കല്ലറകടവ് പാലത്തിലെ പൈപ്പ് പൊട്ടി; കുടിവെള്ളം തടസപ്പെടും
text_fieldsകല്ലറക്കടവിൽ പൈപ് പൊട്ടിയപ്പോൾ
പത്തനംതിട്ട: കല്ലറകടവ് പാലത്തിലെ ഡി.ഐ പൈപ്പ് പൊട്ടി രണ്ടായി പിളർന്നു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. വലിയ ഏതോ വാഹനം വന്നിടിച്ച് പൊട്ടിയതാണെന്നാണ് ജല അതോറിറ്റി അധികൃതർ പറയുന്നത്. പൈപ്പിൽ വാഹനം തട്ടിയതിന്റെ പാടുകളുണ്ട്.
എന്നാൽ, വാഹനം തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ അഞ്ചിനാണ് അധികാരികൾ വിവരമറിയുന്നത്. വലിയ ടൂറിസ്റ്റ് ബസുകളും ലോറികളും പാർക്ക് ചെയ്യുന്ന സ്ഥലമാണിത്. 500 എം.എമ്മിന്റെ പൈപ്പാണ് പൊട്ടിയത്. വെള്ളം പൊട്ടിയൊഴുകിയതോടെ നാട്ടുകാരാണ് ജല അതോറിറ്റിയെ വിവരം അറിയിച്ചത്.
വലിയ ഇരുമ്പ് പൈപ്പ് ആയതിനാൽ രണ്ട് ദിവസമെടുക്കും പൈപ്പ് പൂർവസ്ഥിതിയിലെത്താൻ. വെള്ളിയാഴ്ച അബാൻ ജങ്ഷൻ മുതൽ സെന്റ് പീറ്റേഴ്സ് ജങ്ഷൻ വരെയുള്ള ഭാഗത്തും ഓമല്ലൂരിലേക്ക് പോകുന്ന പ്രദേശങ്ങളിലും കുടിവെള്ളം തടസപ്പെടും.