മാല പൊട്ടിച്ച് ‘പമ്പ കടക്കാൻ’ നോക്കി; പൊലീസ് ആറ്റിൽ ചാടി പ്രതിയെ പിടിച്ചു
text_fieldsരാജേഷ് കുമാർ
ആറന്മുള: വീട്ടമ്മയുടെ മൂന്നു പവനിലധികം വരുന്ന സ്വർണമാലയും താലിയും പൊട്ടിച്ചെടുത്ത് ഓടുന്നതിനിടെ രക്ഷപ്പെടാനായി പമ്പയാറ്റിൽ ചാടിയ പ്രതിയെ പിന്നാലെ ആറ്റിൽ ചാടി ആറന്മുള പൊലീസ് പിടികൂടി. ആറന്മുള കുഴിക്കാല സ്വദേശി കുറുന്താർ കാവിന് മേലേതിൽ വീട്ടിൽ രാജേഷ് കുമാർ (36)നെയാണ് ആറന്മുള പൊലീസ് സ്റ്റേഷനിലെ കിരൺ, ആകേഷ് എന്നീ പൊലീസ് ഉദ്യോഗസ്ഥർ ജീവൻ പണയംവെച്ച് പമ്പയാറ്റിൽ ചാടി പിടികൂടി കസ്റ്റഡിയിൽ എടുത്തത്.
ആറന്മുള വഞ്ചിത്ര സ്വദേശിനി മേലകത്തിൽ തുണ്ടിയിൽ വീട്ടിൽ പ്രസന്ന (62)യുടെ മാലയാണ് പ്രതി അപഹരിച്ചത്. ശനിയാഴ്ച വൈകീട്ട് വീടിന്റെ ഗേറ്റ് അടക്കുന്നതിനായി മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ പതുങ്ങിയിരുന്ന പ്രതി സ്വർണമാല പൊട്ടിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.
നാട്ടുകാർ പെട്ടെന്ന് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതനുസരിച്ച് എസ്.ഐ ആഷിൽ രവിയുടെ നേതൃത്വത്തിൽ ഉടൻതന്നെ പൊലീസ് എത്തിയെങ്കിലും ഇയാൾ സമീപത്തെ മുളങ്കാട്ടിൽ ഒളിച്ചു. പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ പ്രതി മുളങ്കാട്ടിൽനിന്നും പമ്പയാറ്റിൽ ചാടി നീന്തി രക്ഷപ്പെടാൻ ശ്രമിച്ചു.
പൊലീസ് ഉദ്യോഗസ്ഥർ പിന്നാലെ ചാടി ആറിന് നടുവിൽനിന്ന് ഇയാളെ കരക്ക് എത്തിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എസ്.ഐയുടെ കാലിന് പരിക്കേൽക്കുകയും ചെയ്തു. ഏറെനേരം പണിപ്പെട്ട് പ്രതിയെ സ്റ്റേഷനിൽ എത്തിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

