രാജ്യറാണിക്ക് തിരുവല്ലയിൽ സ്റ്റോപ് പുനഃസ്ഥാപിക്കും; കെ.എസ്.ആർ.ടി.സിയുമായി സഹകരിച്ച് ബസ് സർവിസ് ഏകോപിപ്പിക്കും
text_fieldsപത്തനംതിട്ട: നിലമ്പൂർ റോഡ്-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിന് (നമ്പർ 16350) തിരുവല്ലയിൽ സ്റ്റോപ് പുനഃസ്ഥാപിക്കും. രാത്രി 8.30ന് നിലമ്പൂർ റോഡിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ പുലർച്ച 2.30നാണ് തിരുവല്ല വഴി പോകുന്നത്. വടക്കോട്ടുള്ള യാത്രയിൽ രാജ്യറാണി എക്സ്പ്രസിന് തിരുവല്ലയിൽ സ്റ്റോപ്പുള്ളതാണ്. മടക്കയാത്രയിലെ സ്റ്റോപ് കോവിഡ് കാലത്ത് നിർത്തിയിരുന്നു. സമീപ സ്റ്റേഷനുകളായ ചങ്ങനാശ്ശേരിയിലും മാവേലിക്കരയിലും സ്റ്റോപ് പുനഃസ്ഥാപിച്ചെങ്കിലും തിരുവല്ലയെ അവഗണിച്ചു.
മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ്, മംഗലാപുരം- തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനുകൾക്കും തിരുവല്ലയിലെ സ്റ്റോപ് പുനഃസ്ഥാപിച്ചിട്ടില്ല. രണ്ട് ട്രെയിനുകൾക്കും വടക്കോട്ടുള്ള യാത്രയിൽ സ്റ്റോപ്പുള്ളതാണ്. നിലവിൽ തിരുവല്ലയിൽ സ്റ്റോപ് ഇല്ലാത്ത വന്ദേഭാരത് ഉൾപ്പെടെ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ് അനുവദിക്കണമെന്നതും റിസർവേഷൻ ക്വോട്ട വർധിപ്പിക്കണമെന്നുമുള്ള ആവശ്യം പരിഗണനയിലാണെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ തിരുവനന്തപുരത്ത് വിളിച്ച യോഗത്തിൽ അറിയിച്ചു. ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ല സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രധാന പ്രവേശന കവാടം, വിശാലമായ പാർക്കിങ് സൗകര്യങ്ങളോടെ നിർമാണം പൂർത്തിയായി വരുകയാണ്. രണ്ടാം പ്രവേശനപാതയുടെ സാധ്യതാപഠനം നടത്തും.
ശബരിമല തീർഥാടകരുടെ സൗകര്യാർഥം വിശ്രമ കേന്ദ്രങ്ങൾ, ഭക്ഷണ സൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പരിഗണിക്കും. പുലർച്ച തിരുവല്ലയിലൂടെ യാത്ര ചെയ്യുന്നവർക്ക് സ്ലീപ്പർ ക്ലാസിലേക്ക് ആവശ്യത്തിന് റിസർവേഷൻ ക്വോട്ട അനുവദിച്ചു. എ.സി റെസ്റ്റ്-ക്ലോക്ക് റൂമുകളിൽ യാത്രക്കാരുടെ എണ്ണം കൂടി വരുന്നതിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കും.
ടിക്കറ്റ് കൗണ്ടറിൽ വരുന്നവർക്ക് താൽക്കാലിക പാർക്കിങ് സംവിധാനം ഏർപ്പെടുത്തും, ഇരുചക്ര വാഹനങ്ങൾക്ക് പാർക്കിങ് ഫീസ് 10രൂപയും മുച്ചക്ര, നാലുചക്ര വാഹനങ്ങൾക്ക് 30 രൂപയും (രണ്ട് മണിക്കൂർവരെ) ഫീസ് ഈടാക്കും. റെയിൽവേ സ്റ്റേഷൻ പരിസരത്ത് കൂടുതൽ വൃക്ഷത്തൈകൾ നടുന്നതിന് നടപടി സ്വീകരിക്കും.
കെ.എസ്.ആർ.ടി.സിയുമായി സഹകരിച്ച് റെയിൽവേ സ്റ്റേഷനിൽനിന്ന് ബസ് സർവിസ് ഏകോപിപ്പിക്കും. അന്തർസംസ്ഥാന തൊഴിലാളികളുടെ സൗകര്യാർഥം വിവേക് എക്സ്പ്രസ് ഉൾപ്പെടെ എല്ലാ ദീർഘദൂര ട്രെയിനുകൾക്കും സ്റ്റോപ് അനുവദിക്കുന്ന കാര്യം പരിഗണിക്കും. മെമു റേക്കുകളുടെ അലോട്ട്മെന്റ് അനുസരിച്ച് മെമു ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നത് പരിഗണനയിലാണ്.
ഗുഡ്സ് ഷെഡിൽ തൊഴിലാളികൾക്കും സ്റ്റാഫിനും വേണ്ടതായ സൗകര്യം ഒരുക്കും. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ എസ്കലേറ്ററിന് സമീപം ഷെൽട്ടർ നിർമിക്കും. തപാൽ ഉരുപ്പടികളുടെ നീക്കം മെച്ചപ്പെടുത്താൻ ഇന്ത്യൻ പോസ്റ്റിന്റെ അഭ്യർഥനയുടെ അടിസ്ഥാനത്തിൽ റെയിൽ സർവിസ് പരിഗണിക്കും.
തിരുവല്ല റെയിൽവേ സ്റ്റേഷനിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ നൽകിയ എല്ലാ നിർദേശങ്ങളും റെയിൽവേ തത്ത്വത്തിൽ അംഗീകരിക്കുകയും ആവശ്യമായ ശിപാർശകൾ റെയിൽവേ ബോർഡിന് സമർപ്പിക്കുകയും ചെയ്യുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജറുടെ ഉറപ്പ് ലഭിച്ചതായും ആന്റോ ആന്റണി എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

