പത്തനംതിട്ടയുടെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തും -മന്ത്രി പി.സി. വിഷ്ണുനാഥ്
text_fieldsപതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട ജില്ലതല ആശയ
രൂപവത്കരണ യോഗം മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യുന്നു
പത്തനംതിട്ട: കേരളത്തില്‍ നിക്ഷേപ പദ്ധതികള്‍ ആരംഭിക്കുന്നതിനാവശ്യമായ എല്ലാ അനുമതികളും 70 ദിവസത്തിനുള്ളില്‍ ലഭ്യമാക്കുന്നതിനുള്ള സരള്‍ നിയമം പ്രാബല്യത്തില്‍ വന്നതായി മന്ത്രി പി.സി. വിഷ്ണുനാഥ്. നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ച് കൂടുതല്‍ തൊഴിലവസരങ്ങളും വരുമാനവും ഉറപ്പാക്കാന്‍ ഇതുവഴി കഴിയുമെന്നും മന്ത്രി പറഞ്ഞു. പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപവത്കരണത്തിന്റെ ഭാഗമായി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ജില്ലതല സമീപനരേഖ രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്തനംതിട്ടക്ക് സാംസ്കാരിക, തീർഥാടന ടൂറിസത്തില്‍ വലിയ സാധ്യതകളുണ്ട്. അത് പ്രയോജനപ്പെടുത്തും. ശബരിമല, ആറന്മുള, ആറന്മുള വള്ളസദ്യ, വള്ളംകളി, ആറന്മുള കണ്ണാടി, പടയണി, അയിരൂരിലെ കഥകളി ഗ്രാമം, തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തിലെ കഥകളി, മാരാമണ്‍, ചെറുകോല്‍പ്പുഴ, കുമ്പനാട് കണ്‍വെന്‍ഷനുകള്‍ തുടങ്ങിയവയെല്ലാം പ്രധാന ടൂറിസം ആകര്‍ഷണങ്ങളാണ്. ഗവി, അടവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കൊപ്പം പുതിയ കേന്ദ്രങ്ങളും വികസിപ്പിക്കണം.
സില്‍വര്‍ ഇക്കോണമി എന്നത് വയോജനക്ഷേമ പദ്ധതികളില്‍ മാത്രം ഒതുങ്ങുന്നതല്ല. മുതിര്‍ന്ന പൗരന്മാരുടെ അറിവും അനുഭവസമ്പത്തും നാടിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. വയോജനങ്ങളുടെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്താന്‍ ഏറ്റവും അനുയോജ്യമായ ജില്ലകളിലൊന്നാണ് പത്തനംതിട്ടയെന്നും മന്ത്രി പറഞ്ഞു. അബിന്‍ വര്‍ക്കി എം.എല്‍.എ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

