അത്ലറ്റിക്സിലും ഗെയിംസിലും പത്തനംതിട്ട ജില്ല 14ാം സ്ഥാനത്ത്
text_fieldsപത്തനംതിട്ട: സംസ്ഥാന സ്കൂൾ കായികമേളയിൽനിന്ന് ജില്ലക്ക് നിരാശ മടക്കം. ചൊവ്വാഴ്ച മീറ്റിന് സമാപനമായപ്പോൾ ഓവറോൾ പോയിന്‍റ് നിലയിൽ സംസ്ഥാനത്ത് ഏറ്റവും പിന്നിലാണ് പത്തനംതിട്ട. അത്ലറ്റിക്സിലും ഗെയിംസിലും 14ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത പത്തനംതിട്ടക്ക് ആകെ 53 പോയിന്‍റാണുള്ളത്. ഒരു സ്വർണം, ആറു വെള്ളി, 15 വെങ്കലം എന്നിങ്ങനെയാണ് മെഡൽനില. അത്ലറ്റിക്സിൽ രണ്ടു വീതം വെള്ളിയും വെങ്കലവുമടക്കം ആകെ എട്ട് പോയിൻറാണ് നേടാനായത്.
സീനിയർ ഗേൾസ് നെറ്റ്‌ബാളിൾ ജില്ല ടീം സ്വർണ മെഡൽ നേടിയതാണ് അഭിമാനനേട്ടം. ഏക സ്വർണമെഡലും ഇതാണ്. കുറിയന്നൂർ മാർത്തോമ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി അമൽ മനോജ് അത്ലറ്റിക്സിൽ ഇരട്ടനേട്ടം സ്വന്തമാക്കി. ഡിസ്കസ് ത്രോയിൽ വെള്ളിയും ഷോട്ട്പുട്ടിൽ വെങ്കലവുമാണ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ അമൽ സ്വന്തമാക്കിയത്.
മാവേലിക്കര ചെറുകോൽ ഇല്ലത്ത് പരേതനായ ഡി. മനോജിന്‍റെയും കെ. അർച്ചനമോളുടെയും മകനാണ് അമൽ. എൻ.ജി. ശിവശങ്കറും അമൽ സന്തോഷ് ജോസഫുമാണ് പരിശീലകർ. കഴിഞ്ഞ സംസ്ഥാന മേളയിലും അമൽ വെള്ളി നേടിയിരുന്നു.
ജൂനിയർ ആൺകുട്ടികളുടെ 400മീറ്റർ ഹർഡിൽസിൽ ഇരവിപേരൂർ സെന്‍റ് ജോൺസ് എച്ച്.എസ്.എസിലെ സ്റ്റെഫിൻ ടൈറ്റസാണ് മറ്റൊരു വെള്ളി നേട്ടക്കാരൻ. സബ് ജൂനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ കുറിയന്നൂർ മാർത്തോമ എച്ച്.എസിലെ എം. മനു വെങ്കലം നേടി.
ഗെയിംസിൽ 19 നു താഴെയുള്ള പെൺകുട്ടികളുടെ വിഭാഗം ഹോക്കിയിൽ രണ്ടാം സ്ഥാനം നേടാനായി. ഇൻക്ലൂസീവ് കായികമേളയിൽ ക്രിക്കറ്റിൽ വെള്ളിമെഡൽ നേടിയതും അഭിമാനമായി. അടൂർ ജി.ജി.എച്ച്.എസ്.എസിലെ എ. കാശിനാഥിന്‍റെ നേതൃത്വത്തിലായിരുന്നു വെള്ളിനേട്ടം.
കോന്നി ജി.എച്ച്.എസിലെ അമൃതേഷ് കൃഷ്ണ, സാന്റോ സന്തോഷ്, തെങ്ങമം ജി.എച്ച്.എസ്.എസിലെ എസ്.വിഷ്ണു, ഇടപ്പരിയാരം എസ്.എൻ.ഡി.പി എച്ച്.എസ്.എസിലെ മന്ന എഫ്രേം സിംസൺ, കുന്നന്താനം എൻ.എസ്.എസിലെ ഷാരോൺ ജേക്കബ്, കിസുമം ജി.എച്ച്.എസ്.എസിലെ പി.എ. അഭിജിത്, കിഴവള്ളൂർ സെന്റ് ജോർജിലെ പി. ആദിത്യൻ, മാങ്കോട് ജി.വി.എച്ച്.എസിലെ എച്ച്. അൽസാബിർ, പത്തനംതിട്ട ജി.എച്ച്.എസ്.എസിലെ ജീവ ജിജു, തടിയൂർ എൻ.എസ്.എസിലെ എസ്.ആർ. ദേവേഷ്, ഇളമണ്ണൂർ ഇ.വി എച്ച്.എസ്.എസിലെ ഗൗരിനാഥ്, വെണ്ണിക്കുളം സെന്റ് ബെഹനാൻസിലെ അനന്തകൃഷ്ണൻ, തട്ടയിൽ എൻ.എസ്.എസിലെ അദ്വൈത് കൃഷ്ണ, തടിയൂർ എൻ.എസ്.എസിലെ അബിൻ കെ ഷാജി എന്നിവരായിരുന്നു ടീം അംഗങ്ങൾ.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം; പരിശീലകരുമില്ല
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവാണ് ജില്ലയുടെ പിന്നാക്കം പോക്കിന് പ്രധാനകാരണം. ഭൂരിഭാഗം സ്കൂളുകളിലും ട്രാക്കുകളോ മറ്റു സൗകര്യങ്ങളോ ഇല്ല. ഒറ്റപ്പെട്ട സ്കൂളുകളിൽ മാത്രമാണ് മികച്ച പരിശീലന സൗകര്യമുള്ളത്. ഇവർക്കും സാമ്പത്തികം അടക്കം തടസ്സങ്ങൾ മൂലം ചാമ്പ്യൻ സ്കൂൾ എന്ന നിലയിലേക്ക് എത്താൻ കഴിയുന്നില്ല. ജില്ല സ്റ്റേഡിയത്തിന്റെ നവീകരണം നടക്കുന്നതിനാൽ ഇവിടെയും പരിശീലനത്തിന് അവസരമില്ല.
മിക്ക സ്കൂളുകളിലും കായിക അധ്യാപകരില്ല. ജില്ലയിൽ മൊത്തം 52 കായികാധ്യാപകരാണുള്ളത്. ഇതിൽ ആറു പേർ ഈ വർഷം വിരമിക്കും. കായികാധ്യാപകരുടെ അഭാവവും കുട്ടികളുടെ പരിശീലന കുറവും കാരണം ഉപജില്ല കായികമേളകളെല്ലാം ‘ട്രാക്ക്’ തെറ്റിയ നിലയിലാണ് നടന്നത്.
സ്കൂളുകളിൽനിന്ന് പരിശീലനമൊന്നും ലഭിക്കാത്ത കുട്ടികളാണ് ഉപജില്ലകളിൽ പങ്കെടുത്തത്. കായികമേഖലയോട് അധികൃതർ കാട്ടുന്ന അവഗണന മൂലം പുതിയ താരോദയങ്ങൾ ഉണ്ടാകുന്നില്ലെന്നും കായികാധ്യാപകർ പറയുന്നു. സംസ്ഥാനതല മൽസരത്തിൽ ജില്ല പിന്നിലാകുന്നതിന് പ്രധാന കാരണവും ഇതാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

