വിവാഹം സ്റ്റേഡിയത്തിൽ വേണ്ടെന്ന് പത്തനംതിട്ട നഗരസഭ; സ്വകാര്യ ആവശ്യങ്ങൾക്ക് നൽകേണ്ടെന്ന് തീരുമാനം
text_fieldsപത്തനംതിട്ട: ജില്ല കേന്ദ്രത്തിലെ നഗരസഭ സ്റ്റേഡിയം (ജില്ല സ്റ്റേഡിയം) സ്വകാര്യ ആവശ്യങ്ങൾക്ക് നൽകേണ്ടെന്ന് പത്തനംതിട്ട നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. വിവാഹ ആഘോഷങ്ങൾക്ക് ഡിസംബർ 20 മുതൽ 31 വരെ (12 ദിവസം) സ്റ്റേഡിയം വിട്ടുനൽകണമെന്ന് ആശ്യപ്പെട്ട് താഴെ വെട്ടിപ്പുറം സ്വദേശി നഗരസഭയിൽ നൽകിയ അപേക്ഷ നിരസിച്ചു.
സ്റ്റേഡിയം വിവാഹവേദിയാക്കുന്നതിൽ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ ചർച്ചയായിരുന്നു. സ്റ്റേഡിയം നൽകുന്നതിനെ പ്രതിപക്ഷമായ യു.ഡി.എഫും സ്റ്റേഡിയം സംരക്ഷണ സമിതിയും എതിർത്തതോടെയാണ് വിഷയം യോഗം പരിഗണിച്ചത്. കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ട എം.സി. ഷെരീഫ് മാത്രം വിവാഹ ആവശ്യത്തിന് സ്റ്റേഡിയം വിട്ടുകൊടുക്കണമെന്ന് ചർച്ചയിൽ ആവശ്യപ്പെട്ടു.
ഭരണ-പ്രതിപക്ഷത്തെ ചില അംഗങ്ങളുടെ പിന്തുണയോടെ സ്റ്റേഡിയം നൽകണമെന്ന ആവശ്യം കൗൺസിലിൽ അംഗീകരിപ്പിക്കുന്നതിന് ചില നീക്കങ്ങൾ നടന്നിരുന്നു. സ്റ്റേഡിയം കായിക ആവശ്യങ്ങൾക്ക് മാത്രം വിട്ടുനൽകണമെന്നാണ് യു.ഡി.എഫ് തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് കെ. ജാസീംകുട്ടി പറഞ്ഞു. സ്റ്റേഡിയം പണികൾ സെപ്റ്റംബറിൽ തുടങ്ങുമെന്നാണ് പറയുന്നത്. ഈ അവസരത്തിൽ അവിടെ വിവാഹ വേദിക്കായി വിട്ടുനൽകാൻ അപേക്ഷ വാങ്ങിയത് ശയിയായില്ല.
ഡിസംബറിൽ സ്റ്റേഡിയത്തിൽ നഗരസഭയുമായി ബന്ധപ്പെട്ട പരിപാടികൾ നടത്തേണ്ടതിനാൽ നൽകാൻ പാടില്ലെന്നും ജാസീംകുട്ടി പറഞ്ഞു. സ്വകാര്യ ആവശ്യങ്ങൾക്ക് നൽകാൻ പാടില്ലെന്ന് നേരത്തേ തീരുമാനമെടുത്തതാണെന്ന് അഡ്വ. എ. സുരേഷ് കുമാർ പറഞ്ഞു. ഇപ്പോൾ വിവിധ പരിപാടികൾ നടത്തി സ്റ്റേഡിയം തകർന്നുകിടക്കുകയാണ്. കാലുകുത്താനാവാത്ത അവസ്ഥയാണ് ഇപ്പോഴെന്നും അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐ അംഗങ്ങളും ശക്തമായി എതിർത്തു. സ്റ്റേഡിയം സ്വകാര്യ ആവശ്യങ്ങൾക്ക് നൽകാൻ പാടില്ലെന്ന് എസ്. ഷെമീർ പറഞ്ഞു.
നഗരത്തിലെ കുടിവെള്ളപൈപ്പ് ലൈനുകളുടെ പുതിയ ടെൻഡർ നടപടി വേഗം പൂർത്തിയാക്കണമെന്ന് പ്രതിപക്ഷ നേതാവ് ജാസീംകുട്ടി ആവശ്യപ്പെട്ടു. പലസ്ഥലത്തും തെരുവുവിളക്കുകൾ പ്രകാശിക്കുന്നിെല്ലന്നും പുതിയ ലൈനുകൾ വലിക്കാതെ കിടക്കുന്നതായും അദ്ദേഹം പറഞ്ഞു.ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ഉടൻ വിളിച്ചുചേർത്ത് പരിഹാരം കാണുമെന്ന് ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു. ആനപ്പാറ ഗവ. എൽ.പി. എസിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാനുള്ള എസ്റ്റിമേറ്റും അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

