പായിപ്പാട് മുസ്ലിം പുത്തൻപള്ളി ഉദ്ഘാടനം 18ന്
text_fieldsകോട്ടയം: പുതുതായി നിർമിച്ച പായിപ്പാട് മുസ്ലിം പുത്തൻപള്ളിയുടെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. ചീഫ് ഇമാം സിറാജുദ്ദീൻ അൽ ഖാസിമി പള്ളി തുറന്നുനൽകും. യാസീൻ തളിപ്പറമ്പ് ആദ്യ ബാങ്ക് വിളി നിർവഹിക്കും. കുവൈത്ത് ഗ്രാന്‍ഡ് മസ്ജിദ് ചീഫ് ഇമാം ഷേഖ് അഹമ്മദ് അൽ നുഫൈസ് ആദ്യ നമസ്കാരത്തിന് നേതൃത്വം നൽകും. അബൂദബി ഗ്രാന്‍ഡ് മോസ്ക് ഇമാം അഹമ്മദ് നസീം മുഖ്യപ്രഭാഷണം നടത്തും.
ജമാഅത്ത് പ്രസിഡന്റ് ഷാജി അബ്ദുൽ ഖനി റാവുത്തർ അധ്യക്ഷത വഹിക്കും. 16, 17 തീയതികളിൽ എല്ലാ മത വിശ്വാസികൾക്കും സ്ത്രീ-പുരുഷ ഭേദമന്യേ മസ്ജിദ് സന്ദർശനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
രണ്ടായിരത്തോളം കുടുംബങ്ങളുള്ള പള്ളി 1897ലാണ് നിർമിച്ചത്. 1978ൽ ജുമാമസ്ജിദ് പുനർനിർമിക്കപ്പെട്ടു. കാലപ്പഴക്കത്താലും സ്ഥലപരിമിതി മൂലവും 2018ൽ പുനർനിർമിക്കാൻ തീരുമാനിച്ചു. 2018 നവംബർ 18ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നിർവഹിച്ചു. സി.പി. ഇബ്രാഹീം റാവുത്തർ അധ്യക്ഷത വഹിച്ചു. 2020 ജൂൺ 26ന് ജമാഅത്ത് ചീഫ് ഇമാം നിർമാണത്തിന് തുടക്കം കുറിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് 18 വരെ പള്ളി അങ്കണത്തിൽ വിവിധ പരിപാടികൾ നടക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ഇമാം സിറാജുദ്ദീൻ അൽ ഖാസിമി, ജമാഅത്ത് പ്രസിഡന്റ് ഷാജി അബ്ദുൽ ഖനി റാവുത്തർ, സെക്രട്ടറി ടി.എ. അൻസാരി, നിർമാണ കമ്മിറ്റി കൺവീനർ സി.എ. ഷംസുദ്ദീൻ റാവുത്തർ, വി.കെ. മുഹമ്മഭായി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

