രാമൻചിറയെ കൊല്ലരുത്... പ്രതിഷേധം
text_fieldsമാലിന്യ സംസ്കരണകേന്ദ്രം സ്ഥാപിക്കാൻ തീരുമാനിച്ച രാമൻചിറ. ഇവിടെ മാലിന്യം തള്ളുന്നത് ശിക്ഷാർഹം എന്ന ബോർഡും കാണാം
കുളനട: നാടിന്റെ ദാഹം അകറ്റുന്ന രാമൻചിറക്ക് സമീപം മാലിന്യ സംഭരണകേന്ദ്രം സ്ഥാപിക്കാനുള്ള കുളനട പഞ്ചായത്തിന്റെ നീക്കത്തിൽ പ്രതിഷേധം. കുളനട പഞ്ചായത്ത് പത്താം വാർഡിൽ ആറ് ഏക്കറോളം വിസ്തൃതിയിലാണ് രാമൻചിറ ജലാശയം. ഇതിന്റെ പേരിലാണ് ഇപ്പോൾ പ്രദേശവും അറിയപ്പെടുന്നത്. അടുത്തിടെ ചിറ നവീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ചിറയോട് ചേർന്ന് മാലിന്യ പ്ലാന്റ് തുടങ്ങാൻ നീക്കം തുടങ്ങിയത്.
ഇതിൽ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തുണ്ട്. വേനലിൽ പ്രദേശത്തെ കിണറുകൾക്ക് ജല സ്രോതസ്സാവുന്ന രാമൻചിറയുടെ പ്രാധാന്യം കണക്കിലെടുത്താണ്, കേന്ദ്ര സർക്കാറിന്റെ അമൃത സരോവർ പദ്ധതിയിൽ നിന്നും അനുവദിച്ച 40 ലക്ഷത്തോളം രൂപ ചെലവിട്ടാണ് ചിറ നവീകരിച്ചത്.
കൂടിയാലോചനയുമില്ലാതെ ചിറക്ക് സമീപം പുറമ്പോക്ക് സ്ഥലത്ത് എം.സി.എഫ് പദ്ധതി പ്രകാരം പഞ്ചായത്തിലെ മുഴുവൻ മാലിന്യങ്ങളും സംഭരിക്കാനുളള കേന്ദ്രം സ്ഥാപിക്കാനാണ് ശ്രമം. ഇവിടെ ഹാപ്പിനെസ് പാർക്ക് നിർമിക്കാൻ പദ്ധതി രേഖ അംഗീകരിച്ച വേളയിലാണ് മാലിന്യ പ്ലാന്റിന് നീക്കം.
മാലിന്യം തള്ളുന്ന ഒരിടമാക്കി രാമൻചിറയെ മാറ്റാൻ അനുവദിക്കില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. ഗ്രാമസഭയിലും പൊതുജനങ്ങളോടും ആലോചിക്കാതെ പഞ്ചായത്ത് അധികൃതർ രഹസ്യമായെടുത്ത തീരുമാനം അംഗീകരിക്കില്ലെന്ന് അവർ പറഞ്ഞു. അമൃത സരോവർ പദ്ധതി അട്ടിമറിക്കാനാണ് കുളനട പഞ്ചായത്ത് അധികൃതരുടെ ശ്രമമെന്നും ആരോപണമുണ്ട്.
പഞ്ചായത്തിലെ മൊത്തം മാലിന്യം സംഭരിക്കാൻ കണ്ടെത്തിയ സ്ഥലത്ത്, ‘ഇവിടെ മാലിന്യം തള്ളുന്നത് ശിക്ഷാർഹമാണ്’ എന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ബോർഡ് സ്ഥാപിച്ചിട്ടുള്ളതാണ് മറ്റൊരു വിരോധാഭാസം. ചിറയോട് ചേർന്ന് മാലിന്യ പ്ലാൻറിന് സ്ഥാപിച്ചാൽ ചിറയിലെ ജലം മലിനമാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പ്ലാന്റിൽനിന്ന് അവശിഷ്ടങ്ങൾ ചിറയിലേക്കെത്തും. കാലക്രമേണ ചിറയുടെ ഓരം മാലിന്യനിക്ഷേപ കേന്ദ്രമായി തന്നെ മാറാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

