മഴ: അബാൻ ജങ്ഷനിൽ ദുരിതയാത്ര
text_fieldsപത്തനംതിട്ട അബാൻ മേൽപാലം
പത്തനംതിട്ട: മേൽപാലത്തിന്റെ നിർമാണം ഇഴയുന്നതിനൊപ്പം മഴകൂടി ശക്തിപ്പെട്ടതോടെ അബാൻ ജങ്ഷനിൽ യാത്രാദുരിതം. ഇതിനിടെ, അബാൻ മേൽപാലത്തിന്റെ സർവിസ് റോഡിന്റെ ഭാഗമായ സംരക്ഷണഭിത്തിയുടെ ഒരുഭാഗം ഇടിഞ്ഞുവീണത് ദുരിതം വർധിപ്പിച്ചു. ഇത് പ്രതിഷേധത്തിനും കാരണമാകുന്നുണ്ട്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിനും എസ്.പി ഓഫിസ് ജങ്ഷനും മധ്യേയുള്ള സ്ഥലത്തെ ഭിത്തിയാണ് മഴക്കിടെ തിങ്കളാഴ്ച വൈകീട്ട് തകർന്നത്. കരിങ്കൽ കെട്ട് പാടത്തേക്ക് പതിക്കുകയായിരുന്നു.
സംരക്ഷണ ഭിത്തിയുടെ അശാസ്ത്രീയമായ നിർമാണമാണ് തകർച്ചക്ക് ഇടയാക്കിയതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.വർഷങ്ങൾ കഴിഞ്ഞിട്ടും മേൽപാലം നിർമാണത്തിന്റെ പകുതി പണികൾ മാത്രമാണ് പൂർത്തിയായത്. ആകെയുള്ള 20 സ്പാനുകളിൽ ഒമ്പതെണ്ണം മാത്രമാണ് പൂർത്തിയായത്. 92 പൈലുകളിൽ 84 എണ്ണം നിർമിച്ചു. സർവിസ് റോഡ് നിർമിക്കാനുള്ള ഭൂമി ഏറ്റെടുക്കലും പൂർത്തിയായിട്ടില്ല.
അബാൻ ജങ്ഷനിലെ കെ.എസ്.ഇ.ബി പോസ്റ്റുകളും ട്രാൻസ്ഫോർമറും ട്രാൻസ്ഫോർമറും വൈദ്യുതി കമ്പികളും നേരത്തെ മാറ്റിയിരുന്നു. മേൽപാലത്തിന്റെ മുകൾഭാഗം പൂർണമായും വൈദ്യുതികമ്പി രഹിതമാക്കാനാണ് ഇങ്ങനെ മാറ്റിയത്. ഭൂഗർഭ കേബിളുകൾ വഴിയാണ് ഇപ്പോൾ മൂന്നര കിലോമീറ്ററോളം വൈദ്യുതി വിതരണം. 12 മീറ്റർ വീതിയിൽ മേൽപാലവും റോഡിന്റെ രണ്ട് വശത്തും 5.5 മീറ്റർ വീതിയിൽ സർവീസ് റോഡുമാണ് നിർമിക്കുന്നത്. കിഫ്ബി പദ്ധതിയിൽ 46.80 കോടിയാണ് നിർമാണചെലവ്. 2022 മാർച്ചിലാണ് പണികൾ തുടങ്ങിയത്.
18 മാസമെന്ന കാലാവധിയിൽ പൂർത്തീകരണമെന്ന വ്യവസ്ഥയിലാണ് മേൽപാലത്തിന്റെ നിർമാണ ചുമതല കരാറുകാരന് കൈമാറിയത്. എന്നാൽ, തൊഴിലാളി ദൗർലഭ്യമടക്കമുള്ള വിഷയങ്ങളിൽപ്പെട്ട് പണികൾ തടസ്സപ്പെട്ടു. പണികൾ ഇഴഞ്ഞ് നീങ്ങുന്നത് ഇവിടുത്തെ വ്യാപാരികളെയും കാര്യമായി ബാധിക്കുന്നുണ്ട്. പണികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ നിരവധി സമരങ്ങൾ നടത്തിയിട്ടും ഫലമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

