പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഇടത്താവളവും സൗകര്യങ്ങളുമില്ലാതെ തീർഥാടകർ
text_fieldsപത്തനാപുരം: മണ്ഡലകാലം ആരംഭിച്ചിട്ടും ഇതര സംസ്ഥാന ശബരിമല തീർഥാടകർക്ക് വഴിയോരങ്ങളിൽ ഇടത്താവളങ്ങളോ സൗകര്യങ്ങളോ ഒരുക്കി നൽകിയില്ലെന്ന് ആക്ഷേപം. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പുനലൂരിനും കോന്നിക്കും ഇടയിൽ ഇടത്താവളങ്ങളൊന്നും ഒരുക്കുവാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
ഈ പാതയിൽ ഇടത്താവളം ഇല്ലാത്തതിനാൽ ശബരിമലയിലേക്ക് പോകുന്ന തീർഥാടകരിൽ പലരും റോഡ് വശത്ത് വിരി വെച്ച് വിശ്രമിക്കേണ്ട അവസ്ഥയാണ്. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനും യാതൊരു സൗകര്യവും ഇല്ല. പുനലൂർ,മുക്കടവ്,കടയ്ക്കാമൺ തടി ഡിപ്പോ,കവലയിൽ ഭഗവതി ക്ഷേത്രം ജംഗ്ഷൻ,കല്ലുംകടവ് എന്നിവിടങ്ങളിൽ ഇതര സംസ്ഥാന തീർഥാടകർക്ക് താൽക്കാലിക ഇടത്താവളങ്ങൾ സജ്ജീകരിച്ചിരുന്നുവെങ്കിലും, തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, സൗകര്യമൊരുക്കുന്നതിൽ അധികൃതർ മറന്ന മട്ടാണ്. മലിനമായ പാതയോരങ്ങളോട് ചേർന്ന് പൊരി വെയിലിൽ ഭക്ഷണം പാകം ചെയ്യേണ്ട അവസ്ഥ നേരിടുന്നതായി പരാതിയുണ്ട്.
സൗകര്യമൊരുക്കേണ്ട പഞ്ചായത്തുകളോ, നഗരസഭകളോ ഇതിനായി മുന്നോട്ട് വന്നിട്ടില്ല. ഒട്ടേറെ പ്രതിഷേധങ്ങൾക്ക് ഒടുവിൽ അഞ്ചുവർഷം മുമ്പ് പത്തനാപുരം പഞ്ചായത്ത്,കല്ലും കടവ് സ്വകാര്യ ബസ് സ്റ്റാൻഡിൽ താൽകാലിക ഇടത്താവളം തുടങ്ങിയിരുന്നു.
എന്നാൽ, ഇത് പര്യാപ്തമായിരുന്നില്ല. പിന്നീട് കല്ലുംകടവ് സാംസ്കാരിക നിലയത്തിന്റെ മുകളിലെ നിലയിലേക്ക് ഇടത്താവളം മാറ്റി സ്ഥാപിച്ചുവെങ്കിലും അതും പേരിന് മാത്രമായി. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള ബുദ്ധിമുട്ടും, മാർക്കറ്റിലെ മത്സ്യ വ്യാപാരവും, മലിനമായ അന്തരീക്ഷവും തീർഥാടകരെ ഇവിടെനിന്നും അകറ്റി. ഇക്കുറി കല്ലുംകടവിൽ ഇടത്താവളത്തിനായി ഗ്രാമപഞ്ചായത്ത് യാതൊരു നടപടിയും തുടങ്ങിയിട്ടുമില്ല. കൊല്ലം -പത്തനംതിട്ട ജില്ലകളുടെ അതിർത്തി പങ്കിടുന്ന പ്രദേശമാണ് കല്ലും കടവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

