മഞ്ഞത്തോട്ടിലെ 17 കുടുംബങ്ങൾക്ക് ഭൂമി ലഭിക്കും
text_fieldsറാന്നി: ളാഹ മഞ്ഞത്തോട്ടിൽ 17 കുടുംബങ്ങൾക്കുകൂടി ഭൂമി ലഭിക്കും. മഞ്ഞത്തോട്ടിലെ 17 മലമ്പണ്ടാര ആദിവാസി വിഭാഗങ്ങൾക്കുള്ള ഭൂമിയുടെ രേഖകൾ ഈമാസം 17ന് റവന്യൂ മന്ത്രി കെ. രാജൻ കൈമാറുമെന്ന് പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. ആദിവാസി വിഭാഗങ്ങളെ ഭൂമിയുടെ അവകാശികളാക്കുക എന്ന എൽ.ഡി.എഫ് സർക്കാറിന്റെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന് എം.എൽ.എ അറിയിച്ചു.
ഏറ്റെടുത്ത ദൗത്യങ്ങളിൽ ഒന്നായിരുന്നു മഞ്ഞത്തോട്ടിലെ ആദിവാസി വിഭാഗങ്ങൾക്ക് ഭൂമിയുടെ രേഖകൾ ഉറപ്പുവരുത്തുക എന്നത്. അതിനായി നടത്തിയ ശ്രമങ്ങളുടെ ഭാഗമായി ആദ്യഘട്ടത്തിൽ 20 കുടുംബങ്ങൾക്ക് ഒരേക്കർ വീതമുള്ള ഭൂമിയുടെ രേഖകൾ 2023 സെപ്റ്റംബർ 23ന് നൽകിയിരുന്നു. ഭൂമിയുടെ രേഖകൾ ഉറപ്പാക്കാൻ വനം-റവന്യൂ-പട്ടികവർഗ വകുപ്പുതലത്തിൽ നിരവധി തവണ യോഗങ്ങൾ വിളിക്കുകയും വിവിധ വകുപ്പുതലങ്ങളിൽ ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്നു. അർഹരായ 37 കുടുംബങ്ങൾക്കും ഒരേക്കർ ഭൂമി വീതമാണ് നൽകുന്നത്. ഇതോടെ ഇവർക്ക് വീട് ഉൾപ്പെടെ സ്ഥാപിക്കാനുള്ള തടസ്സങ്ങൾ ഒഴിവാകും. ബാക്കിയുള്ളവരുടെ രേഖകൾ പരിശോധിച്ച് അർഹരെന്ന് കണ്ടെത്തുന്ന മുറക്ക് ഭൂമി നൽകും.
മലങ്കര മാർത്തോമ സഭ നിലക്കൽ ഭദ്രാസന അധിപൻ ഡോ. ജോസഫ് മാർ ബർണബാസിന്റെ 75ാമത് ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി സഭയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന കനവ് പാർപ്പിട പദ്ധതിയുടെ ഭാഗമായി നിർമിച്ച് നൽകുന്ന 75 കാരുണ്യ ഭവനങ്ങളിൽ 37 ഭവനങ്ങൾ ഭൂമിയുടെ കൈവശാവകാശ രേഖ ലഭ്യമായ മഞ്ഞത്തോട്ടിലെ ആദിവാസി മലമ്പണ്ടാര വിഭാഗങ്ങൾക്ക് നൽകുമെന്ന് സഭ അറിയിച്ചിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.