ഇന്ന് മുതല്‍ ‘എയറില്‍’ ആകാശവാണി പത്തനംതിട്ട
text_fieldsപത്തനംതിട്ട: മണ്ണാറമലയില്‍ പുതിയ എഫ്.എം ട്രാന്‍സ്മിറ്റര്‍ വെള്ളിയാഴ്ച പ്രവർത്തിച്ചുതുടങ്ങുന്നതോടെ ജില്ല ആസ്ഥാനവും ആകാശവാണിയുടെ റേഡിയോ പ്രക്ഷേപണത്തിലേക്ക്.രാജ്യത്തെ മറ്റ് 90 പുതിയ എഫ്.എം സ്റ്റേഷനുകള്‍ക്കൊപ്പം പത്തനംതിട്ടയും വെള്ളിയാഴ്ച മുതല്‍ ‘എയറി’ലാകും. ജില്ലയുടെ അഭിമാന പദ്ധതിയായ എഫ്.എം റേഡിയോ സ്റ്റേഷന്റെ ഉദ്ഘാടനം രാജ്യത്തെ മറ്റുള്ളവക്കൊപ്പം വെള്ളിയാഴ്ച രാവിലെ 10.30ന് വിഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും.
കേരളത്തിൽ, ആലപ്പുഴ ജില്ലയിലെ കായംകുളത്തും പത്തനംതിട്ട ജില്ലയിലെ മണ്ണാറമലയിലുമാണ് പ്രക്ഷേപിണികൾ സ്ഥാപിച്ചത്. 100 വാട്സാണ് ഈ ട്രാൻസ്മിറ്ററുകളുടെ പ്രസരണശേഷി. പത്തനംതിട്ടയിലേത് 100 മെഗാഹെർഡ്സും കായംകുളത്തെ ഫ്രീക്വൻസി 100.1 മെഗാ ഹെഡ്സുമാണ്.
തിരുവനന്തപുരം ആകാശവാണി നിലയത്തില്‍നിന്നുള്ള പരിപാടികള്‍ രാവിലെ അഞ്ചര മുതല്‍ രാത്രി 11.10വരെ തുടര്‍ച്ചയായി പ്രക്ഷേപണം ചെയ്യും. പ്രക്ഷേപണിയുടെ 15 കിലോമീറ്റര്‍ ചുറ്റളവിലെ എഫ്.എം റേഡിയോ ശ്രോതാക്കള്‍ക്കും എഫ്.എം റേഡിയോ സൗകര്യമുള്ള മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കും റേഡിയോ പരിപാടികള്‍ കേള്‍ക്കാം. പത്തനംതിട്ടയിലെ ട്രാന്‍സ്മിറ്റര്‍ സ്ഥാപിച്ചത് ജില്ലയിലെ ഉയര്‍ന്ന പ്രദേശമായ മണ്ണാറമലയിലായതിനാല്‍ 25 കിലോമീറ്റര്‍ ചുറ്റളവില്‍വരെ പരിപാടികള്‍ കേള്‍ക്കാനാകും.
2021ൽ ദൂരദർശന്റെ എല്ലാ റിലേ സെന്ററുകളും നിർത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചപ്പോൾ പത്തനംതിട്ടയിലേത് എഫ്.എം സ്റ്റേഷനായി നിലനിർത്തണമെന്ന് കേന്ദ്ര വർത്താവിതരണ മന്ത്രാലയത്തിൽ സമ്മർദം ചെലുത്തിയിരുന്നെന്ന് ആന്റോ ആന്റണി എം.പി വാർത്തസമ്മേളനത്തിൽ പറഞ്ഞു. റേഡിയോ നിലയത്തിലെ കെട്ടിടത്തിന്റെ പുനരുദ്ധാരണം, എഫ്.എം ഫ്രീക്വൻസി അനുവദിക്കൽ, ട്രാൻസ്മിറ്ററുകൾ എത്തിക്കൽ, വയറിങ് ജോലികൾ പൂർത്തീകരിച്ച് വൈദ്യുതി കണക്ഷൻ തുടങ്ങിയവ പൂർത്തിയായി കഴിഞ്ഞു. എഫ്.എം റേഡിയോ സ്റ്റേഷൻ നേരത്തേ തന്നെ ഉദ്ഘാടനത്തിന് സജ്ജമായതായിരുന്നു. എന്നാൽ, ഇന്ത്യയിലെ 91 സ്റ്റേഷനുകളും ഒരുമിച്ചു ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നതിനാലാണ് ഇത്രയും കാലതാമസം എടുത്തതെന്ന് എം.പി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.