റേഡിയോ ശ്രീ ഇനി പത്തുലക്ഷം ശ്രോതാക്കളിലേക്ക്
text_fieldsകോട്ടയം: കുടുംബശ്രീയുടെ ഡിജിറ്റല്‍ ഓണ്‍ലൈന്‍ റേഡിയോ ‘റേഡിയോ ശ്രീ’ അടുത്ത മൂന്നുമാസത്തിനുള്ളില്‍ സംസ്ഥാനത്തെ പത്തുലക്ഷം ശ്രോതാക്കളിലേക്ക് എത്തും. ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം റേഡിയോശ്രീക്ക് അഞ്ചുലക്ഷം ശ്രോതാക്കളുണ്ട്. ഇതില്‍ ജില്ലയില്‍ മാത്രം പതിനയ്യായിരം പേരാണ് സ്ഥിരം ശ്രോതാക്കൾ. കുടുംബശ്രീയുടെ എ.ഡി.എസ്, സി.ഡി.എസ്, അയല്‍ക്കൂട്ട തലങ്ങളില്‍ നടക്കുന്ന പ്രധാന പരിപാടികളും വിശേഷങ്ങളും വാര്‍ത്താരൂപത്തില്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്. സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെയും സംരംഭകത്വ വിജയങ്ങളുടെയും പ്ലാറ്റ്ഫോമായി മാറിയിട്ടുണ്ട്.
അംഗങ്ങളുടെ രചനകള്‍, നാടകങ്ങള്‍, കവിതകള്‍, പ്രശസ്ത സംരംഭകരുമായുള്ള അഭിമുഖങ്ങള്‍, കര്‍ഷകര്‍ക്കും സംരംഭകര്‍ക്കുമായി സംഘടിപ്പിക്കുന്ന പരിശീലന ക്ലാസുകള്‍ എന്നിവയും റേഡിയോ ശ്രീയുടെ ആകര്‍ഷകത്വം കൂട്ടുന്നു. 2024 ജൂലൈ ഒന്നിന് പ്രക്ഷേപണം ആരംഭിച്ച റേഡിയോശ്രീ, നിലവില്‍ 24 മണിക്കൂറും നാല് ഷെഡ്യൂളുകളായി പ്രവര്‍ത്തിക്കുന്നു.
പ്രത്യേക പരിപാടികൾ
രാവിലെ ഏഴു മുതല്‍ ഉച്ചക്ക് ഒന്നു വരെ വരുന്ന ആദ്യ ഷെഡ്യൂളില്‍ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആറ് പ്രത്യേക പരിപാടികളാണ് പ്രക്ഷേപണം ചെയ്യുന്നത്. സിന്ദൂരച്ചെപ്പ്, കൂട്ടുകാരി, റേഡിയോ ശ്രീമതി, നാട്ടരങ്ങ്, സാഹിത്യോത്സവം, ഓഡിയോ ബുക്ക്. കൂടാതെ, ഓരോ ഷെഡ്യൂളിനും ഇടയില്‍ കുടുംബശ്രീയുടെ വിവിധ പദ്ധതികളും കാലാവസ്ഥ മുന്നറിയിപ്പുകളും ഉള്‍പ്പെടുന്ന അഞ്ച് മിനിറ്റിന്റെ വാര്‍ത്താസമാഹാരവും പ്രേക്ഷകര്‍ക്ക് ലഭ്യമാകും. റേഡിയോശ്രീ പ്ലേസ്റ്റോര്‍, ആപ്പ് സ്റ്റോര്‍, ഐ.ഒ.എസ്. സ്റ്റോര്‍ വഴി ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്പിലൂടെയും www.radioshree.com വെബ്സൈറ്റ് മുഖേനയും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

