പെരുന്തേനരുവി പദ്ധതി: ജലവിതരണം തുടങ്ങി
text_fieldsപെരുന്തേനരുവി കുടിവെള്ള വിതരണ പദ്ധതി പ്രദേശം
റാന്നി: ചളി അടിഞ്ഞതുമൂലം പമ്പിങ് തടസ്സപ്പെട്ട പെരുന്തേനരുവി കുടിവെള്ള വിതരണ പദ്ധതിയില്‍നിന്ന് വീണ്ടും ജലവിതരണം ആരംഭിച്ചു. പദ്ധതിയുടെ കിണറ്റിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പുകള്‍ പുനരുദ്ധരിച്ചതോടെയാണ് പമ്പിങ് കാര്യക്ഷമമായത്. ഇതുസംബന്ധിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു.
വെച്ചൂച്ചിറ പഞ്ചായത്തില്‍ പൂര്‍ണമായും കുടിവെള്ളം എത്തിക്കുന്ന പെരുന്തേനരുവി ശുദ്ധജല വിതരണ പദ്ധതിയാണ് ചളി അടിഞ്ഞതിനെ തുടര്‍ന്ന് ഏതാനും ദിവസത്തേക്ക് പമ്പിങ് തടസ്സപ്പെട്ടത്.
പദ്ധതിയുടെ കിണറ്റിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പുകളിലൂടെ ചളികയറി അടഞ്ഞിരുന്നു. പെരുന്തേനരുവി ചെറുകിട ജലവൈദ്യുതി പദ്ധതിക്കായി സ്ഥാപിച്ച തടയണയില്‍നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതാണ് പ്രതിസന്ധിക്കിടയാക്കിയത്.
ഇവിടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പ്രളയത്തില്‍ അടിഞ്ഞ ചളി നീക്കുന്ന ജോലി നടക്കുകയായിരുന്നു. അതിനു ശേഷമുള്ള വെള്ളം തുറന്നുവിട്ടതോടെ വലിയതോതില്‍ മണലും ചളിയും താഴേക്ക് ഒഴുകിയെത്തുകയായിരുന്നു.
ഇതിനു സമീപത്തെ വലിയ കയമായ നായ്വീണരുവി വന്‍തോതില്‍ മണല്‍ അടിഞ്ഞതുമൂലം ആഴംകുറഞ്ഞു. ഇപ്പോള്‍ തടയണയിലെ വെള്ളം വൈദ്യുതി പദ്ധതിയുടെ ഫോര്‍ബേ ടാങ്കിലേക്കുള്ള കനാലിലൂടെ എത്തിച്ച് അരുവിയുടെ താഴെ തുറന്നുവിടുകയാണ്.
ഒരുമാസം മുമ്പ് പമ്പിങ് നിര്‍ത്തിവെച്ച് വാട്ടര്‍ അതോറിറ്റി പുനരുദ്ധരിച്ച കിണറിലും പൈപ്പിലുമാണ് വീണ്ടും ചളികയറി അടഞ്ഞത്. ഒരുമാസത്തിനിടെ രണ്ടാമത് വീണ്ടും പുനരുദ്ധാരണം നടത്തിയാണ് പമ്പിങ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

