വിവാഹ സംഘത്തിന് പൊലീസ് മർദനമേറ്റ സംഭവം: കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി
text_fieldsപത്തനംതിട്ട: നഗരത്തിൽ വിവാഹ സംഘത്തെ മർദ്ദിച്ച പെലീസ് അതിക്രമവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറി. ഫെബ്രുവരി നാലിന് അബാൻ ജങ്ഷനിൽ സ്ത്രീകൾ ഉൾപ്പെട്ട വിവാഹ സംഘത്തിന് പൊലീസ് മർദ്ദനമേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ചെയ്ത രണ്ടുകേസാണ് ക്രൈംബ്രാഞ്ചിന് വിട്ടത്.
ജില്ല ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്പിയാണ് അന്വേഷണസംഘത്തിന്റെ തലവന്‍. അബാൻ ജങ്ഷന് സമീപത്തെ ബാര്‍ ജീവനക്കാരെ അസഭ്യം പറയുകയും ബാറിന് പുറത്ത് സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തെന്നാണ് ഒരു കേസ്. ബാറിന് പുറത്ത് ലാത്തിച്ചാര്‍ജും അതിക്രമവും നടത്തിയതുമായി ബന്ധപ്പെട്ടാണ് രണ്ടാമത്തെ കേസ്.
ആദ്യത്തെ കേസില്‍ കണ്ടാലറിയാവുന്ന പത്തുപേര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളതെങ്കില് രണ്ടാമത്തെ കേസില്‍ നിലവില്‍ സസ്പെന്‍ഷനിലുള്ള എസ്.ഐ ജിനുവും മറ്റ് രണ്ട് പൊലീസുകാരുമാണ് പ്രതികൾ.
കേസ് മറ്റ് ഏജന്‍സികള്‍ക്ക് കൈമാറണമെന്ന ഉള്ളടക്കത്തോടുകൂടിയ റിപ്പോര്‍ട്ട് പത്തനംതിട്ട ഡി.വൈ.എസ്.പി നന്ദകുമാര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അടുത്തിടെ കൈമാറിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഫെബ്രുവരി നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹ സത്കാരം കഴിഞ്ഞ് അടൂരിൽ നിന്ന് മടങ്ങുന്നതിനിടെ രാത്രി 11ഓടെ പത്തനംതിട്ടയിൽ വാഹനം നിര്‍ത്തി വിശ്രമിക്കുകയായിരുന്ന സംഘത്തിന് നേരെ പൊലീസ് അകാരണമായി ലാത്തിവീശുകയായിരുന്നുവെന്നാണ് പരാതി. ഇതില്‍ ചിലര്‍ക്ക് തലക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്. സ്ത്രീകള്‍ അടക്കമുള്ളവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
ബാറിന്റെ പ്രവര്‍ത്തനസമയം കഴിഞ്ഞ് രാത്രി അടയ്ക്കാന്‍ നേരം മദ്യം ആവശ്യപ്പെട്ട് ഒരു സംഘം ആളുകള്‍ വന്നുവെന്നാണ് ബാര്‍ ജീവനക്കാരന് പറഞ്ഞത്. തുടർന്ന് ഈ ചെറുപ്പക്കാര്‍ ബാറിന്റെ ചില്ലുവാതിലിലും മറ്റും ശക്തമായി അടിക്കുകയും ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ബാര്‍ ജീവനക്കാര്‍ പൊലീസിനെ വിവരമറിയിച്ചത്.
പ്രശ്നമുണ്ടാക്കിയ യുവാക്കള്‍ പിന്നീട് ബൈക്കില്‍ കയറിപ്പോയി. പിന്നീട് പ്രശ്നമുണ്ടാക്കിയവരെ അന്വേഷിച്ച് വന്ന പൊലീസ് സംഘം ജങ്ഷനിൽ നിന്ന വിവാഹ സംഘത്തിന് നേരെ ചാടിയിറങ്ങി മര്‍ദ്ദിക്കുകയായിരുന്നു. സി.സി.ടി.വി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസ് പ്രതിരോധത്തിലായി.
പൊലീസ് വാഹനത്തില്‍നിന്ന് ഇറങ്ങിയ പൊലീസുകാര്‍ റോഡിലൂടെ നടന്നുനീങ്ങുകയായിരുന്ന സ്ത്രീയെയും ഭർത്താവിനെയും സഹോദരനെയും അടിച്ചോടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. വലിയ പ്രതിഷേധം ഉയർന്നതോടെ പത്തനംതിട്ട സ്റ്റേഷൻ എസ്.ഐ ജെ.യു. ജിനു, പൊലീസ് ഉദ്യോഗസ്ഥരായ ജോബിൻ, അഷ്ഫാക്ക് റഷീദ് എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.
അതേസമയം പത്തനംതിട്ടയിൽ രാത്രി പൊലീസ് മർദനമേറ്റ വിവാഹ സംഘത്തെ കുറ്റപ്പെടുത്തിയായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രിയുടെ വിശദീകരണം വന്നത്. ഇവരിൽ ചിലർ ബാറിലെത്തി ബഹളമുണ്ടാക്കിയെന്നായിരുന്നു അടിയന്തര പ്രമേയ നോട്ടിസിന്റെ മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്. പരാമർശം വേദനിപ്പിച്ചെന്ന് പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ സിത്താരമോൾ പ്രതികരിച്ചു. പൊലീസിന്റെ ക്രൂര മർദ്ദനത്തെ നിസ്സാരവൽക്കരിക്കുന്ന പ്രവണത വളരെയധികം വേദനിപ്പിക്കുന്നെന്നും അവർ പറഞ്ഞു.
പരാതിക്കാരിയായ താൻ ഉൾപ്പെടെയുള്ളവർ ബാറിൽ സംഘർഷം സൃഷ്ടിച്ചവരാണെന്ന് വരുത്തി തീർക്കുന്ന തെറ്റായ റിപ്പോർട്ട് നൽകി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിലാകാം പിണറായി വിജയന്റെ പരാമർശം വന്നത്. ഇത് ചുണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് സിത്താരമോൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

