അധ്യക്ഷ സ്ഥാനം; ചർച്ച തകൃതി
text_fieldsനഗരസഭ; അടൂരിൽ റീനക്ക് മുൻഗണന
അടൂർ: നഗരസഭ അധ്യക്ഷസ്ഥാനം സംബന്ധിച്ച് കോൺഗ്രസിൽ ചർച്ച സജീവം. 13ാം വാർഡിൽനിന്ന് ജയിച്ച റീന ശമുവേലാണ് സാധ്യത പട്ടികയിൽ മുന്നിൽ. ഇത്തവണ നഗരസഭ അധ്യക്ഷസ്ഥാനം വനിതക്കാണ്. വനിത കൗൺസിലർമാരിൽ ഏറ്റവും സീനിയറായ റീന ശമുവേലിന്റെ നാലാം വിജയമാണ് ഇത്തവണത്തേത്. അഡ്വ. പ്രീതു ജഗതി, അഡ്വ. ലിനറ്റ് മെറിൻ എബ്രഹാം എന്നിവരുടെ പേരുകളും ചർച്ചയിലുണ്ടെങ്കിലും റീനക്ക് നറുക്ക് വീഴുമെന്നാണ് സൂചന. വൈസ് ചെയർമാനായി ഡി. ശശികുമാറിനാണ് സാധ്യത. കഴിഞ്ഞ കൗൺസിലിൽ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡറായിരുന്നു ശശികുമാർ.
ഗ്രാമപഞ്ചായത്ത്; കോയിപ്രത്ത് യു.ഡി.എഫിന് തലവേദന
കോഴഞ്ചേരി: ഗ്രാമപഞ്ചായത്തുകളിൽ അധ്യക്ഷ ചർച്ച സജീവം. കോയിപ്രം പഞ്ചായത്ത് ഭരണം യു.ഡി.എഫ് ഉറപ്പിച്ചതിന് പിന്നാലെ, കോണ്‍ഗ്രസില്‍നിന്ന് ജയിച്ച എഴുപേരില്‍ നാലുപേരും പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ട് രംഗത്തെത്തിയത് യു.ഡി.എഫിന് തലവേദനയായിട്ടുമുണ്ട്. ഇവിടെ ജനറൽ വിഭാഗത്തിനാണ് പ്രസിഡന്റ് സ്ഥാനം. റോയി ഈപ്പന് പരപ്പുഴ, വര്‍ഗീസ് ഈപ്പന്, തോമസ് ജേക്കബ്, എ.കെ. സോമൻ തുടങ്ങിയവരാണ് പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് രംഗത്തുള്ളത്. നാലുപേരും വീട്ടുവീഴ്ചക്ക് തയാറാകില്ലെന്ന സൂചന പുറത്തുവന്നതോടെ പ്രഡിഡന്റ് പദവി വീതം വെക്കണമെന്ന നിർദേശം പഞ്ചായത്ത് തലത്തിൽ ഉയർന്നിട്ടുണ്ട്. ജില്ല കോൺഗ്രസ് നേതൃത്വത്തിന് ഇതിനോട് താൽപര്യം പ്രകടിപ്പിച്ചിട്ടില്ല.
ആകെയുള്ള 18 വാര്‍ഡില്‍ യു.ഡി.എഫ് -എഴ്, എല്‍.ഡി.എഫ് -അഞ്ച്, ബി.ജെ.പി -അഞ്ച്, എല്‍.ഡി.എഫ് വിമതന് -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. എൽ.ഡി.എഫ് വിമതന്റെ പിന്തുണ യു.ഡി.എഫ് തേടിയിട്ടുണ്ട്. എൽ.ഡി.എഫും ബി.ജെ.പിയും യോജിക്കാൻ സാധ്യതയില്ലാത്തതിനാൽ ഭരണം ലഭിക്കുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ.
ചെറുകോലിൽ അജീന
ചെറുകോൽ: ബി.ജെ.പിയിൽനിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്ത ചെറുകോല്‍ പഞ്ചായത്തിൽ അജീന പ്രസിഡന്റായേക്കും. പ്രസിഡന്റ് സ്ഥാനം വനിത സംവരണമായ ഇവിടെ സി.പി.എം ചെറുകോല്‍ ലോക്കല്‍ കമ്മിറ്റി അംഗം അജീനക്കാണ് സാധ്യത. അന്തിമതീരുമാനം അംഗങ്ങളുടെ സത്യപ്രതിജഞക്കുശേഷമേ ഉണ്ടാകൂ. മറ്റ് ചില പേരുകളും സി.പി.എമ്മിന്റെ പരിഗണനയിലുണ്ട്. ആകെയുള്ള 14 വാര്‍ഡില്‍ എല്‍.ഡി.എഫ് -ഏഴ്, ബി.ജെ.പി -അഞ്ച്, യു.ഡി.എഫ് -രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.
നാരങ്ങാനത്ത് നറുക്കെടുപ്പിന് സാധ്യത
നാരങ്ങാനം: എൽ.ഡി.എഫിന് ഭരണം നഷ്ടപ്പെട്ട നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ നറുക്കെടുപ്പിലൂടെ തീരുമാനിക്കാൻ സാധ്യത. ആറ് സീറ്റ് വീതം നേടിയ യു.ഡി.എഫും ബി.ജെ.പിയുമാണ് അധികാരത്തിനായി മത്സരിക്കുന്നത്. എൽ.ഡി.എഫിന് രണ്ട് അംഗങ്ങളാണുള്ളത്.
യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർഥി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ആലുങ്കൽ വാർഡിൽനിന്ന് വിജയിച്ച വി.പി. മനോജ്കുമാറായിരിക്കുമെന്നാണ് വിവരം. ബി.ജെ.പിയിൽ അന്തിമതീരുമാനമായിട്ടില്ല. അധ്യക്ഷ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അഗങ്ങൾ വിട്ടുനിൽക്കാനാണ് സാധ്യത. ഇതോടെ മത്സരം നറുക്കിലേക്ക് മാറും.
കോഴഞ്ചേരിയിൽ ജോമോന് പുതുപ്പറമ്പിലിന് മുൻതൂക്കം
കോഴഞ്ചേരി: കേവല ഭൂരിപക്ഷമില്ലെങ്കിലും കോഴഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഭരണം നിലനിർത്താമെന്ന പ്രതീക്ഷയിൽ യു.ഡി.എഫ്. 14 വാര്‍ഡുകളില്‍ യു.ഡി.എഫ് -ആറ്, എല്‍.ഡി.എഫ് -അഞ്ച്, ബി.ജെ.പി -രണ്ട്, സ്വതന്ത്രന് -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. സ്വതന്ത്രന്റെ പിന്തുണ ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് യു.ഡി.എഫ്.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായ തെക്കേമല ഒമ്പതാം വാര്‍ഡില്‍നിന്ന് വിജയിച്ച ജോമോന് പുതുപ്പറമ്പിലാകും കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാർഥി. രണ്ടാംതവണയാണ് ഇദ്ദേഹം ഗ്രാമപഞ്ചായത്ത് അംഗമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

