പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ; ഫയർ എൻ.ഒ.സിയും നമ്പറും ഇല്ല
text_fieldsപത്തനംതിട്ട: ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് ഫയർ എൻ.ഒ.സിയും കെട്ടിട നമ്പറും അകലെ. 2021ലായിരുന്നു ടെർമിനലിന്റെ ഉദ്ഘാടനം. എന്നാൽ, ഇതുവരെ കെട്ടിടത്തിന് അഗ്നിരക്ഷാസേനയുടെ ഫയർ എൻ. ഒ.സി ലഭിച്ചിട്ടില്ല. അഗ്നിരക്ഷാസേനയുടെ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് എൻ.ഒ.സി വൈകാൻ കാരണം. മൂന്ന് നില കെട്ടിടം ആയതിനാൽ ലിഫ്റ്റ് വേണമെന്നു അഗ്നിരക്ഷാസേന നിർദേശിച്ചിട്ടുണ്ട്. ഇതനുസരിച്ചു ലിഫ്റ്റിന്റെ പണി തുടങ്ങിയെങ്കിലും പാതിവഴിയിൽ നിലച്ചു.
ഫയർ എൻ.ഒ.സി ലഭിക്കാത്തതിനാൽ നഗരസഭ ഇതുവരെ കെട്ടിട നമ്പറും നൽകിയിട്ടില്ല. നമ്പർ ഇല്ലാത്തതിനാൽ ടെർമിനലിലെ മുറികൾ വാടകക്ക് നൽകാനും കഴിഞ്ഞിട്ടില്ല. നിർമാണം പുരോഗമിക്കുന്നതിനിടെ, 2017ൽ താഴത്തെ നിലയിലുള്ള 18 കടമുറികൾ 13 പേർക്ക് ലേലത്തിൽ നൽകിയിരുന്നു. ഒരുവർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി കടകൾ നൽകുമെന്നായിരുന്നു കെ.എസ്.ആർ.ടി.സിയുടെ വാഗ്ദാനം.
ലേലത്തുകയിൽ ആദ്യഗഡുവും കെ.എസ്.ആർ.ടി.സി വാങ്ങി. ഇതിലൂടെ അഞ്ചുകോടിയോളം രൂപ കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചിരുന്നു. നിർമാണം തീരുന്ന മുറക്ക് കടകൾ തുടങ്ങാൻ മുറികൾ വിട്ടുനൽകും എന്നായിരുന്നു കരാർ. പണികൾ പൂർത്തിയാകും മുമ്പ് 2021ൽ ടെർമിനലിന്റെ ഉദ്ഘാടനം നടത്തി. എന്നാൽ, കടകൾ തുടങ്ങാൻ മുറികൾ വിട്ടുകൊടുത്തില്ല. ലേലം പിടിച്ചവർ മുറികൾ കിട്ടാൻ ദിവസവും കെ.എസ്.ആർ.ടി. സി കയറി ഇറങ്ങിയിട്ടും ഫലം ഉണ്ടായില്ല. കെട്ടിടത്തിനു നഗരസഭയുടെ നമ്പർ ലഭിച്ചാൽ മാത്രമേ കട തുടങ്ങാൻ ലൈസൻസ് ലഭിക്കൂ. ഇതും മുറികൾ വിട്ടുകൊടുക്കുന്നതിന് തടസ്സമായി.
വർഷങ്ങൾ കഴിഞ്ഞതോടെ കടമുറികൾ ലേലം പിടിച്ചവർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. അടച്ച പണം തിരികെ കിട്ടാൻ അവർ ഓഫിസുകൾ കയറിയിറങ്ങി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കലക്ടർക്കും മറ്റും പരാതി നൽകി. ഒടുവിൽ ഏഴുപേരുടെ പണം തവണകളായി കെ.എസ്.ആർ.ടി.സി തിരിച്ചു നൽകി. അവശേഷിക്കുന്നവർക്ക് കാത്തിരിപ്പിലാണ്.
2015 സെപ്റ്റംബറിലാണ് ടെർമിനലിന്റെ നിർമാണം ആരംഭിച്ചത്. ഒമ്പത് കോടി ചെലവഴിച്ചാണ് ബസ് ടെർമിനൽ നിർമിച്ചത്. ഇതിൽ രണ്ടരക്കോടി അന്ന് എം.എൽ.എയായിരുന്ന കെ. ശിവദാസൻ നായരുടെ ആസ്തിവികസനഫണ്ടിൽനിന്നും ബാക്കി 6.54 കോടി കോർപറേഷൻ വകയുമായിരുന്നു. ഉദ്ഘാടനത്തിനുശേഷം കെട്ടിടത്തിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിരവധി പോരായ്കൾ കണ്ടെത്തിയിരുന്നു. കെട്ടിടത്തില്‍ വിള്ളല്‍ കണ്ടെത്തിയതോടെ അറ്റകുറ്റപ്പണി നടത്തി. ഇപ്പോഴും പല ഭാഗത്തും ചോർച്ചയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

