വിളിയോട് വിളി; ആദ്യദിനം പബ്ലിക് ഫീഡ്ബാക്ക് നമ്പറിന് ‘വിശ്രമമില്ല’
text_fieldsപബ്ലിക് ഫീഡ്ബാക്ക് നമ്പറിന്റെ ഉദ്ഘാടനം പത്തനംതിട്ട സ്റ്റേഷനിൽ ജില്ല പൊലീസ് മേധാവി
ആർ. ആനന്ദ് നിർവഹിക്കുന്നു
പത്തനംതിട്ട: പൊതുജനങ്ങൾക്ക് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട സേവനങ്ങളിൽ പ്രതികരണം അറിയിക്കാൻ ജില്ല പൊലീസ് സജ്ജമാക്കിയ ഫോണിന് ആദ്യദിനം വിശ്രമമില്ല. ജില്ലയിലെ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട പരാതികളും പ്രതികരണങ്ങളും അറിയിക്കാൻ ലക്ഷ്യമിട്ടാണ് മൊബൈൽ നമ്പർ ഏർപ്പെടുത്തിയതെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ഇത് വ്യാപകമായി പ്രചരിച്ചതോടെ സംസ്ഥാനത്തിന്റെ മുഴുവൻ ഭാഗങ്ങളിൽനിന്നും വിളിയെത്തി.
നിർദേശങ്ങളും പരാതികളും അഭിനന്ദനങ്ങളുമൊക്കെയായി വിളികളുടെ ഘോഷയാത്രയായതോടെ നിന്നുതിരിയാൻ സമയമില്ലാത്ത നിലയിലായി ചുമതലയുള്ള ഉദ്യോഗസ്ഥർ. കാസർകോട്ടു മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽനിന്നുമായി ശനിയാഴ്ച മാത്രം ലഭിച്ചത് നൂറിലധികം കോളുകളാണെന്ന് ഇവർ പറഞ്ഞു. മറ്റ് ജില്ലകളിൽനിന്ന് വിളിച്ചവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി അതാത് പൊലീസുമായി ബന്ധപ്പെടാൻ നിർദേശിക്കുകയായിരുന്നു.
പത്തനംതിട്ട പൊലീസ് ഏർപ്പെടുത്തിയ പബ്ലിക് ഫീഡ്ബാക്ക് നമ്പർ സംസ്ഥാനത്തെ മുഴുവൻ പരാതികളും അറിയിക്കാൻ കഴിയുമെന്ന തരത്തിൽ പ്രചരിച്ചതാണ് പ്രശ്നമായതെന്ന് ജില്ല പൊലീസ് പറയുന്നു. പത്തനംതിട്ട ജില്ലയിലെ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ നൽകാനാണ് പബ്ലിക് ഫീഡ്ബാക്ക് നമ്പർ ഏർപ്പെടുത്തിയത്. എന്നാൽ, ചില സമൂഹമാധ്യമ പേജുകൾ ഇത് സംസ്ഥാനതല നമ്പർ എന്ന തരത്തിൽ തെറ്റായി നൽകി. ഇതാണ് പ്രശ്നമായതെന്നും ഇവർ പറയുന്നു.
സ്റ്റേഷനുകളിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരുടെ അവയുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ അറിയിക്കാൻ വെള്ളിയാഴ്ചയാണ് പുതിയ പബ്ലിക് ഫീഡ്ബാക്ക് നമ്പർ ഏർപ്പെടുത്തിയത്. 9497908554 എന്ന മൊബൈൽ നമ്പറിൽ വിളിക്കാമെന്നായിരുന്നു അറിയിപ്പ്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ നമ്പറിന്റെ ഉദ്ഘാടനം ജില്ല പൊലീസ് മേധാവി ആർ. ആനന്ദാണ് നിർവഹിച്ചത്.
പരാതിയുമായി സ്റ്റേഷനിൽ എത്തുന്നവർക്ക് പൊലീസിൽനിന്നുള്ള അനുഭവവും പരാതികളിൽ എടുത്ത നടപടികളും മറ്റും അറിയിക്കാനുള്ള ക്യൂ.ആർ കോഡ് സംവിധാനം ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും നിലവിലുണ്ട്. സ്റ്റേഷനിൽ നിലവിലുള്ള ക്യൂ.ആർ കോഡ് വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് സ്കാൻ ചെയ്ത് സ്റ്റേഷനിലുണ്ടായ അനുഭവങ്ങൾ, നടപടികൾ സംബന്ധിച്ച അഭിപ്രായങ്ങൾ അതിൽ ലഭ്യമാക്കിയിട്ടുള്ള ഗൂഗിൾ ഷീറ്റിൽ രേഖപ്പെടുത്താൻ സാധിക്കും. ഇതിന് പുറമെയാണ് പുതിയ ഫോൺ നമ്പർ പൊതുജനങ്ങൾക്കായി ഏർപ്പെടുത്തിയിരിക്കുന്നത്. ഈ നമ്പറിൽ പരാതികൾ തുടങ്ങിയുള്ള ഏത് കാര്യത്തിനും സ്റ്റേഷനിൽനിന്ന് ലഭിച്ച പ്രതികരണം അറിയിക്കാം.
ജില്ല പൊലീസ് ഓഫിസിൽ പ്രവർത്തിക്കുന്ന പെറ്റീഷൻ സെല്ലിൽ ഈ നമ്പറിൽ ലഭിക്കുന്ന പ്രതികരണങ്ങൾ പരിശോധിക്കും. കൂടാതെ ക്യൂ.ആർ കോഡ്, തുണ പോർട്ടൽ തുടങ്ങിയവ മുഖേനയുള്ള സന്ദേശങ്ങളും പ്രതികരണങ്ങളും പരിശോധിക്കും. ഇതുവഴി തുടർ നടപടികൾ വേഗത്തിലാവുകയും ചെയ്യും.
ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ക്യൂ.ആർ കോഡിനോട് ചേർന്ന് പുതിയ നമ്പർ പതിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കുള്ള സേവനം കൂടുതൽ വേഗത്തിൽ ലഭ്യമാക്കാനും ആധുനിക കാലത്തെ മാറ്റങ്ങൾ ഉൾക്കൊണ്ട് കൂടുതൽ കാര്യക്ഷമമായി പൊലീസിന് പ്രവർത്തിക്കാനും ജനങ്ങൾക്ക് സേവനങ്ങൾ ഉറപ്പാക്കാനും ഇതുപോലെയുള്ള നടപടികൾ ഉപകരിക്കുമെന്നും ജില്ല പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു. ഉദ്ഘാടനത്തിൽ അഡീഷനൽ എസ്.പി പി.വി. ബേബി, പത്തനംതിട്ട ഡിവൈ.എസ്.പി എസ്. ന്യൂമാൻ, പൊലീസ് ഇൻസ്പെക്ടർ കെ. സുനു കുമാർ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

