ക്ഷീര കർഷകർക്കുള്ള മൂന്ന് പുരസ്കാരവും റാന്നിക്ക്
text_fieldsവി.ജെ. ബിനോയ്, ലിറ്റി ബിനോയ്,കെ.എം. ജോസഫ്,
റാന്നി: സംസ്ഥാന ക്ഷീര കർഷകർക്കുള്ള മൂന്ന് പുരസ്കാരവും റാന്നിക്ക്. ഏറ്റവും മികച്ച ക്ഷീര കർഷകനുള്ള ജനറൽ അവാർഡും ഏറ്റവും മികച്ച കർഷകക്കുള്ള അവാർഡും ഏറ്റവും മികച്ച പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപെട്ട കർഷകനുള്ള അവാർഡും നേടിയാണ് റാന്നി മികച്ച നേട്ടം കൈവരിച്ചത്.
സംസ്ഥാനത്തെ ഏറ്റവും മികച്ച ക്ഷീരകർഷകനും കർഷകയും വെച്ചൂച്ചിറ പഞ്ചായത്തിലാണ്. തൊട്ടടുത്ത പെരുനാട് പഞ്ചായത്തിലാണ് പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപെട്ട ഏറ്റവും നല്ല ക്ഷീരകർഷകൻ. വെച്ചൂച്ചിറ കുറ്റിക്കാട്ടിൽ കെ.എം. ജോസഫാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച ക്ഷീരകർഷകൻ. വെച്ചൂച്ചിറ വട്ടംതൊട്ടിൽ ലിറ്റി ബിനോയിയാണ് ഏറ്റവും നല്ല ക്ഷീരകർഷക. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽ ഇടകടത്തി വരിക്കാനിൽ വി.ജെ. ബിനോയിയാണ് ഏറ്റവും നല്ല ക്ഷീരകർഷകൻ. വെച്ചൂച്ചിറ ക്ഷീരോൽപാദക സഹകരണ സംഘത്തിന് കീഴിലുള്ളവരാണ് ഏറ്റവും നല്ല കർഷകനും കർഷകയും എന്ന പ്രത്യേകതയുമുണ്ട്.

