റാന്നിയെ ഭീതിയിലാഴ്ത്തി കനത്ത മഴ; വെള്ളപ്പൊക്കം, പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു; പമ്പാനദി കരകവിഞ്ഞു
text_fieldsപമ്പാനദി കരകവിഞ്ഞ് ഒഴുകുന്നു, റാന്നി ചെത്തോങ്കരയിൽ വെള്ളം കയറിയപ്പോൾ
റാന്നി: കനത്ത മഴ റാന്നി താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സമ്മാനിച്ചത് കനത്ത ദുരിതം. കിഴക്കന്‍ മേഖലയിലെ കോസ് വേകളില്‍ വെള്ളം കയറിയതോടെ അരയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി പ്രദേശങ്ങള്‍ പുറംലോകവുമായി ഒറ്റപ്പെട്ടു.
പമ്പാനദി കരകവിഞ്ഞതോടെ റാന്നി ഉപാസനകടവില്‍ വെള്ളംകയറി. എസ്.സിപടിയിലും ചെത്തോംങ്കരയിലും വെള്ളം കയറിയതോടെ സംസ്ഥാന പാതയില്‍ ഗതാഗതം മുടങ്ങി. വെള്ളം കയറുവാന്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വ്യാപാരികളും ജാഗ്രതയിലാണ്. ടൗണിലെ ഓടകളുടെ നിര്‍മ്മാണം പൂര്‍ത്തിയായതിനാല്‍ വെള്ളകെട്ടുകള്‍ ഒഴിവായിട്ടുണ്ട്.
മുക്കം, കുരുമ്പന്‍മൂഴി, അരയാഞ്ഞിലിമണ്‍, എയ്ഞ്ചല്‍വാലി, കണമല കോസ് വേകള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. മൂന്നുവശം വനത്താലും ഒരുവശം പമ്പാനദിയാലും ചുറ്റപ്പെട്ട അരയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്.
അരയാഞ്ഞിലിമണ്ണുകാര്‍ക്ക് മുമ്പ് വെള്ളം കയറുമ്പോള്‍ പുറത്തേക്ക് പോകുവാന്‍ കഴിയുമായിരുന്ന തൂക്കുപാലം തകര്‍ന്നത് ദുരിതം കൂടുതലാക്കി. 2018ലെ മഹാപ്രളയത്തിലാണ് ഇവിടുത്തെ തൂക്കുപാലം തകര്‍ന്നത്. പിന്നീട് പുനരുദ്ധരിച്ചിരുന്നില്ല.
നാട്ടുകാരുടെ ദുരിതത്തിന് അറുതിവരുത്താന്‍ പുതിയപാലം നിര്‍മ്മിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപടികളൊന്നുമായില്ല. നാറാണംമൂഴി പഞ്ചായത്തിന്‍റെ ഭാഗമായ കുരുമ്പന്‍മൂഴിക്കാര്‍ക്ക് പ്രളയത്തിലെ ഒറ്റപെടലിന് പരിഹാരമായി പെരുന്തേനരുവി വഴി റോഡ് നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടെങ്കിലും അരുവി വരെ പൂര്‍ത്തിയായുള്ളു.ബാക്കി കൂപ്പ് റോഡായി നിലനില്‍ക്കുകയാണ്. ഇട്ടിയപ്പാറ ബസ്റ്റാൻഡിനു താഴെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ രാവിലെ തന്നെ വെള്ളം കയറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

