കുന്നന്താനത്തെ കൊലപാതകം ആസൂത്രിതം; കൊലക്ക് പിന്നില്‍ കുടുംബപ്രശ്നം
text_fieldsമല്ലപ്പള്ളി: കുന്നന്താനത്ത് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തിന്റെ ഞെട്ടലില്‍നിന്ന് കുന്നന്താനം ഇതുവരെ മുക്തമായിട്ടില്ല. കുന്നന്താനം സ്മിത ഭവനില്‍ ശ്രീജ ജി. മേനോനാണ് (38) ഭര്‍ത്താവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ശ്രീയുടെ ഭര്‍ത്താവ് വട്ടശ്ശേരിയില്‍ വേണുക്കുട്ടന്‍ നായരെ (48) പിന്നീട് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന വേണു കുറച്ചുനാളായി നാട്ടിലുണ്ട്. ശ്രീജ തെങ്ങണയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. വേണുവും ശ്രീജയും മാസങ്ങളായി പിണങ്ങിക്കഴിയുകയാണ്.
ഇതിനിടെ ഒന്നുരണ്ടു തവണ വേണുക്കുട്ടന്‍ നായര്‍ ശ്രീജയെ കാണാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍, ശ്രീജ കൂടിക്കാഴ്ചക്ക് സമ്മതിച്ചിരുന്നില്ലെന്നും സൂചനകളുണ്ട്. ദമ്പതിമാര്‍ക്ക് ആറാംക്ലാസില്‍ പഠിക്കുന്ന മകളുണ്ട്. മകള്‍ അമ്മയോടൊപ്പമായിരുന്നു താമസം. വ്യാഴാഴ്ച രാവിലെയാണ് വേണുക്കുട്ടന്‍ നായര്‍ ഭാര്യാവീട്ടിലെത്തിയത്. തുടര്‍ന്ന് ശ്രീജയെ വീട്ടില്‍വെച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു.
ശ്രീജയുടെ ദേഹത്ത് അഞ്ചോളം മുറിവുണ്ടെന്നും ഇവരെ കുത്തിപരിക്കേല്‍പ്പിച്ചശേഷം ഭര്‍ത്താവ് സ്വയം മുറിവേൽപിച്ച് മരിച്ചെന്നുമാണ് സംശയിക്കുന്നതെന്ന് തിരുവല്ല ഡിവൈ.എസ്.പി അര്‍ഷദ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ വിശദ അന്വേഷണം നടന്നുവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കൃത്യത്തിന് ഉപയോഗിച്ച കത്തി വേണു കൊണ്ടുവന്നതാണെന്നാണ് നിഗമനം. ഈ കത്തി സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇത് വീട്ടിലെ കത്തിയല്ലെന്നാണ് ശ്രീജയുടെ വീട്ടുകാരുടെ മൊഴി. ആദ്യം വീടിന്റെ അകത്തുവെച്ചാണ് ശ്രീജയെ ആക്രമിച്ചത്. ഇവര്‍ പിന്നീട് വീടിന് പുറത്തേക്ക് ഓടുകയായിരുന്നു. വീടിന് ചുറ്റും ചോരയുണ്ട്. സംഭവത്തിന് ശ്രീജയുടെ മാതാപിതാക്കള്‍ സാക്ഷികളാണെന്നും അക്രമത്തില്‍ മറ്റാര്‍ക്കും പരിക്കില്ലെന്നും മകള്‍ സുരക്ഷിതയാണെന്നും ഡിവൈ.എസ്.പി. പറഞ്ഞു. വേണു മദ്യപാനിയാണെന്നായിരുന്നു ശ്രീജയുടെയും കുടുംബത്തിന്റെയും ആക്ഷേപം. മദ്യപാനം നിര്‍ത്തിയാല്‍ ഒരുമിച്ച് ജീവിക്കാമെന്ന വ്യവസ്ഥ ഇവര്‍ മുന്നോട്ടുവെച്ചിരുന്നു.
ഭാര്യയും മകളും തന്റെ കൂടെ താമസിക്കാത്തതിന്റെ നിരാശയാകാം വേണുവിനെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത വരാനുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ഡിവൈ.എസ്.പി കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് കുന്നന്താനം പാലക്കാത്തൊടി സ്മിത ഭവനില്‍ ശ്രീജ ജി. മേനോനെ (38) ഭര്‍ത്താവ് വട്ടശ്ശേരി വേണുക്കുട്ടന്‍ നായര്‍ (48) കുത്തിക്കൊന്നത്. പിന്നാലെ വേണുക്കുട്ടന്‍ നായരും സ്വയം മുറിവേൽപിച്ച് മരിക്കുകയായിരുന്നു. വേണുക്കുട്ടന്‍ നായര്‍ വര്‍ഷങ്ങളായി ഗള്‍ഫിലായിരുന്നു ജോലി. ഒരുവര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

