ശമ്പളം കൈപ്പറ്റി രോഗികളെ പിഴിയുന്നത് അംഗീകരിക്കാനാകില്ല -മന്ത്രി വീണാ ജോർജ്
text_fieldsറാന്നി: രോഗികൾ വീട്ടിൽപോയി ഡോക്ടർമാരെ കണ്ട് കൈക്കൂലി നൽകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. അല്ലാത്ത സാഹചര്യത്തിൽ ശക്തമായ നടപടി നേരിടേണ്ടിവരുമെന്നും അവർ മുന്നറിയിപ്പ് നൽകി. റാന്നി താലൂക്ക് ആശുപത്രിക്ക് ഡോക്ടേഴ്സ് ഫോർ യു സംഘടന നൽകിയ ഓക്സിജൻ പ്ലാന്‍റ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യപ്രവർത്തകരുടെ കൂട്ടായ പ്രവർത്തനമാണ് ആശുപത്രികളുടെ പ്രവർത്തനം മികച്ചതാക്കുന്നത്. എന്നാൽ, ഇതിൽ ചുരുക്കം ചിലരുടെ ദുഷ് പ്രവർത്തനങ്ങൾകൊണ്ട് ഇത് ഇല്ലാതാകുന്നു. ഇത്തരം പ്രവർത്തനങ്ങൾ അംഗീകരിക്കാനാകില്ല. സംസ്ഥാന ബജറ്റിന്‍റെ നല്ലൊരു ശതമാനം തുക ഡോക്ടർമാർക്കും മറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കുമാണ് ശമ്പളമായി നൽകുന്നത്. ഇത് വാങ്ങിയിട്ട് പാവപ്പെട്ട ജനങ്ങളെ പിഴിയുന്നത് അംഗീകരിക്കാനാകില്ല.
എല്ലാ ആശുപത്രികളും രോഗി സൗഹൃദം ആയിരിക്കണം. റാന്നി താലൂക്ക് ആശുപത്രിയിൽ ലക്ഷ്യ പദ്ധതി കൂടുതൽ തുക ഉൾപ്പെടുത്തി പൂർത്തീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. ഓക്സിജൻ പ്ലാൻറിനായി 1.25 കോടി നൽകിയ ഡോക്ടേഴ്സ് ഫോർ യു സംഘടനയുടെയുടെ പ്രോഗ്രാം കോഓഡിനേറ്റർ അബ്ദുല്ല ആസാദിനെ മന്ത്രി ആദരിച്ചു.
മുൻ എം.എൽ.എ രാജു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. ഗോപി, ജില്ല പഞ്ചായത്ത് അംഗം ജോർജ് എബ്രഹാം, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ആർ. പ്രസാദ് , ഓയിൽപാം കോർപറേഷൻ ചെയർമാൻ എം.വി. വിദ്യാധരൻ, പി.എസ്. സുജ, സതീഷ് കെ.പണിക്കർ, അഡ്വ. ജേക്കബ് സ്റ്റീഫൻ, കോമളം അനിരുദ്ധൻ, നയന സാബു ,അൻസാരി മന്ദിരം, ലാൽജി എബ്രഹാം, എബ്രഹാം കുളമട, സാംകുട്ടി പാലക്കാമണ്ണിൽ, ലിസി ദിവാൻ, അനു മാത്യു ജോർജ്, ഡോക്ടർമാരായ എൽ. അനിതകുമാരി, എസ്. ശ്രീകുമാർ, വൈശാഖ് രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

