ജില്ല ജയിൽ: ഒന്നാം ഘട്ട നിർമാണം പൂർത്തിയായി
text_fieldsപത്തനംതിട്ട: ഒന്നാം ഘട്ടം പൂർത്തിയായ ജില്ല ജയിൽ നിർമാണം പുരോഗമിക്കുന്നു. ഇനി നടത്തേണ്ടത് രണ്ടാംഘട്ട നിർമാണം. ഇതിനുള്ള സാങ്കേതിക അനുമതി ലഭിക്കുന്നതിന് മാസങ്ങളോളം കാലതാമസം നേരിട്ടിരുന്നു. രണ്ടാം ഘട്ടത്തിന് 6.98 കോടി ലഭിച്ചതുമാണ്. എന്നാൽ, ഡിസംബറിൽ തുടങ്ങേണ്ട പണി സാങ്കേതിക അനുമതികളെ തുടർന്ന് നീളുകയായിരുന്നു. മൂന്ന് നിലയിൽ നിർമിക്കുന്ന ജില്ല ജയിൽ സമുച്ചയത്തിന്റെ ഒരോനിലയും ഒരോഘട്ടമായി പൂർത്തിയാക്കാനാണ് തീരുമാനം.
കാലതാമസം നേരിടും
വർഷങ്ങളോളം മുടങ്ങിക്കിടന്ന ജില്ല ജയിൽ നിർമാണം നവംബർ 11നാണ് പുനരാരംഭിച്ചത്. എന്നാൽ, പിന്നീട് മാലിന്യപ്ലാന്റ് പദ്ധതിയുടെ മാറ്റത്തെ തുടർന്ന് പണി വീണ്ടും നിർത്തിവെച്ചു. മാലിന്യസംസ്കരണ പ്ലാന്റിന്റെ രൂപരേഖ പൂർത്തിയാക്കി അനുമതി ലഭിക്കാൻ കുറച്ച് കാലതാമസം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
എന്നാൽ, നിർമാണം കഴിഞ്ഞ ബ്ലോക്കുകളുടെ അറ്റകുറ്റപ്പണി ജനുവരി ആറോടെ ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു. മാലിന്യം ശേഖരിക്കുന്നതിനൊപ്പം ഇതിലെ മലിനവസ്തുക്കൾ അരിച്ചുമാറ്റി ബാക്കിയുള്ള മലിനജലം എടുത്ത് ശുദ്ധീകരിച്ച് പുനരുപയോഗത്തിന് പ്രാപ്തമാക്കുമെന്നതാണ് മാലിന്യസംസ്കരണ പ്ലാന്റിന്റെ പ്രത്യേകത. ഇത്തരത്തിൽ ശുദ്ധീകരിച്ചെടുക്കുന്ന വെള്ളം കൃഷി ആവശ്യങ്ങൾക്കും ശൗചാലയ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കും.
പദ്ധതിയിൽ മാറ്റം; മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കും
നിർമാണ പദ്ധതിയിൽ മാറ്റം വരുത്തി ജില്ല ജയിൽ. സാധാരണ മാലിന്യപ്ലാന്റ് എന്നത് മാറ്റി മാലിന്യസംസ്കരണ പ്ലാന്റ് (എസ്.ടി.പി) സ്ഥാപിക്കാനാണ് തീരുമാനം. ഇതിനുള്ള രൂപരേഖ തയാറാക്കുന്നതിന് തിരുവനന്തപുരം സി.ഇ.ടി എൻജിനീയറിങ് കോളജിനെ ഏൽപിച്ചിരിക്കുകയാണ്. പ്ലാൻ പൂർത്തിയായി അനുമതിയും ലഭിച്ച് കഴിഞ്ഞാൽ മാലിന്യസംസ്കരണ പ്ലാന്റിന്റെ പണി തുടങ്ങാം. ആദ്യപ്ലാനിൽ സാധാരണ മാലിന്യപ്ലാന്റാണ് വിഭാവനം ചെയ്തിരുന്നത്.
എന്നാൽ, മാലിന്യപ്ലാന്റ് നിർമിക്കാൻ കണ്ടെത്തിയ സ്ഥലം സ്ഥിരം വെള്ളക്കെട്ട് മേഖലയായതിനാൽ നിർമാണം പ്രയാസകരമായി. ശക്തമായ വെള്ളക്കെട്ടുണ്ടാകുന്നിടത്ത് സാധാരണ മാലിന്യപ്ലാന്റ് നിർമിച്ചാൽ ഇത് കാലക്രമേണ ഇടിയാനും പൊട്ടൽ ഉണ്ടാകാനുമുള്ള സാധ്യത കൂടുതലാണ്. കൂടാതെ ഒരുപാട് ആളുകൾ ഉപയോഗിക്കുന്നതിനാൽ അടിക്കടി ബ്ലോക്ക് തുടങ്ങിയ പ്രശ്നങ്ങളും വരാം. ഇത്തരം പരിമിതികളെ തുടർന്നാണ് സാധാരണ മാലിന്യപ്ലാന്റിൽനിന്ന് മാലിന്യസംസ്കരണ പ്ലാന്റ് നിർമിക്കാമെന്ന തീരുമാനത്തിലേക്ക് അധികൃതർ എത്തിയത്.
താഴത്തെ നിലയിൽ 70 പേരെ താമസിപ്പിക്കാം
സബ് ജയിലിൽനിന്ന് ജില്ല ജയിൽ പദവി ലഭിച്ചതിനെ തുടർന്നാണ് പുതിയ ജയിൽ നിർമാണം ആരംഭിച്ചത്. ഒന്നാം ഘട്ടത്തിൽ ലഭിച്ച അഞ്ചരക്കോടികൊണ്ട് താഴത്തെ നിലയിലെ നിർമാണം പൂർത്തിയാക്കി. മൊത്തം 200 പേരെ പാർപ്പിക്കുന്നതിനുള്ള സൗകര്യം പുതിയ ജയിൽ കെട്ടിടത്തിലുണ്ടാകും. നിർമാണം പൂർത്തിയായ താഴത്തെ നിലയിൽ 70 പേരെ താമസിപ്പിക്കാനാകും. രണ്ട് ചെറിയ സെല്ലും ഒരു വലിയസെല്ലും ഈ നിലയിലുണ്ട്. വലിയ സെല്ലുകളിൽ 30 പേരെ വീതവും ചെറുതിൽ പത്തുപേരെയും പാർപ്പിക്കാം.
കൂടാതെ, അടുക്കളയും ഓഫിസ് മുറികളും ജീവനക്കാർക്കുള്ള മുറികളും താഴത്തെ നിലയിലുണ്ട്. എന്നാൽ, മുമ്പ് ഇവിടെയുണ്ടായിരുന്ന വനിത സെൽ ഇനിയുണ്ടാവില്ല. രണ്ടാംഘട്ടത്തിൽ ചുറ്റുമതിലിന് മുകളിൽ വൈദ്യുതിവേലി, മാലിന്യനിർമാർജന പ്ലാന്റ്, ഒന്നാം നിലയിൽ തടവുകാരെ പാർപ്പിക്കുന്നതിനുള്ള മുറികൾ എന്നിവയാണ് നിർമിക്കുന്നത്.
130 പേരെ പാർപ്പിക്കുന്നതിനുള്ള സെല്ലുകൾ ഒന്നാം നിലയിൽ നിർമിക്കും. ഈ ഘട്ടം പൂർത്തിയാകുന്നതോടെ ജയിലിന്റെ പ്രവർത്തനം തുടങ്ങാം. എറണാകുളം നീതിന്യായ വിഭാഗത്തിനായിരുന്നു ടെൻഡർ നടപടിയുടെ മേൽനോട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

