തിരുവോണത്തെ വരവേല്‍ക്കാൻ നാടൊരുങ്ങി; തിരുവോണത്തോണി ഓണവിഭവങ്ങളുമായി ആറന്മുളയിലേക്ക്
text_fieldsആറന്മുളയിൽനിന്ന് തിരുവോണത്തോണി കാട്ടൂരിലേക്ക് പുറപ്പെടുന്നു
പത്തനംതിട്ട: ഇന്ന് ഉത്രാടം. ഓർമകളുടെ സമൃദ്ധിയിൽ ഓണം ആഘോഷിക്കുകയാണ് മലയാളികൾ. തിരുവോണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ക്കായി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. പച്ചക്കറിയും പലവ്യഞ്ജനങ്ങളും ഓണക്കോടിയുമൊക്കെയായി ജില്ലയിലെ വിപണികൾ സജീവം. തിരുവോണത്തിന് ഒരു നാൾ മാത്രം ബാക്കി നിൽക്കെ ആളുകളെല്ലാം ഓണക്കോടിയും ഓണസദ്യക്കുള്ള സാധനങ്ങളും വാങ്ങാനുള്ള തിരക്കിലാണ്.
നഗരങ്ങളെല്ലാം ദിവസങ്ങളായി തിരക്കിലമർന്നിരിക്കുകയാണ്. വസ്ത്രവ്യാപാര ശാലകളിലും പ്രധാന മാർക്കറ്റുകളിലും ഗൃഹോപകരണ വിൽൽപന ശാലകളിലും കച്ചവടം പൊടിപൊടിക്കുകയാണ്. കച്ചവടക്കാർ നിരന്ന് വഴിയോരങ്ങളും സജീവമാണ്. സപ്ലൈകോ, കൺസ്യൂമർ ഫെഡ് വിപണികളിലും സഹകരണ ബാങ്ക് ഓണം വിപണികളിലും വലിയ തിരക്കാണ്. സബ്സിഡി സാധനങ്ങൾ വാങ്ങാനും തിരക്കായിരുന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സാധനങ്ങൾക്ക് വില കുറവുണ്ട്. എന്നാൽ, അവസാന സമയം കച്ചവടക്കാർ പച്ചക്കറികൾക്ക് അമിത വില ഈടാക്കുന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. വെളിച്ചെണ്ണ വിലയും കുറഞ്ഞത് ആശ്വാസമായിട്ടുണ്ട്. സപ്ലൈകോയിൽ 270 രൂപയാണ് വില. പൊതു വിപണിയിൽ 320- 380 വരെയാണ് വില. അരി വിലയിലും കുറവുണ്ട്. ജയ അരിക്ക് കഴിഞ്ഞ ഓണക്കാലത്തെക്കാൾ വില കുറവുണ്ട്. ഇടക്കിടെയുള്ള ചാറ്റൽ മഴ വ്യാപാര സ്ഥാപനങ്ങൾക്ക് തിരിച്ചടിയാണ്. തിങ്കളാഴ്ച വൈകുന്നേരവും നല്ല രീതിയിൽ മഴ പെയ്തു.
വസ്ത്രവ്യാപാര സ്ഥാപനങ്ങളെല്ലാം രാത്രി വൈകിയും പ്രവർത്തിക്കുന്നുണ്ട്. മിക്ക ഗൃഹോപകരണ ശാലകളിലും വൻ ഓഫറുകളും നൽകുന്നുണ്ട്. തിരക്ക് കണക്കിലെടുത്ത് നഗരങ്ങളിൽ കൂടുതൽ പൊലീസ് രംഗത്തുണ്ട്. പത്തനംതിട്ട നഗരത്തിൽ ദിവസങ്ങളായി വലിയ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നു. ഓണവിപണി ലക്ഷ്യമിട്ട് ഓണസദ്യയുമായി ഹോട്ടൽ കാറ്ററിങ് കുടുംബശ്രീ ഗ്രൂപ്പുകളും രംഗത്തുണ്ട്. ഓർഡർ അനുസരിച്ച് വീടുകളിൽ സദ്യ എത്തിക്കും.
നഗരങ്ങളിൽ സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓണാഘോഷ പരിപാടികൾ ഗംഭീരമായി നടന്നു. നാട്ടിൻപുറങ്ങളിൽ കലാകായിക സമിതികൾ ഓണം ആഘോഷിക്കാനുള്ള തിരക്കിലാണ്. റാന്നി, ആറൻമുള പ്രദേശങ്ങളിൽ വരുംദിവസങ്ങളിൽ ജലമേളകളും നടക്കും.
തിരുവോണത്തോണി കാട്ടൂരിലെത്തി; ഓണവിഭവങ്ങളുമായി ഇന്ന് ആറന്മുളക്ക്
പത്തനംതിട്ട: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലേക്ക് ഭഗവാന് ഓണവിഭവങ്ങൾ കൊണ്ടുവരാൻ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട തിരുവോണത്തോണി കാട്ടൂരിലെത്തി. ചൊവ്വാഴ്ച ഉത്രാടം നാളിൽ വൈകീട്ട് 6.30ന് കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ദീപാരാധനക്കുശേഷം പള്ളിയോട സേവാസംഘം ഭാരവാഹികൾ വെറ്റ പുകയില നൽകി വിഭവങ്ങളുമായി ആറന്മുളക്ക് തോണി യാത്രയാക്കും. കാട്ടൂരിലെ 18 നായർ കുടുംബങ്ങളിലെ ആൾക്കാർ തോണിയിൽ പ്രവേശിക്കും.
മൂലംനാളിൽ കുമാരനെല്ലൂരിൽ നിന്നും തോണിയിൽ യാത്രതിരിച്ച മങ്ങാട്ട് കുടുംബ പ്രതിനിധി അനൂപ് ഭട്ടതിരി കാട്ടൂർ ക്ഷേത്രത്തിൽ എത്തി തോണിയിൽ ആറന്മുളക്ക് തിരിക്കും. ഓണവിഭവങ്ങളുമായി ബുധനാഴ്ച തിരുവോണം നാളിൽ പുലർച്ച 5.30ന് തോണി തിരുവാറന്മുള ക്ഷേത്രക്കടവിലെത്തും. കാട്ടൂരിൽനിന്ന് തോണി പുറപ്പെടുമ്പോൾ മുതൽ ആറന്മുള ക്ഷേത്രക്കടവിൽ എത്തുന്നത് വരെ പള്ളിയോടങ്ങൾ തിരുവോണത്തോണിക്ക് അകമ്പടി സേവിക്കും.
പമ്പയുടെ ഇരുകരയിലുമുള്ള ഭക്തർ ദീപക്കാഴ്ചകൾ ഒരുക്കും. ആറന്മുള ക്ഷേത്രക്കടവിൽ മങ്ങാട്ട് ഭട്ടതിരി കാട്ടൂരിൽ നിന്ന് എത്തിച്ച ദീപം ക്ഷേത്രം മേൽശാന്തിക്ക് നൽകി ശ്രീകോവിനുള്ളിലെ കെടാവിളക്കിലേക്ക് ദീപം പകരുന്നതോടെ തിരുവോണ സദ്യക്ക് ഒരുക്കമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

