ബലക്ഷയമുള്ള കൽക്കെട്ടിന് മുകളിലെ നിർമിതികൾ പൊളിച്ചുനീക്കാൻ നിർദേശം
text_fieldsറാന്നി എസ്.സി സ്കൂൾപടിയിൽ വിവാദമായ റോഡ് സംരക്ഷണ കെട്ട് എം.എൽ.എ പ്രമോദ്
നാരായൺ സന്ദർശിക്കുന്നു
റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാത നിർമാണവുമായി ബന്ധപ്പെട്ട് എസ്.സി സ്കൂളിന്റെ മുൻവശത്ത് ബലക്ഷയം നേരിടുന്ന പഴയ കൽക്കെട്ടിന് മുകളിൽ കോൺക്രീറ്റിങ് നടത്തിയുള്ള പ്രവൃത്തികൾ പൊളിച്ചുമാറ്റി പുതിയ കെട്ട് നിർമിക്കാൻ അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ നിർദേശം നൽകി. ഇത് സംബന്ധിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു. ഇതേതുടർന്നാണ് എം.എൽ.എയും സംഘവും പരിശോധന നടത്തിയത്.
സ്കൂളിന് മുന്നിലെ റോഡിന്റെ ഇടുങ്ങിയ ഭാഗം വീതികൂട്ടി നിർമിക്കുന്നതിന് കെ.എസ്.ടി.പി അധികൃതർ, കൺസൾട്ടന്റ് എന്നിവരോടൊപ്പം പ്രത്യേക സാങ്കേതിക വിദഗ്ധനും സംയുക്തമായി സ്ഥലപരിശോധന നടത്തി നിർമാണം നടത്താനും എം.എൽ.എ നിർദേശിച്ചു.
2018ലെ പ്രളയത്തിൽ തോടിന്റെ വശം കെട്ടിയിരുന്ന ഭിത്തി അടിയിലെ കല്ലുകള്‍ ഇളകി ബലക്ഷയം സംഭവിച്ചു. ഈ കെട്ടിന് മുകളിലായാണ് റോഡ് നിര്‍മാണ കമ്പനി പുതിയ നിർമാണം നടത്തിയത്. ചെത്തോങ്കര എസ്.സി സ്കൂള്‍പടിയിൽ നിന്നിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രം കഴിഞ്ഞദിവസം പൊളിച്ചുനീക്കിയിരുന്നു. ഈ സ്ഥലത്ത് ഇപ്പോള്‍ കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിച്ചതാണ് വിവാദമായത്.
കെ.എസ്.ടി.പി അധികൃതരുടെ സാന്നിധ്യമില്ലാതെയുള്ള ഇത്തരം നിര്‍മാണം ആദ്യം മുതലെയുണ്ടെന്ന് പരാതിയുണ്ടായിരുന്നു. പലയിടങ്ങളിലും ഇത്തരം നിലവാരമില്ലാത്ത നിര്‍മാണങ്ങള്‍ ഉണ്ടെന്ന ആക്ഷേപമുണ്ടായിട്ടും അധികൃതര്‍ ഗൗനിച്ചില്ല.
എം.എൽ.എയോടോപ്പം കെ. എസ്.ടി.പി ഉദ്യോഗസ്ഥരും സ്ഥലപരിശോധനക്ക് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

