അടൂർ പൊലീസ് സ്റ്റേഷനിൽ ജനപ്രതിനിധികളുടെ അതിക്രമം; അന്വേഷണം തുടങ്ങി
text_fieldsശ്രീനാദേവി കുഞ്ഞമ്മ അടൂർ പൊലീസ് സ്റ്റേഷനിൽ ലോക്കപ്പിലെ പ്രതിയുമായി സംസാരിച്ച ശേഷം പുറത്തേക്ക് വരുന്നു
പത്തനംതിട്ട: അറസ്റ്റിലായ യുട്യൂബർക്ക് മർദനമേറ്റതടക്കം അടൂർ പൊലീസ് സ്റ്റേഷനിൽ ജനപ്രതിനിധികളുടെ അതിക്രമം സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. സംഭവം ഗൗരവമുള്ളതാണെന്ന് പറഞ്ഞ ഡി.ജി.പി റവഡാ ചന്ദ്രശേഖർ ജില്ല പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. പൊലീസുകാരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായോ എന്നതടക്കം പരിശോധിച്ച് ആവശ്യമായ തിരുത്തൽ നടപടി സ്വീകരിക്കുമെന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയനും വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് സംഭവത്തിൽ അടൂർ ഡിവൈ.എസ്.പി കെ.വി. വിനോദിന്‍റെ മേൽനോട്ടത്തിൽ സി.ഐ ആർ. രാജീവ് വിശദമായ അന്വേഷണം ആരംഭിച്ചത്. ഡി.ജി.പിക്ക് റിപ്പോർട്ട് നൽകുന്നതിന്‍റെ ഭാഗമായി എസ്.പിയുടെ നിർദേശപ്രകാരം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി കാര്യങ്ങൾ പരിശോധിച്ചുവരുകയാണ്.
സംഭവത്തിൽ കണ്ടാലറിയുന്ന 20 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. ഇപ്പോൾ വിവാദത്തിലായ ജില്ല പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ, യൂത്ത് കോൺഗ്രസ് നേതാവ് ഫെനി നൈനാൻ എന്നിവരുടെ സാന്നിധ്യം സംബന്ധിച്ച് വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും ഇവരുടെ പേരുകൾ എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിരുന്നില്ല. കണ്ടാലറിയുന്ന പ്രതികളെ സംബന്ധിച്ച് തുടരന്വേഷണവും ഉണ്ടായില്ല. ഇപ്പോൾ സംഭവദിവസത്തെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിശദമായ പരിശോധനക്ക് പൊലീസ് നിർബന്ധിതമായിരിക്കുന്നത്.
വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ സി.പി.എം ഏരിയ സെക്രട്ടറിക്ക് ലഭിച്ച പൊലീസ് സ്റ്റേഷനിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സി.സി.ടി.വി ദൃശ്യത്തിന്‍റെ പശ്ചാത്തലത്തിൽ പ്രതി ഹൈകോടതിയെ സമീപിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, വീഴ്ചകൾ പരിഹരിക്കാൻ പൊലീസ് നിർബന്ധിതമായിരിക്കുകയാണ്. നടപടികൾ ഉണ്ടാകുന്നതുവരെ വിഷയം ഉയർത്തി സമരപരിപാടികളുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ് സി.പി.എം. ഇതിന്‍റെ ഭാഗമായി അടൂരിൽ ഈ മാസം ഒമ്പതിന് പ്രതിഷേധ സംഗമം സംഘടിപ്പിക്കും.

