തോട്ടമൺ വളവിലെ ഡീസൽ വീഴ്ചയിൽ പൊറുതിമുട്ടി ജനം
text_fieldsറാന്നി തോട്ടമൺ വളവിൽ റോഡിൽ വീണ ഡീസൽ
അഗ്നിരക്ഷാ സേന കഴുകി വൃത്തിയാക്കുന്നു
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ റാന്നി തോട്ടമൺ വളവിൽ വാഹനങ്ങളിൽനിന്നുള്ള ഡീസൽ വീഴ്ച കീറാമുട്ടിയാകുന്നു. ഇതുമൂലം ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപെടുന്നത്. എത്ര സൂക്ഷിച്ചു വാഹനം ഓടിക്കുന്നവരും അപകടത്തിൽപെടാറുണ്ട്.
തിങ്കളാഴ്ച രാത്രി മൂന്ന് ബൈക്ക് യാത്രക്കാർ അപകടത്തിൽപെട്ടു. അഗ്നിരക്ഷാ സേനയെത്തി രാത്രിതന്നെ റോഡ് കഴുകി വൃത്തിയാക്കി. ഇന്ധനം നിറച്ച് വരുന്ന വാഹനങ്ങളിൽനിന്നാണ് കൊടുംവളവിൽ തുളുമ്പി വീഴുന്നത്. കെ.എസ്.ആർ.ടി.സി ബസിൽനിന്നാണ് ഡീസൽ വീഴുന്നതെന്ന് പരാതി. ടാങ്കിന് വാഷർ ഇല്ലാത്തതാണ് കാരണമെന്ന് പറയുന്നു. അധികൃതർ പരിഹാരത്തിനായി ശ്രമിക്കണമെന്ന് യാത്രക്കാർ പറഞ്ഞു.

