‘മാലാഖ’യാകാൻ മരുന്നിന് പോലുമില്ല സൗകര്യം
text_fieldsകാര്യങ്ങൾ അകന്നുനിന്നപ്പോഴും ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ നഴ്സിങ് കോളജ് എന്നതായിരുന്നു വിദ്യാർഥികളുടെ പ്രതീക്ഷ. എന്നാൽ, രണ്ടുവർഷം പിന്നിടുമ്പോഴും അസൗകര്യം കൂടുകയല്ലാതെ കുറഞ്ഞില്ല. ഇതോടെ സിറിഞ്ച് പിടിക്കേണ്ട കൈകളിൽ ബാനറുകളുമായി ഇവർ പ്രതിഷേധത്തിനിറങ്ങി. എന്നിട്ടും നടപടിയുണ്ടായില്ല. പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നും ആശങ്കപ്പെടണ്ടേതില്ലെന്നും സർക്കാറിന് ഉത്തരവാദിത്തമുണ്ടെന്നും ആരോഗ്യമന്ത്രി ആവർത്തിക്കുമ്പോഴും പരിഹാരമില്ല. കോളജ് ആരംഭിച്ച് രണ്ടുവർഷം പിന്നിട്ടിട്ടും ബാലാരിഷ്ടതകൾ നീക്കാൻ കൃത്യമായ തീരുമാനങ്ങളില്ല. ജില്ല ആസ്ഥാനത്ത് പ്രവർത്തിക്കുന്ന പത്തനംതിട്ട സർക്കാർ നഴ്സിങ് കോളജിലെ വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങളിലേക്ക് ‘മാധ്യമം’ നടത്തുന്ന അന്വേഷണം - ‘മാലാഖ’യാകാൻ മരുന്നിന് പോലുമില്ല സൗകര്യം.
പത്തനംതിട്ട: സർക്കാർ നഴ്സിങ് കോളജിൽ പ്രവേശനം ലഭിച്ചതോടെ തന്റെ ജീവിതം മാറിമറിയുമെന്ന ചിന്തയായിരുന്നു പാലക്കാട് പറമ്പിക്കുളത്തുനിന്നുള്ള ദേവികക്ക്(പേര് സാങ്കൽപികം). ‘മാലാഖ’യാകാൻ മനസ്സ് കൊണ്ടൊരുങ്ങി പത്തനംതിട്ടയിലെത്തിയ ആദിവാസി വിഭാഗത്തിൽനിന്നുള്ള പെൺകുട്ടി ആറുമാസം പിന്നിട്ടതോടെ സ്വപ്നം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി.
ഇത് ഉപരിപഠനമെന്ന ആഗ്രഹത്തിന്റെ അസ്തമയം കൂടിയായതോടെ, രണ്ടുവർഷമായി വീട്ടിൽതന്നെ തുടരുകയാണ്. അസൗകര്യങ്ങളോട് പടവെട്ടി, പ്ലസ് ടുവിന് 72 ശതമാനം മാർക്ക് വാങ്ങി നാടിന് അഭിമാനമായ കുട്ടിയുടെ ഭാവിജീവിതം ഇരുട്ടിൽ നിൽക്കുമ്പോൾ പ്രതിക്കൂട്ടിൽ പത്തനംതിട്ടയിലെ സർക്കാർ നഴ്സിങ് കോളജാണ്.
കോളജിന് ഹോസ്റ്റൽ ഇല്ലാത്തതിനാൽ പുറത്തായിരുന്നു ദേവികയുടെ താമസം. എന്നാൽ, വാടകനൽകാൻ നിവൃത്തിയില്ലാതായതോടെ ആറുമാസം പിടിച്ചുനിന്നതിനൊടുവിൽ പഠനം നിർത്തി പോകുകയായിരുന്നു. ഇ ഗ്രാന്റ് ലഭിച്ചിരുന്നെങ്കിൽ പഠനം തുടരാൻ കഴിയുമായിരുന്നുവെങ്കിലും ഇതിലെ താളപ്പിഴകളും കോഴ്സിന് അംഗീകാരമില്ലാത്തതും വിലങ്ങുതടിയായി. പി.ടി.എ സഹായവാഗ്ദാനം നൽകിയെങ്കിലും എത്രനാളെന്ന ചിന്ത ‘മാലാഖ’യെന്ന സ്വപ്നം എന്നെന്നേക്കുമായി ഉപേക്ഷിക്കുകയെന്ന കടുത്ത തീരുമാനത്തിലേക്ക് എത്തിക്കുകയായിരുന്നു.
ആദ്യവർഷം തന്നെ മറ്റൊരുകുട്ടിയും പാതിവഴിയിൽ പഠനം ഉപേക്ഷിച്ചിരുന്നു. താമസിച്ചിരുന്ന ഹോസ്റ്റൽ ഫീസ് ഒറ്റയടിക്ക് 1500 രൂപ വർധിപ്പിച്ചതോടെയാണ് പഠനം അവസാനിപ്പിച്ചത്.ഇവർ പാതിവഴിയിൽ തിരിഞ്ഞുനടന്നെങ്കിൽ ഇറക്കാനും തുപ്പാനും കഴിയാത്ത നിലയിൽ നിരവധി ഭാവി മാലാഖമാരാണ് ഇവിടെയുള്ളത്.
സർക്കാർ കോളജിലെ പഠനം എന്ന പ്രതീക്ഷയിലായിരുന്നു ഇവരിൽ ഭൂരിഭാഗവും ഇവിടേക്ക് എത്തിയത്. എന്നാൽ, കോന്നിയിലും കോട്ടയത്തുമൊക്കെ ക്ലിനിക്കൽ പഠനത്തിന് പോകാൻ യാത്രക്കൂലി ഇല്ലാത്തതിന്റെ പേരിൽ വിഷമിക്കുകയാണ് പലരും. ഹോസ്റ്റൽ ഇല്ലാത്തതാണ് ഇവർക്ക് വൻ തിരിച്ചടിയായത്. ഉയർന്ന തുക നൽകി പുറത്ത് താമസിച്ചുവേണം പഠനം നടത്താൻ. യാത്രക്ക് കോളജ് ബസ് സൗകര്യവുമില്ല.
2023ലാണ് 60 വിദ്യാർഥികളുമായി പത്തനംതിട്ട കോളജ് റോഡിലുള്ള വാടകക്കെട്ടിടത്തിൽ സർക്കാർ നഴ്സിങ് കോളജ് പ്രവർത്തനം ആരംഭിച്ചത്. ആരോഗ്യമന്ത്രിയുടെ താൽപര്യപ്രകാരമാണ് സ്വന്തം മണ്ഡലത്തിൽ ബി.എസ്സി നഴ്സിങ് കോളജ് ആരംഭിക്കുന്നത്. കോളജിന് ആരോഗ്യസർവകലാശാലയിൽനിന്നും (കെ.യു.എച്ച്.എസ്) കേരള നഴ്സിങ് കൗൺസിലിൽനിന്നും താൽക്കാലിക അംഗീകാരം ലഭിച്ചിരുന്നു.
എന്നാൽ, ഇതുവരെ ഐ.എൻ.സി അംഗീകാരമായിട്ടില്ല. ഇത് കടുത്ത ആശങ്കയാണ് വിദ്യാർഥികളിലും രക്ഷിതാക്കളിലും ഉയർത്തുന്നത്. ഹോസ്റ്റൽ, ഗേൾസ് ഹോസ്റ്റൽ, കാന്റീൻ, ലൈബ്രറി, കോളജ് ബസ്, വൈഫൈ, ഓഡിറ്റോറിയം എന്നിവയെല്ലാം വാഗ്ദാനം ചെയ്താണ് കുട്ടികളെ പ്രവേശിപ്പിച്ചത്. ഇവർ എത്തിയപ്പോഴാണ് ഇതെല്ലാം അധികൃതരുടെ സ്വപ്നമാണെന്ന് വ്യക്തമായത്.
ആദ്യബാച്ച് എത്തി രണ്ടു വർഷം പിന്നിടുമ്പോഴും കോളജിന്റെ പ്രവർത്തനം വാടകക്കെട്ടിടത്തിലാണ്. കോളജിൽ ക്ലിനിക്കൽ പരിശീലനത്തിന് അത്യാവശ്യമായ ലബോറട്ടറികൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യംപോലും ഇല്ല. കെട്ടിടത്തിൽ മതിയായ ക്ലാസ് മുറികളുമില്ല. രണ്ട് ബാച്ചിലുമായുള്ള 118 വിദ്യാർഥികൾക്ക് രണ്ട് ശുചിമുറി മാത്രമാണുള്ളത്. അടുത്ത ബാച്ച് ഉടനെയെത്തും. അവർ കൂടി വന്നാൽ എല്ലാം താളം തെറ്റും.
പ്രതിഷേധിച്ചിട്ടും ഫലമില്ല
എല്ലാം ശരിയാകും എന്നല്ല ‘ശരിയാക്കണം’ എന്ന ബോർഡുമേന്തിയായിരുന്നു കഴിഞ്ഞ ബുധനാഴ്ച പെരുമഴയത്ത് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. അടിസ്ഥാന സൗകര്യം ഒരുക്കണം, കോളജിന് ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ അംഗീകാരം ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം എന്ന ആവശ്യവുമായി ഇവർ പ്രിൻസിപ്പലിനെ ഉപരോധിച്ചു.
കഴിഞ്ഞവർഷവും അടിസ്ഥാന സൗകര്യം ഇല്ലാത്തതിനെ തുടർന്ന് വിദ്യാർഥികൾ സമരവുമായി രംഗത്തിറങ്ങിയിരുന്നു. ഐ.എൻ.സി അംഗീകാരം ഇല്ലാത്തതിനെത്തുടർന്ന് ഒന്നാം സെമസ്റ്റർ ഫലം ആരോഗ്യസർവകലാശാല തടഞ്ഞുവെച്ചിരുന്നു. ഇതും സമരകാരണമായിരുന്നു. പിന്നീട് സർക്കാർ ഇടപെട്ടാണ് ഫലം പ്രസിദ്ധീകരിച്ചത്.
അന്ന് അവർ മന്ത്രിയുടെ ഓഫിസിലേക്കും പ്രകടനം നടത്തി. ഒടുവിൽ തിരുവനന്തപുരത്ത് ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷൻ വിളിച്ച ചർച്ചയിൽ എല്ലാം ഉടൻ പരിഹരിക്കാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ, പിന്നീട് ഒന്നും സംഭവിച്ചില്ല. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു കഴിഞ്ഞ ആഴ്ചയിലെ സമരം. ചില ഉറപ്പുകൾ ലഭിച്ചെങ്കിലും പ്രതീക്ഷയൊന്നുമില്ലെന്ന് വിദ്യാർഥികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

