പുനലൂർ-മൂവാറ്റുപുഴ പാത നിർമാണം; വൻ അഴിമതിയെന്ന് ഗവർണർക്ക് പരാതി
text_fieldsറാന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാത നിർമാണത്തിൽ അഴിമതിയും ക്രമക്കേടുമെന്ന് ഗവർണർക്ക് പരാതി. നാലു വർഷമായി വിജിലൻസ് അന്വേഷണം നടത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് റാന്നി മന്ദിരം മുരുത്തോംപതാലിൽ എം.ആർ അനിൽകുമാർ (അനിൽ കാറ്റാടിക്കൽ) ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന് നൽകിയ പരാതിയിൽ കുറ്റപ്പെടുത്തി.
ലോക ബാങ്ക് സഹായത്തോടെ നിർമാണത്തിലിരിക്കുന്ന പ്രധാന റോഡുകളിലൊന്നായ പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന ഹൈവേയുടെ പൊൻകുന്നം - പുനലൂർ ഭാഗം 82 കിലോമീറ്റർ നിർമിക്കാൻ 748.67 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്. ഇപ്പോൾ എസ്റ്റിമേറ്റ് തുക 850 കോടിയിലേറെ രൂപ ആയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കൽ അടക്കം 2000 കോടിയോളം രൂപയാണ് വിനിയോഗിക്കുന്നത്.
ശബരിമലയുടെ പേരിൽ നടക്കുന്ന ഈ പകൽക്കൊള്ളയിലൂടെ പൊതു ഖജനാവിന് 500 കോടിയിലേറെ രൂപ നഷ്ടമാകുമെന്നു പരാതിയിൽ ആരോപിക്കുന്നു. 2021 ഫെബ്രുവരിയിൽ കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടർക്ക് തട്ടിപ്പ് വിവരങ്ങൾ അക്കമിട്ടുനിരത്തി പരാതി നൽകിയതായും പൊൻകുന്നം ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനിയറുമായി വിവരങ്ങൾ പങ്കുവച്ചതായും അനിൽകുമാർ പറഞ്ഞു.
മാധ്യമങ്ങൾ വിവരങ്ങൾ പുറത്തുകൊണ്ടുവന്നതിനെ തുടർന്ന് 2021 ഏപ്രിലിൽ മന്ത്രി ജി.സുധാകരൻ ഇതിൽ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും നടപടിയുണ്ടായില്ല. പുതിയ പൊതുമരാമത്ത് മന്ത്രിയെ 2021 മെയിൽ ചാനൽ ലൈവ് പ്രോഗ്രാമിലൂടെ വിവരങ്ങൾ ധരിപ്പിച്ചു. എന്നിട്ടും ക്രമക്കേടുകൾ മുന്നോട്ടു പോയ സാഹചര്യത്തിൽ 2021 നവംബറിൽ 10 ന് വിജിലൻസ് മേധാവിക്ക് പരാതി നൽകി. പ്രാഥമിക പരിശോധന നടന്നെങ്കിലും സർക്കാർ അനുമതി ലഭിക്കാതിരുന്നതിനാൽ രണ്ടു വർഷത്തോളം അന്വേഷണം വൈകി. പിന്നീട്, വിജിലൻസ് പ്രത്യേകാന്വേഷണ സംഘം പരാതി ഏറ്റെടുത്തു. റാന്നി ചെത്തോങ്കരയിൽ പുതിയതായി നിർമിച്ച പാലത്തിന്റെ ഒരു ഭാഗം പൊട്ടി തകർന്നതായി അന്വേഷണത്തിൽ കണ്ടെത്തി. നടപടിയുണ്ടായില്ലെന്നു മാത്രം. മൂന്നു വർഷവും എട്ടു മാസവും ആയിട്ടും പ്രാഥമിക അന്വേഷണം പൂർത്തിയായില്ലെന്നാണ് 2025 ജൂണിലും വിജിലൻസ് രേഖാമൂലം അറിയിച്ചത്.
പ്രധാന പരാതികൾ
1. റോഡ് വികസനത്തിനു പൊന്നും വിലയ്ക്ക് സർക്കാർ ഏറ്റടുത്ത സ്ഥലം നിരവധി സ്ഥലങ്ങളിൽ ഒന്ന് മുതൽ 11 മീറ്റർ വരെ ഒഴിവാക്കി വീതി കുറച്ചാണു നിർമാണം നടത്തിയത്. 23.28 മീറ്റർ സ്ഥലം ഏറ്റെടുത്ത ഭാഗത്ത് 11.6 മീറ്ററിൽ റോഡ് നിർമിച്ച് ഇരു ഭാഗവും സ്വകാര്യ വ്യക്തികൾക്ക് മതിൽ നിർമിച്ചു നൽകിയിരിക്കുന്നു.
2. 82 കിലോമീറ്റർ റോഡിന് വീതി കൂട്ടാൻ എന്ന പേരിൽ സ്ഥലം ഏറ്റെടുത്തത് ഓരോ ഭാഗത്തും വ്യത്യസ്ത വീതിയിലാണ്.
3. റോഡ് പി.ബ്ല്യു..ഡി യിൽനിന്ന് കെ.എസ്.ടി.പി നിർമാണത്തിന് ഏറ്റെടുത്ത ശേഷം പരമ്പരാഗതമായി നീരോഴുക്കുള്ള നിരവധി തോടുകൾ കെട്ടിയടച്ച് കലുങ്കുകൾ ഒഴിവാക്കി. ഇതുവഴി കോടിക്കണക്കിന് രൂപയുടെ ലാഭമാണ് കരാറുകാരന് ഉണ്ടാവുന്നത്. (ഒരു കലുങ്കിനു ഏകദേശം 40 ലക്ഷം രൂപ വീതം). പരിസ്ഥിതി പ്രശ്നങ്ങൾക്കും ഇത് ഇടയാക്കിയേക്കും.
4. റാന്നിയിൽ ചൈനേജ് 53.940 ആൻഡ് 57.940 ൽ നിർമിക്കേണ്ട രണ്ടു പാർക്കിങ് ഏരിയ നിർമിച്ചിട്ടില്ല.
5. പ്ലാച്ചേരി മുതൽ കോന്നി വരെ 30 കിലോമീറ്റർ സ്ഥലത്തുനിന്ന് മാത്രം കോടിക്കണക്കിന് രൂപയുടെ കല്ലും മണ്ണുമാണ് കരാറുകാരൻ പണികൾക്ക് സൗജന്യമായി ഉപയോഗിക്കുന്നത്. ഇവ ഉപയോഗിച്ച നിർമിക്കുന്ന പാർശ്വഭിത്തിക്ക് മാത്രം 45.6 കോടി രൂപ നൽകിയിട്ടുണ്ട്. മണ്ണും കല്ലും നീക്കം ചെയ്യുന്നതിന് 7.5 കോടി രൂപ അധികമായി നൽകി. ഈ മണ്ണ് ലക്ഷങ്ങൾ വാങ്ങി താഴ്ന്ന സ്ഥലങ്ങളും വയലുകളും നികത്തി കൊടുക്കുക വഴിയും കോടികളുടെ നഷ്ടമുണ്ടായി. റാന്നി - ഉതിമൂട് ജങ്ഷൻ മുതൽ പ്ലാച്ചേരി വരെ വ്യാപകമായി ഇങ്ങനെ ചെയ്തിട്ടുണ്ട്.
6. മണ്ണാരക്കുളഞ്ഞി മാർക്കറ്റിനു സമീപം യാർഡിൽ സൂക്ഷിച്ചിരുന്ന സർക്കാർ ഉടമസ്ഥതയിലുള്ള കോടിക്കണക്കിനു രൂപയുടെ മണ്ണ് സ്വകാര്യ വ്യക്തി കൈയേറി സ്വന്തമാക്കിയിട്ടും നടപടിയുണ്ടായിട്ടില്ല.
7. റാന്നി - ഉതിമൂട്ടിൽ വലിയ കലുങ്കു ഭാഗത്ത് മേൽപാലമില്ലാതെ പമ്പ ജലസേചന പദ്ധതിയുടെ കനാൽ പാലമുള്ള ഭാഗത്തു റോഡ്, കനാലിന് തഴെക്കൂടി നിർമിക്കുന്നത് കാരണം ഉയരമുള്ള വാഹനങ്ങൾക്കു കടന്നുപോകാൻ തടസ്സം ഉണ്ടാവുകയും റോഡ് തന്നെ അപ്രസക്തമാവുകയും ചെയ്യും.
8. നിർമാണം ഇനിയും പൂർണമാവാഞ്ഞിട്ടും വർഷങ്ങൾക്കു മുൻപ് തന്നെ കെ.എസ്.ടി.പി കംപ്ലീഷൻ സിർട്ടിഫിക്കറ്റ് നൽകി കരാറുകാർക്ക് മുഴുവൻ പണവും കൈപ്പറ്റാൻ അവസരം ഉണ്ടാക്കി.
9. കരാർ കമ്പനിക്ക് പ്ലാനിൽ മാറ്റം വരുത്താൻ അധികാരം നൽകിയിരിക്കുന്നതിനാൽ( ഇ.പി.സി കരാർ എന്ന പേരിൽ ) അവർ നിർമാണ പ്രവർത്തനങ്ങളിൽ സ്വന്തം താല്പര്യം മാത്രം സംരക്ഷിച്ചു വൻ സാമ്പത്തിക ലാഭം ഉണ്ടാക്കുന്നു. അഡീഷനൽ ജോലികളുടെ പേരിൽ ഇനിയും കരാർ തുക വൻ തോതിൽ ഉയർത്താനും കഴിയും.
10. പ്ലാച്ചേരി - കോന്നി റീച്ചിൽ 30 കിലോമീറ്ററിൽ മാത്രം 27 ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ നിർമിക്കാൻ 2.24 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എന്നാൽ, കരാറിൽ പറയുന്ന ഒരു സൗകര്യങ്ങളും ഏർപ്പെടുത്താതെയാണ് ഇവയുടെ നിർമാണം. പല സ്ഥലത്തും ബസ് വേ നിർമിച്ചിട്ടില്ല. നിലവിലെ റോഡിൽനിന്ന് ഉയർത്തി നിർമിക്കേണ്ട റാന്നി പാലം മുതൽ പഴവങ്ങാടി സ്കൂൾ വരെ ഭാഗം താഴ്ത്തി തന്നെയാണു പണിതത്. അശാസ്ത്രീയമായ ഓട നിർമാണം കാരണം മഴ പെയ്താൽ റോഡിൽ വെള്ളക്കെട്ട് ആകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

