വലിയകലുങ്ക് കനാൽ പാലത്തിൽ ലോറി കുടുങ്ങി
text_fieldsപുനലൂർ-മൂവാറ്റുപുഴ റോഡിൽ വലിയ കലുങ്ക് കനാൽ പാലത്തിൽ ലോറി കുടുങ്ങിയപ്പോൾ
റാന്നി: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വലിയകലുങ്ക് കനാല്‍പാലത്തിന് കീഴില്‍ വീണ്ടും ചരക്കുലോറി കുടുങ്ങി. കഴിഞ്ഞ ദിവസം രാവിലെ പത്തനംതിട്ടയില്‍നിന്ന് റാന്നി ഭാഗത്തേക്കു വന്ന കൂറ്റന്‍ കണ്ടെയ്നര്‍ ലോറിയാണ് പാലത്തിന്റെ അടിയില്‍ അകപ്പെട്ടത്. ഇതോടെ പാതയില്‍ ഗതാഗതക്കുരുക്കും ഉണ്ടായി.പിന്നീട് വളരെ ശ്രമപ്പെട്ടാണ് ലോറി മാറ്റിയത്. സംസ്ഥാനപാത ഉന്നത നിലവാരത്തില്‍ നിര്‍മിച്ചത് പഴയതില്‍നിന്ന് രണ്ടടിയോളം ഉയര്‍ത്തിയായിരുന്നു.
ഇതോടെ ഉയരം കൂടിയ വാഹനങ്ങള്‍ കനാല്‍പാലത്തിന് അടിയില്‍പെടുന്നത് നിത്യസംഭവമായി. പരാതി ഉയർന്നതോടെ പൊതുമരാമത്ത് മന്ത്രി സ്ഥലം സന്ദര്‍ശിക്കുകയും മേല്‍പാലം നിര്‍മിക്കുന്ന കാര്യം പരിഗണിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍, അധിക തുക അനുവദിക്കാനാവില്ലെന്ന പൊതുമരാമത്ത് വകുപ്പിന്റെ നിലപാടില്‍ പാത പഴയപടി തുടരുകയായിരുന്നു. പാലത്തിന്റെ ഉയരം സൂചിപ്പിക്കുന്ന ബോര്‍ഡും സുരക്ഷക്കായി ഇരുമ്പ് പൈപ്പും ഒരു വശത്ത് സ്ഥാപിച്ചിട്ടുണ്ട്. മറുവശത്തും ഇതു സ്ഥാപിച്ചില്ലെങ്കില്‍ വീണ്ടും ലോറികള്‍ ഇടിച്ചുകയറാന്‍ കാരണമാകും.ഇതിന് വേണ്ടുന്ന പ്രവര്‍ത്തനം അധികൃതര്‍ നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

