കോഴിത്തീറ്റ വില പറന്നുയരുന്നു; ചെറുകിട ഫാമുകള്‍ പ്രതിസന്ധിയിൽ
text_fieldsപത്തനംതിട്ട: കോഴിത്തീറ്റയുടെ വില നാൾക്കുനാൾ കുതിച്ചുയരുന്നു. ഇത് നാട്ടിന്‍പുറങ്ങളിലെ ചെറുകിട കോഴി ഫാമുകളുടെ പ്രവർത്തനം പ്രതിസന്ധിയിലാക്കുന്നു. ആറ് മാസത്തിനിടെ വില ക്രമാതീതമായി വര്‍ധിച്ചതോടെ ജില്ലയിൽ 1600 ഓളം ഫാമുകള്‍ അടച്ചുപൂട്ടിയതായാണ് കണക്ക്.
ജില്ലയില്‍ 4000 കോഴി ഫാമുകള്‍ ഉണ്ടെന്നാണ് കണക്ക്. മുട്ടക്കോഴികളെ വളര്‍ത്തുന്ന ഫാമുകളാണ് ഇവയിലേറെയും. ഒരു ചാക്ക് തീറ്റക്ക് 1300 ല്‍നിന്ന് 2550 രൂപ വരെയാണ് ഉയര്‍ന്നത്. ചെറുകിട കച്ചവടക്കാര്‍ 33 മുതല്‍ 35 രൂപ വരെയാണ് ഒരുകിലോ തീറ്റക്ക് ഈടാക്കുന്നത്. വിരിയിച്ചെടുക്കാനുള്ള മുട്ട, കോഴിക്കുഞ്ഞ് എന്നിവയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. 16-20 രൂപയുണ്ടായിരുന്ന കുഞ്ഞുങ്ങള്‍ക്ക് ഇപ്പോള്‍ 35-40 രൂപ നല്‍കണം. വരും ദിവസങ്ങളില്‍ കോഴിത്തീറ്റയുടെ വില വീണ്ടും ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. കോഴിക്ക് വിവിധ പ്രായങ്ങളില്‍ നല്‍കുന്ന എല്ലാ തീറ്റകള്‍ക്കും ദിവസേന വില കുതിച്ചുയരുകയാണ്. തീറ്റക്ക് വില കുറഞ്ഞില്ലെങ്കില്‍ കൂടുതല്‍ ഫാമുകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് ഫാമുകൾ നടത്തുന്ന കര്‍ഷകര്‍ പറയുന്നു.
ഗതാഗത ചെലവ്, ചില്ലറ കച്ചവടക്കാരുടെ ലാഭവിഹിതം, മാലിന്യം നീക്കം ചെയ്യുന്നതിന് നല്‍കുന്ന തുക, ജീവനക്കാരുടെ ശമ്പളം, വൈദ്യുതി നിരക്ക് എന്നിങ്ങനെ നിരവധി ചെലവുകളുടെ കണക്കാണ് കര്‍ഷകരുടെ മുന്നിലുള്ളത്.
നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളായ ചോളം, സോയാബീന്‍ എന്നിവയുടെ വില കൂടിയതാണ് കോഴിത്തീറ്റയുടെ വിലവർധനക്ക് കാരണമെന്നാണ് തീറ്റ നിർമാണ കമ്പനികൾ പറയുന്നത്. വന്‍കിട കോഴി ലോബികളുടെ ഇടപെടലുകളും തീറ്റയുടെ വിലവർധനക്ക് പിന്നിലുണ്ടെന്ന് കർഷകർ പറയുന്നു. ഇവിടുത്തെ കോഴിഫാമുകളെ പ്രതിസന്ധിയിലാക്കി കോഴി, മുട്ട വിപണി തമിഴ്നാട് കേന്ദ്രീകരിച്ചുള്ള വൻകിട കമ്പനികൾക്ക് കൈയടക്കാനാണ് വിലവർധനയെന്നും ആരോപിക്കുന്നു. അതിനുള്ള ഇടപെടലുകൾ കമ്പനികളിൽ നിന്നുണ്ടാകുന്നു എന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു. ഭൂരിഭാഗം ഫാമുകളുടെയും നിയന്ത്രണം തമിഴ്നാട് ലോബികളുടെ കൈകളിലാണ്. കോഴിക്കുഞ്ഞുങ്ങളുടെ പരിചരണം കഴിഞ്ഞ് അതത് ഏജന്‍സികള്‍ക്ക് കൈമാറുമ്പോള്‍ വലിയ നഷ്ടമാണ് സംഭവിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. വിപണി വിലയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടായാലും ഫാമുകളിലെ വില നിശ്ചയിക്കുന്നത് വന്‍കിട ലോബികളാണ്. 95 രൂപ വരെ ഒരു കോഴിക്ക് ചെലവ് വരുമ്പോള്‍ വന്‍കിട ഏജന്‍സികള്‍ എത്തി ഇതിലും താഴ്ന്ന വിലക്കാണ് കോഴികളെ വാങ്ങുന്നത്. ഈ ഏജന്‍സികള്‍ വിപണിയില്‍ ഉയര്‍ന്ന വിലക്ക് വില്‍ക്കുകയും ചെയ്യും.
തമിഴ്നാട്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നുള്ള തീറ്റയാണ് ജില്ലയിലെ ഭൂരിഭാഗം കര്‍ഷകരും ഉപയോഗിക്കുന്നത്. പകരം തദ്ദേശീയമായി കോഴിത്തീറ്റ ഉൽപാദനം ഉണ്ടാകണമെന്നാണ് കോഴി കർഷകരുടെ ആവശ്യം. പ്രശ്നത്തില്‍ സര്‍ക്കാറിെൻറ അടിയന്തര ഇടപെടല്‍ വേണമെന്നും സബ്സിഡി ലഭ്യമാക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

