റാന്നി നോളജ് വില്ലേജ്; വിദ്യാഭ്യാസമന്ത്രി ചെയർമാനായി സമിതി
text_fieldsപത്തനംതിട്ട: റാന്നി നോളജ് വില്ലേജ് പദ്ധതി മേൽനോട്ടത്തിനും ഏകോപനത്തിനും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചെയർമാനായി സമിതി രൂപവത്കരിച്ച് സർക്കാർ ഉത്തരവായി. പ്രമോദ് നാരായൺ എം.എൽ.എ വൈസ് ചെയർമാനും തൊഴിൽവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറുമാണ്. കെ ഡിസ്ക് സി.ഇ.ഒ, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, കെ.എ.എസ്.ഇ മാനേജിങ് ഡയറക്ടർ, അസാപ് മാനേജിങ് ഡയറക്ടർ, എസ്.ഐ.ഇ.ടി ഡയറക്ടർ, സി.എം.ഡി ഡയറക്ടർ, നോളജ് വില്ലേജ് അക്കാദമി കൗൺസിൽ അംഗങ്ങൾ എന്നിവർ സമിതിയിലുണ്ട്. റാന്നിയുടെ വൈജ്ഞാനിക വികാസവും മാനവ വിഭവശേഷിയുടെ വളര്‍ച്ചയും മുന്നില്‍ക്കണ്ടുള്ള പദ്ധതിയാണിത്.
വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, തൊഴിൽ, ശിശുക്ഷേമം, പ്രവാസി ക്ഷേമം, നൈപുണ്യ പരിശീലനം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഏജൻസികളുടെയും സർക്കാർ വകുപ്പുകളുടെയും പ്രവർത്തനങ്ങൾ പദ്ധതിക്കായി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാം ഏകോപിപ്പിക്കുമെന്ന് പ്രമോദ് നാരായൺ എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
റാന്നിയിൽ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സ്കിൽ ആൻഡ് ഇന്നവേഷൻ ഹബിെൻറ വിശദ പദ്ധതിരേഖ തയാറാക്കാൻ സെൻട്രൽ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിനെ ചുമതലപ്പെടുത്താനും മുഖ്യമന്ത്രിയുടെ ചേംബറിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. റാന്നി നോളജ് വില്ലേജ് ഓഫിസ് പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു. വിശദമായ പദ്ധതിരേഖ തയാറാക്കുന്നതിനു മുന്നോടിയായി മുഖ്യമന്ത്രിയുടെ ചേംബറിൽ ഉന്നതതല യോഗവും വിളിച്ചു.
റാന്നി നിയോജക മണ്ഡലത്തിലെ 12 പഞ്ചായത്തുകളിലെ 250 അംഗൻവാടികളും 173 വിദ്യാലയങ്ങളും എട്ട് ഉന്നത-സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരു കുടക്കീഴില് അണിനിരത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് റാന്നി നോളജ് വില്ലേജ് തുടക്കമിട്ടിരിക്കുന്നത്. റാന്നി ബി.പി.സി ഷാജി എ. സലാം, വെൺകുറിഞ്ഞി എസ്.എൻ.ഡി.പി എച്ച്.എസ്.എസ് പ്രിൻസിപ്പൽ ബി. രാജശ്രീ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
മൂന്ന് അക്കാദമിക് കൗൺസിലുകൾ
പ്രീപ്രൈമറി, സ്കൂൾ, ഉന്നത വിദ്യാഭ്യാസതലം വരെ മൂന്ന് അക്കാദമിക് കൗൺസിലുകൾ വിദഗ്ധരെ ഉൾപ്പെടുത്തി രൂപവത്കരിച്ചുകൊണ്ടാണ് നോളജ് വില്ലേജ് പദ്ധതി മുന്നോട്ടു പോകുന്നത്. മൂന്ന് കൗൺസിലുകളുടെയും ഏകോപിത പ്രവർത്തനം ഉറപ്പാക്കുന്നതിനായി എം.എൽ.എയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ വിദഗ്ധരെ ഉൾപ്പെടുത്തി ഒരു പ്രത്യേക സമിതി രൂപവത്കരിച്ചു. പ്രീപ്രൈമറി, അംഗൻവാടി എന്നിവക്ക് മോണ്ടിസോറി അധിഷ്ഠിത പാഠ്യപദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി അധ്യാപകർക്ക് പ്രത്യേക പരിശീലന പദ്ധതി നടപ്പാക്കും. കഴിഞ്ഞ ബജറ്റിൽ റാന്നി നോളജ് വില്ലേജിന് ബജറ്റ് വിഹിതം അനുവദിച്ചിരുന്നു. ഇക്കൊല്ലത്തെ ബജറ്റിൽ രണ്ടാംഘട്ടത്തിന് സഹായം പ്രതീക്ഷിക്കുന്നതായും പ്രമോദ് നാരായൺ പറഞ്ഞു.
ശ്രദ്ധേയമായി ആവിഷ്കാർ, ജ്വാല പദ്ധതികൾ
റാന്നിയിൽ സർക്കാർ പ്രഖ്യാപിച്ച സ്കിൽ ആൻഡ് ഇന്നവേഷൻ ഹബുമായി ബന്ധപ്പെട്ട് പദ്ധതിയുടെ ആസൂത്രണത്തിനായുള്ള പ്രവർത്തനം പൂർത്തിയാകുമ്പോൾ തന്നെ റാന്നിയിലെ എല്ലാ വിദ്യാലയങ്ങളെയും കോർത്തിണക്കി ഒരുവർഷത്തിനുള്ളിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നോളജ് വില്ലേജിെൻറ ഭാഗമായി നടത്തി. റാന്നിയിലെ സ്കൂൾ വിദ്യാർഥികളുടെ അഭിരുചികൾ അടയാളപ്പെടുത്തുന്ന ആപ്റ്റിറ്റ്യൂഡ് ആൻഡ് മാപ്പിങ്, കോവിഡ് കാലത്ത് വിദ്യാർഥികൾ അവരുടെ പഠനാനുഭവങ്ങളും കാഴ്ചകളും ഒപ്പിയെടുത്ത് രൂപം നൽകിയ കേരളത്തിലെ ആദ്യ ഇ-ബുക്ക് ആവിഷ്കാറിെൻറ പ്രകാശനം, ഗണിതത്തിൽ സ്കൂൾ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്ന ജ്വാല എന്ന പദ്ധതിയും ശ്രദ്ധേയമായി. ഒരു കോളജിലെ അധ്യാപകർ മറ്റൊരു കോളജിലെത്തി വിഷയങ്ങളും ആശയങ്ങളും കൈമാറ്റം ചെയ്യുന്ന ഇന്റർ ഡിസിപ്ലിനറി ലേണിങ് പദ്ധതി തുടങ്ങിയവയും റാന്നിയിൽ നടപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

