ജില്ലയിൽ പോളിങ് ഇടിഞ്ഞു
text_fieldsതിരുവല്ല തുകലശ്ശേരി സി.എം.എസ് ഹൈസ്കൂളിലെ ബൂത്തിൽ വോട്ടുചെയ്യാൻ കാത്തുനിൽക്കുന്നവർ
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ 66.78 ശതമാനം പോളിങ്. ആകെയുള്ള 10,62,756 വോട്ടര്‍മാരില്‍ 7,09,695 പേര് വോട്ട് ചെയ്തു. 3,30, 212 പുരുഷൻമാരും 3,79, 482 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറുമാണ് വോട്ട് രേഖപ്പെടുത്തിയത്. അടൂര്‍ -64, പത്തനംതിട്ട -67.87, തിരുവല്ല -60.83, പന്തളം -71.28 എന്നിങ്ങനെയാണ് നഗരസഭകളിലെ വോട്ടിങ് ശതമാനം. പുളിക്കീഴ് ബ്ലോക്കില്‍ 66.75 ശതമാനം പേരാണ് വോട്ട് ചെയ്തത്. മല്ലപ്പള്ളി -66.94, കോയിപ്രം 64.15, റാന്നി -66.24, ഇലന്തൂര്‍ -66.69, പറക്കോട് - 68.25, പന്തളം -68.66, കോന്നി -67.53 എന്നിങ്ങനെയാണ് മറ്റ് ബ്ലോക്കുകളിലെ പോളിങ് ശതമാനം. അന്തിമ കണക്കെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ഇതില്‍ നേരിയ വ്യതിയാനമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
വാശിയേറി പോരാട്ടം നടന്നിട്ടും കഴിഞ്ഞ തവണത്തെക്കാൾ പോളിങ് ശതമാനം കുറഞ്ഞത് മുന്നണികളെ ഞെട്ടിച്ചു. ഇത്തവണ പോളിങ് ശതമാനത്തിൽ വർധനയുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. അന്തിമവോട്ടർപട്ടികയെന്ന പേരിൽ തെരഞ്ഞെടുപ്പ് കമീഷൻ ഒക്ടോബറിൽ പുറത്തിറക്കിയ പട്ടികയിൽ അപാകത കണ്ടതോടെ വീണ്ടും പുതുക്കി ഇറക്കുകയായിരുന്നു. ഇതിൽ മരിച്ചവരിൽ നല്ലൊരുപങ്കിനെയും ഒഴിവാക്കിയിരുന്നു. എന്നാൽ, രാഷ്ട്രീയ നേതൃത്വങ്ങളുടെ വിലയിരുത്തലുകൾ തെറ്റിച്ച് മൂന്ന് ശതമാനത്തോളമാണ് ഇത്തവണ കുറഞ്ഞത്.
2020ൽ 69.72ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. അന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു തെരഞ്ഞെടുപ്പും വോട്ടെടുപ്പും നടന്നത്. അന്ന് മൊത്തമുണ്ടായിരുന്ന 10,78,647 വോട്ടർമാരിൽ 7,50,216 പേരാണ് ബൂത്തിലെത്തിയത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 69.7 ശതമാനവും നഗരസഭകളിൽ 69.83 ശതമാനവും പോളിങ് നടന്നു. പുരുഷ വോട്ടർമാരിൽ 70.73 ശതമാനവും സ്ത്രീകളിൽ 68.85 ശതമാനവും പോളിങ് ബൂത്തുകളിലെത്തി. 2015ൽ 72.15 ശതമാനമായിരുന്നു ജില്ലയിലെ തദ്ദേശ പോളിങ്. പഞ്ചായത്തുകളിൽ 72.89 ശതമാനവും നഗരസഭകളിൽ 72.14 ശതമാനവും വോട്ടർമാർ ബൂത്തുകളിലെത്തി. എന്നാൽ, ഇതിലേക്ക് എത്താൻ ഇത്തവണ കഴിഞ്ഞില്ല.
വോട്ടർ പട്ടികയിൽ പേരുള്ളവരിൽ വലിയൊരു വിഭാഗം വിദേശത്താണെന്നതാണ് പോളിങ് കുറയാൻ കാരണമായി മുന്നണികൾ വിലയിരുത്തുന്നത്. കഴിഞ്ഞ തവണ സംസ്ഥാനത്ത് ഏറ്റവും കുറവ് പോളിങ് നടന്നത് പത്തനംതിട്ടയിലായിരുന്നു. അതിനിടെ, കടമ്പനാട് പഞ്ചായത്ത് വാർഡ് രണ്ടിൽ പോൾ ചെയ്തതിനേക്കാൾ കൂടുതൽ വോട്ടുകൾ യന്ത്രത്തിൽ കാണിച്ചതായും പരാതി ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

