അടിമുടി മാറി എണ്ണൂറാംവയൽ സി.എം.എസ്.എൽ.പി. സ്കൂൾ
text_fieldsവെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ്.എൽ.പി സ്കൂൾ
റാന്നി: പഴമയും പുതുമയും ഇഴചേർത്ത് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ്.എൽ.പി സ്കൂൾ അടിമുടി മാറുന്നു. പുതിയതായി നിർമിക്കുന്ന അത്യാധുനിക അക്കാദമിക് ബ്ലോക്കിനൊപ്പം പഴയ കെട്ടിടങ്ങളുടെ നവീകരണവും കൂടി ചേർന്നപ്പോൾ വിദ്യാലയം അപ്പാടെ മാറുകയാണ്.
നിർമാണം അന്തിമ ഘട്ടത്തിലെത്തി നിൽക്കുന്ന 6000 ചതുരശ്ര അടി വിസ്തീർണമുള്ള അക്കാദമിക് ബ്ലോക്കിൽ 10 മുറിയാണുള്ളത്. രണ്ട് ശൗചാലയ കോംപ്ലക്സുകളും ഉണ്ട്. ക്ലാസ് മുറികൾ ഡിജിറ്റൽ ഇന്ററാക്ടീവ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് മുറികളാണ്. പഴയ കെട്ടിടങ്ങളുടെ നവീകരണ പ്രവർത്തനങ്ങളും ധൃതഗതിയിൽ പുരോഗമിക്കുന്നു. കെട്ടിടങ്ങളുടെ ആസ്ബെസ്റ്റോസ് ഷീറ്റുകൾ മാറ്റി ഓട് മേഞ്ഞു. തറ ടൈൽ വിരിച്ചു. പഴയ കെട്ടിടങ്ങളിലൊന്ന് പൊളിച്ചു നീക്കി കളിസ്ഥല നിർമാണവും ആരംഭിച്ചു. മിനി ടർഫ്, ഇൻഡോർ കോർട്ട് എന്നിവയും ഒരുക്കും. പഴയ കെട്ടിടങ്ങൾ നവീകരിച്ച് അതിനിഴചേരും വിധം പുതിയ കെട്ടിടം കൂടി ചേർത്താണ് വിദ്യാലയത്തിന്റെ രൂപമാറ്റം. പരിസ്ഥിതി സൗഹൃദ വിദ്യാലയം എന്ന ലക്ഷ്യം മുൻ നിർത്തിയാണ് നിർമാണ പ്രവർത്തനങ്ങൾ.
സ്കൂൾ ലൈബ്രറി, ശാസ്ത്ര പാർക്ക്, ഗണിത പാർക്ക് തുടങ്ങി കുട്ടികളുടെ പഠനത്തിന് പിന്തുണയേകുന്ന സംവിധാനങ്ങളും ഉണ്ടാകും. 120 വർഷം പഴക്കമുള്ള വിദ്യാലയത്തിന് ചരിത്രപരമായ പ്രാധാന്യം കൂടി ഉണ്ട്. സി.എം.എസ് മിഷനറിമാരുടെ ഇന്ത്യയിലെ 800-മത്തെ പ്രവർത്തന കേന്ദ്രമാണ് വെച്ചൂച്ചിറയുടെ ഹൃദയ ഭാഗമായ എണ്ണൂറാം വയൽ. ഇംഗ്ലീഷ് മിഷനറിയായിരുന്ന ബിഷപ്പ് ചാൾസ് ഹോപ്പ് ഗിൽ ആദ്യ ആരാധനാലയവും പള്ളിക്കൂടവും സ്ഥാപിച്ച ഇടത്താണ് പുതിയ കെട്ടിടം നിർമിച്ചത്..ജനകീയ കൂട്ടായ്മയിലൂടെയാണ് വിദ്യാലയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ. മാനേജ്മെന്റിനൊപ്പം അധ്യാപകർ, രക്ഷിതാക്കൾ, പൂർവ വിദ്യാർഥികൾ തുടങ്ങി പൊതുസമൂഹം ഒന്നിച്ചു കൈകോർത്തിറങ്ങിയപ്പോൾ ആദ്യ ഘട്ടമായി 1.5 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. നൂതനാശയങ്ങൾ ആവിഷ്കരിച്ചാണ് ധനസമാഹാരണം. വെർച്വൽ മാരത്തോൺ, ബ്രിക്ക് ചലഞ്ച്, ഉപ്പേരി ചലഞ്ച്, സ്ക്രാച്ച് ആൻഡ് വിൻ, ഗോൾഡൻ തമ്പോല, ഞായർ ലേലം, വില്ലേജ് ഫീസ്റ്റ് തുടങ്ങിയ പരിപാടികളിലൂടെ കെട്ടിടനിർമാണത്തിനു പണം കണ്ടെത്തൽ സാമൂഹിക പങ്കാളിത്തത്തോടെ നടക്കുന്നു.
റവ. സോജി വർഗീസ് ജോൺ ചെയർമാനും എം .ടി മത്തായി, സാം എബ്രഹാം എന്നിവർ വൈസ് ചെയർമാന്മാരും സാബു പുല്ലാട്ട് ജനറൽ കൺവീനറും ജോജി തോമസ് വർക്കി, സാം സി. മാത്യു, വർഗീസ് ശീമോൻ എന്നിവർ കൺവീനർമാരും എം.ജെ. കോശി ട്രഷററും പി.ടി. മാത്യു സെക്രട്ടറിയുമായ കമ്മിറ്റിയാണ് നിർമാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. അടുത്ത മാസം ആദ്യ വാരത്തോടെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്താനാണു ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

