പത്തനംതിട്ട നഗരത്തിലെ ശുദ്ധജല വിതരണം; പൈപ്പ് മാറ്റൽ തുടങ്ങി
text_fieldsപത്തനംതിട്ട: നഗരത്തിൽ ശബരിമല ഇടത്താവളം മുതൽ ഞണ്ണുങ്കൽപടി വരെയുള്ള ഭാഗത്തെ ശുദ്ധജല പ്രശ്നത്തിന് പരിഹാരമായി പൈപ്പ് മാറ്റി സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു.
നഗരത്തിലെ ശുദ്ധജല വിതരണത്തിനായി 1980 കാലഘട്ടത്തിൽ സ്ഥാപിച്ച ആസ്ബസ്റ്റോസ് സിമന്റ്പൈപ്പുകളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. കാലപ്പഴക്കം കാരണം ഏതു നിമിഷവും പൈപ്പ് പൊട്ടുന്ന സ്ഥിതിയാണ്. പുതിയ ഡക്ടൈൽ അയൺ പൈപ്പാണ് ഇപ്പോൾ സ്ഥാപിക്കുന്നത്. 720 മീറ്റർ ദൂരത്തിൽ 12 ലക്ഷത്തോളം ചെലവിട്ടാണ് പൈപ്പിടുന്നത്. നിർമാണ പ്രവർത്തനം വേഗത്തിൽ നടത്തി വെള്ളം തുറന്നുവിടാനുള്ള ശ്രമത്തിലാണ് അധികൃതർ.
പത്തനംതിട്ട, താഴെ വെട്ടിപ്രം, മൈലപ്ര റോഡ് ഹൈവേ അതോറിറ്റിയുടെ കൈവശമുള്ളതാണ്. റോഡിൽ അറ്റകുറ്റപ്പണി ചെയ്യണമെങ്കിൽ അതോറിറ്റിയുടെ അനുമതി വേണമായിരുന്നു. പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്ന സമയത്ത് പലപ്പോഴും അനുമതിക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും ലഭിക്കാത്തതോടെ ഒരു വർഷത്തിൽ ഏറെയായി ജില്ല പൊലീസ് മേധാവിയുടെ കാര്യാലയത്തിനു സമീപം മുതൽ പൈപ്പ് പൂട്ടിയിട്ടിരിക്കുകയാണ്.
നിരന്തരം പൈപ്പ് പൊട്ടുന്നത് റോഡ്തകർച്ചക്കും ഇടയാക്കി. അബിൻ വർക്കി എം. എൽ.എയുടെ നേത്യത്വത്തിൽ നടത്തിയ നീക്കങ്ങളെതുടർന്നാണ് പണികൾക്ക് അനുമതി ലഭിച്ചത്.
പൊതുമരാമത്തിന്റെയും ഹൈവേ അതോറിറ്റിയുടെയും അനുമതി ലഭിക്കാത്തതിനാൽ നഗരത്തിൽ പല ഭാഗത്തും പുതിയ പൈപ്പുകൾ സ്ഥാപിക്കാൻ കഴിയാതെ കിടക്കുന്നു. പലഭാഗത്തും ഇടക്കിടെ പൈപ്പ് പൊട്ടുന്നത് ഗതാഗതകുരുക്കിനും ഇടയാക്കുന്നു.
കൈപ്പട്ടൂർ റോഡിൽ സ്റ്റേഡിയം ജങ്ഷൻ മുതൽ സന്തോഷ്മുക്ക് വരെ പഴയ എ.സി പൈപ്പ് മാറ്റാനുണ്ട്. കോളജ് ജങ്ഷൻ ഭാഗത്തും മറ്റു പ്രദേശങ്ങളിലും നിരന്തരം പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. അഴൂർ പെട്രോൾ പമ്പ് മുതൽ സബ്സ്റ്റേഷൻ വരെയുള്ള ഭാഗത്തും നിരന്തരമായി പൈപ്പ് പൊട്ടുന്നു. മുത്താരമ്മൻ കോവിൽ ഭാഗം മുതൽ ജില്ല പൊലീസ് മേധാവിയുടെ കാര്യാലയത്തിനു സമീപം വരെയും പൈപ്പ് മാറ്റി സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. നഗരത്തിലെ വിവിധ ഭാഗങ്ങളിലെ പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ 21ലക്ഷം അനുവദിച്ചിട്ടുണ്ടെന്നും പൊതുമരാമത്തിന്റെയും ഹൈവേ അതോറിറ്റിയുടെയും അനുമതി ലഭിച്ചാൽ ഉടൻ അതിനുള്ള പ്രവൃത്തികൾ ആരംഭിക്കുമെന്നും വാട്ടർ അതോറിറ്റി അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

