പ്ലാസ്റ്റിക് മാലിന്യം കുപ്പിയിലാക്കി ഇരിപ്പിടങ്ങൾ തീർത്ത് കുട്ടികൾ
text_fieldsവെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ് സ്കൂളിലെ കുട്ടികൾ ഇക്കോ ബ്രിക്സ് ഉപയോഗിച്ച് വിദ്യാലയത്തിലെ തണൽ മരങ്ങൾക്ക് തറയൊരുക്കുന്നു
റാന്നി: കുട്ടികളുടെ കരവിരുതിൽ രൂപംകൊണ്ട കുപ്പിക്കട്ടകൾ വിദ്യാലയ മുറ്റത്തെ തണൽ മരങ്ങൾക്ക് തറയും കുട്ടികൾക്ക് ഇരിപ്പിടമായും മാറി. എണ്ണൂറാംവയൽ സി.എം.എസ് സ്കൂളിെൻറ എക്കോ ബ്രിക്സ് ചലഞ്ചിന് കുട്ടികളുടെയും രക്ഷിതാക്കളുടെയും ആവേശകരമായ പ്രതികരണമാണുണ്ടായത്. പ്ലാസ്റ്റിക് മാലിന്യത്തെ സുരക്ഷിതമായി ഒഴിവാക്കുന്നതിലേക്ക് രൂപംനൽകിയ ബ്രിക്സിലൂടെ കുട്ടികൾ നിർമിക്കുന്ന പരിസ്ഥിതി സൗഹൃദ കുപ്പിക്കട്ടകൾ ഉപയോഗിച്ചാണ് തണൽമരങ്ങൾക്ക് തറയും വിദ്യാലയ പൂന്തോട്ടത്തിൽ ഇരിപ്പിടങ്ങളും സംരക്ഷണ വേലിയും നിർമിച്ചിരിക്കുന്നത്.
വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് സുതാര്യമായ പ്ലാസ്റ്റിക് കുപ്പികളിൽ കുത്തിനിറച്ചാണ് കുപ്പിക്കട്ടകൾ നിർമിക്കുന്നത്. ഇതിനകം കുട്ടികൾ 3450 കട്ടകൾ നിർമിച്ചുകഴിഞ്ഞു. ഒരു കുപ്പിക്കട്ടയിൽ 350 ഗ്രാം മുതൽ 650 ഗ്രാം വരെ പ്ലാസ്റ്റിക് നിറച്ചിട്ടുണ്ട്. ഏതാണ്ട് ഒരുടൺ പ്ലാസ്‌റ്റിക് മാലിന്യമാണ് പരിസ്ഥിതിക്ക് ദോഷമില്ലാത്തവിധം കുട്ടികൾ കുപ്പികൾക്കുള്ളിൽ 'തടവി'ലാക്കിയത്. മിഠായിക്കടലാസ്, പ്ലാസ്റ്റിക് കാരി ബാഗുകൾ, പാൽ കവറുകൾ, മാസ്ക്, ഗ്ലൗസ്, നിത്യോപയോഗ സാധനങ്ങളുടെ പാക്കിങ് കവറുകൾ തുടങ്ങി വീട്ടിലും പരിസരത്തുമായി വലിച്ചെറിയപ്പെട്ട പ്ലാസ്‌റ്റിക് മാലിന്യങ്ങളാണ് കുപ്പികൾക്കുള്ളിലായത്. ഇക്കോ ബ്രിക്സ് ചലഞ്ചിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾക്ക് സമ്മാനങ്ങളും നൽകി.
പി.എ. അസ്‌ലം, ആരോമൽ രാജീവ്, അർജുൻ മനോജ്, ആർപിത് മോളിക്കൽ എന്നിവർ വിജയികളായി. സമ്മാനദാനം സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വി. ജോൺ നിർവഹിച്ചു. പ്രധാനാധ്യാപകൻ സാബു പുല്ലാട്ട് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് ഷൈനു ചാക്കോ, ഷൈനി ബോസ്, ഏബെൽ ജോൺ സന്തോഷ്, അഞ്ജന സാറ ജോൺ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

