നാട് തേങ്ങുന്നു; രഞ്ജിതയുടെ വീട്ടിലേക്ക് ജനപ്രവാഹം
text_fieldsവിമാനാപകടത്തിൽ മരിച്ച രഞ്ജിതയുടെ അമ്മയെയും മക്കളെയും യാക്കോബായ സുറിയാനി സഭ പരമാധ്യക്ഷൻ സേലിയോസ് ജോസഫ് കാതോലിക്കാ ബാവ സന്ദര്ശിച്ചപ്പോൾ
പത്തനംതിട്ട: കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ ഉണ്ടായ വിമാനാപകടത്തിൽ മരണപ്പെട്ട പത്തനംതിട്ട പല്ലാട് സ്വദേശിനി രഞ്ജിതയുടെ വീട്ടിലേക്ക് സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക, ഉദ്യോഗസ്ഥ മേഖലകളിൽ നിന്നുള്ള പ്രമുഖരും സാധാരണക്കാരുമടക്കം നൂറുകണക്കിന് ആളുകളാണ് അനുശോചനമറിയിക്കാനും കുടുംബത്തെ ആശ്വസിപ്പിക്കാനുമായി എത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ വീട്ടിലെ കരളലിയിക്കുന്ന കാഴ്ചകൾ കണ്ട് ആശ്വസിപ്പിക്കാനെത്തുന്നവരും തേങ്ങുകയാണ്.
കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യാഴാഴ്ച രാത്രി തന്നെ പുല്ലാട്ടെ വീട്ടിലെത്തി രഞ്ജിതയുടെ മക്കളെയും അമ്മയെയും സന്ദർശിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ മുതൽ ഏറെ സമയം മന്ത്രി വീണ ജോർജ്, ആരോഗ്യ പ്രവർത്തക കൂടിയായിരുന്ന രഞ്ജിതയുടെ കുടുംബത്തിനൊപ്പം ചെലവഴിച്ച് മക്കളെയും അമ്മയെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ഉച്ചക്കുശേഷം രജ്ഞിതയുടെ വീട്ടിലെത്തി. ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ. വി.എ. സൂരജ്, സംസ്ഥാന സമിതി അംഗം ബി. രാധാകൃഷ്ണമേനോൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. യാക്കോബായ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ, ആന്റോ ആന്റണി എം.പി, കെ.യു. ജനീഷ് കുമാർ എം.എൽ.എ എന്നിവരും വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. മൃതദേഹം വിട്ടുകിട്ടു തിനടക്കമുള്ള എല്ലാ കാര്യങ്ങളിലും കേന്ദ്ര സർക്കാറിന്റെ ഭാഗത്തുനിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും, സംസ്ഥാന സർക്കാറിനായി ആരോഗ്യ മന്ത്രി വീണ ജോർജ്ജും, ജില്ല ഭരണകൂടത്തിന്റെ പ്രതിനിധിയായി കലക്ടർ പ്രേം കൃഷ്ണനും ബന്ധുക്കളെ സന്ദർശിച്ച് ഉറപ്പ് നൽകിയിട്ടുണ്ട്.
പ്രവാസി കോൺഗ്രസ് അനുശോചിച്ചു
അഹമ്മദാബാദ് വിമാനാപകടത്തിൽ മലയാളിയായ കോഴഞ്ചേരി പുല്ലാട് സ്വദേശിനി രഞ്ജിത ജി. നായർ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരും വിദേശികൾ ഉൾപ്പെടെയുള്ളവരും ദാരുണമായി മരണപ്പെട്ട സംഭവത്തിൽ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജില്ല പ്രസിഡന്റ് മാത്യു പാറക്കൽ എന്നിവർ അനുശോചിച്ചു.
അപകടത്തെക്കുറിച്ച് വിശദവും സമഗ്രവുമായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് പുറത്തുവിടണമെന്ന് പ്രവാസി കോൺഗ്രസ് അഭ്യർഥിച്ചു. ഗൾഫ് സെക്ടറുകളിൽ ഉൾപ്പെടെ എയർ ഇന്ത്യയും മറ്റ് വിമാനക്കമ്പനികളും നിശ്ചിത കാലയളവ് കഴിഞ്ഞ വിമാനങ്ങൾ പിൻവലിച്ച് പുതിയ വിമാനങ്ങൾ ഉപയോഗിക്കാൻ അടിയന്തര നടപടി കൈക്കൊള്ളണമെന്നും നേതാക്കൾ അഭ്യർഥിച്ചു.
അനുശോചനമറിയിച്ച് ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ
പുല്ലാട്: അഹമ്മദാബാദ് വിമാനദുരന്തം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് യാക്കോബായ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ.
അങ്ങേയറ്റം ഹൃദയഭേദകമായ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ദുരന്തത്തിന്റ ആഘാതത്തിൽ കഴിയുന്ന എല്ലാവരുടെയും ദുഃഖത്തിൽ പങ്ക് ചേർന്ന് പ്രാർഥിക്കുന്നതായും ബാവ പറഞ്ഞു.
രഞ്ജിത ജി. നായരുടെ തിരുവല്ല പുല്ലാട് കുറങ്ങഴയിലുള്ള കുടുംബ വീട്ടിൽ എത്തിയാണ് അമ്മ തുളസിയെയും മക്കളെയും അദ്ദേഹം ആശ്വസിപ്പിച്ചത്. മലങ്കര മാർത്തോമ സഭ അൽമായ ട്രസ്റ്റി അഡ്വ. അൻസിൽ സക്കറിയ കോമാട്ട്, നിരണം മാരാമൺ ഭദ്രാസന അസംബ്ലി അംഗം സുബിൻ നീറുംപ്ലാക്കൽ, റെജി മലയിൽ, മാത്യു മാത്യു വടാത്ത് എന്നിവർക്കൊപ്പമാണ് അദ്ദേഹമെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

