ്യമം’ വാർത്തയെ തുടർന്ന് പുനരുദ്ധരിച്ചത്.
ദീര്‍ഘനാളായി പ്രധാന റോഡിലെ പാലത്തിന്റെ കൈവരി തകർന്നുകിടക്കുന്നത് സംബന്ധിച്ച് ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇവിടെ പല തവണ അപകടങ്ങൾ ഉണ്ടായിട്ടും അധികൃതർ നടപടി സ്വീകരിക്കാൻ തയ്യാറായിരുന്നില്ല.
പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയോട് ചേര്‍ന്ന് എരുമേലി റോഡിന്റെ ആരംഭത്തിലാണ് വീതി കുറഞ്ഞ ഈ പാലം സ്ഥിതി ചെയ്യുന്നത്. ഉന്നത നിലവാരത്തില്‍ നിർമിച്ച പ്ലാച്ചേരി-എരുമേലി റോഡിലെ പാലം കോട്ടയം- പത്തനംതിട്ട ജില്ല അതിര്‍ത്തിയിലാണ്.ശബരിമല സീസൺ ആരംഭിക്കും മുമ്പ് നടക്കുന്ന അറ്റകുറ്റ പണിയിൽ ഈ പാലത്തിന്റെ കൈവരി ഉയരത്തിൽ കെട്ടി സുരക്ഷ ഒരുക്കണമന്ന ആവശ്യമുയര്‍ന്നിട്ടും അവഗണിച്ചതോടെ പരാതി ഉയര്‍ന്നിരുന്നു. കഴിഞ്ഞ ശബരിമല സീസൺ സമയത്ത് തീർഥാടകരുടെ വാഹനം നിയന്ത്രണം നഷ്ടമായി പാലത്തില്‍ ഇടിച്ചിരുന്നു.
അന്ന് കൈവരി ഉള്ളത് കൊണ്ട് വാഹനം തോട്ടിലേക്ക് മറിയാതെ രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ സീസൺ സമയത്ത് പാലത്തിന്റെ ഇരുവശത്തും മരക്കമ്പുകള്‍ കുഴിച്ചിട്ട് കയർ വലിച്ചു കെട്ടിയാണ് മുന്നറിയിപ്പ് നൽകിയിരുന്നത്. ശബരിമല സീസൺ ആരംഭിക്കുമ്പോൾ വലിയ തിരക്കനുഭവപ്പെടുന്ന റോഡാണിത്.
എരുമേലിക്ക് പോകുന്ന വാഹനങ്ങളും സംസ്ഥാനപാത വഴി വരുന്ന വാഹനങ്ങളും ഇതിലേ കടന്നുപോകുന്നുണ്ട്. രണ്ടുവലിയ വാഹനങ്ങള്‍ വന്നാൽ കടന്നു പോകാൻ ബുദ്ധിമുട്ടാണ്.

