പത്തനംതിട്ട ജില്ലക്ക് നാളെ 40ാം പിറന്നാൾ
text_fields1. പത്തനംതിട്ട ജില്ല സ്റ്റേഡിയം, 2. കെ.കെ. നായരുടെ പ്രതിമ
•സ്വപ്നങ്ങൾ മുരടിച്ച് കാർഷിക മേഖല •വില്ലനായി പ്രളയം •പ്രയോജനപ്പെടുത്താതെ ടൂറിസം സാധ്യതകൾ
•നേട്ടമായി മെഡിക്കൽ കോളജ്
പത്തനംതിട്ട: കേരളപ്പിറവി ദിനത്തിൽ ജില്ല 40ാം വയസ്സിലേക്ക്. 1982 നവംബർ ഒന്നിനാണ് ജില്ല രൂപവത്കരിച്ചത്. അന്നത്തെ പത്തനംതിട്ടയുടെ നിയമസഭ സാമാജികൻ കെ.കെ. നായരുടെ പ്രയത്നങ്ങളാണ് ജില്ല രൂപവത്കരണത്തിന് കാരണമായത്.
സ്വതന്ത്ര സ്ഥാനാർഥിയായി പത്തനംതിട്ടയിൽനിന്ന് വിജയിച്ച ഇദ്ദേഹത്തിന് പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ കേരള മന്ത്രിസഭയെ സഹായിക്കാനായി. ഇതിനുള്ള പ്രത്യുപകാരം അവസരമാക്കി പത്തനംതിട്ട ജില്ല എന്ന ചിരകാല ആവശ്യം അദ്ദേഹം നേടിയെടുക്കുകയായിരുന്നു. 2642 ചതുരശ്രകിലോമീറ്ററാണ് ജില്ലയുടെ വിസ്തീർണം, ഇതിൽ 1300.73 ചതുരശ്രകിലോമീറ്റർ സ്ഥലം വനപ്രദേശമാണ്.
പരാതിയും പരിഭവവും ഒട്ടേറെ
ജില്ല രൂപംകൊണ്ട് വർഷങ്ങൾ കഴിഞ്ഞിട്ടും വികസനരംഗത്ത് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന പരാതിയും പരിഭവവും നിലനിൽക്കുന്നു. റോഡുകൾ, പാലങ്ങൾ, ആശുപത്രികൾ, കുടിവെള്ള വിതരണം, വിദ്യാഭ്യാസ മേഖലകളിൽ എറെ നേട്ടങ്ങൾ കൈവരിക്കാനായിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. സാമ്പത്തികമായും ജില്ല ഏറെ മുന്നേറിയിട്ടുണ്ട്. സംസ്ഥാനത്ത് കൂടുതൽ വിദേശ നിക്ഷേപമുള്ള ജില്ലയെന്ന പേരുമുണ്ട്. അതേസമയം, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും കാർഷിക മേഖലയിൽ മാറ്റങ്ങളുണ്ടാക്കുന്നതിലും പുറകിലാണ്. കലക്ടറേറ്റ് മന്ദിരവും മിനിസിവിൽ സ്റ്റേഷനും റിങ് റോഡുമൊക്കെ ജില്ല കേന്ദ്രത്തിന് അഭിമാനമാണ്. ഏറ്റവുമൊടുവിൽ കോന്നി മെഡിക്കൽ കോളജും എടുത്തു പറയാവുന്നതാണ്. എം.ബി.ബി.എസിന് അഡ്മിഷൻ ആരംഭിക്കാനും കഴിഞ്ഞു.
ജില്ലയുടെ വികസനത്തിന് ഭാവനാപൂർണമായ പല പദ്ധതികളും രൂപംകൊണ്ടത് കെ.കെ. നായരുടെ കാലത്താണ്. എന്നാൽ, അദ്ദേഹത്തിന് ശേഷം ജില്ല ആസ്ഥാനത്തും മറ്റ് താലൂക്കിലും കാര്യമായ വികസനം എത്തിയില്ല.
ജില്ല ആസ്ഥാനത്തെ പല പദ്ധതികളും പ്രഖ്യാപനത്തിലൊതുങ്ങി. മാറിമാറി വന്ന ജനപ്രതിനിധികളും മന്ത്രിമാരും ജില്ലയുടെ വികസന കാര്യത്തിൽ ദീർഘവീക്ഷണത്തോടെ ഇടപെടുന്നില്ല. പ്രഖ്യാപനങ്ങൾ പലതും നടപ്പാകാതെ കിടക്കുകയാണ്.
സ്വകാര്യ ബസ്സ്റ്റാൻഡിന്റെ സ്ഥിതി പരിതാപകരമാണ്. വർഷങ്ങൾ കഴിഞ്ഞിട്ടും നവീകരണം എങ്ങുമെത്തിയില്ല. ജില്ല ആസ്ഥാനത്ത് മാലിന്യ സംസ്കരണത്തിന് നൂതന പദ്ധതികളൊന്നും നടപ്പായില്ല. മാലിന്യ സംസ്കരണ പദ്ധതികൾ പലതും താളംതെറ്റിയ നിലയിലുമാണ്. യാത്രക്ലേശത്താൽ ഗ്രാമപ്രദേശങ്ങളിൽ ജനം വലയുകയാണ്. ജില്ല ആസ്ഥാനത്ത് പകലും രാത്രിയും എത്തുന്നവർക്ക് ബസ് സൗകര്യം കുറവാണ്. ഓട്ടോക്കാരുടെ കൊള്ളക്കും ഒരു നിയന്ത്രണവുമില്ല.
പത്തനംതിട്ടയിലെ സ്റ്റേഡിയം വികസനം വർഷങ്ങൾ ആയിട്ടും നടപ്പായില്ല. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച്ചുള്ള സ്റ്റേഡിയം വികസനവും മുടങ്ങിക്കിടക്കുകയാണ്.
വർഷങ്ങൾ കഴിഞ്ഞിട്ടും സുബല പാർക്ക് നിർമാണം പൂർത്തിയാക്കാനായില്ല. കോഴഞ്ചേരി പാലത്തിന്റെ പണിയും പാതിവഴിയിൽ മുടങ്ങി. കടമ്മനിട്ട പടയണി ഗ്രാമം പദ്ധതിയും വർഷങ്ങളായിട്ടും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. പ്രദേശം കാടുമൂടി കിടക്കുന്നു.
വേണം ഫലപ്രദമായ ടൂറിസം പദ്ധതികൾ
ശബരിമല ഉൾപ്പെടെ പ്രമുഖങ്ങളായ നിരവധി തീർഥാടനകേന്ദ്രങ്ങൾ, അരഡസനിലധികം അണക്കെട്ടുകൾ, ജലവൈദ്യുതി പദ്ധതികൾ, പ്രകൃതിസുന്ദരമായ പ്രദേശങ്ങൾ എന്നിവ ജില്ലയുടെ പ്രത്യേകതയാണ്. എന്നിട്ടും ഫലപ്രദമായ ടൂറിസം പദ്ധതികളൊന്നും ഇല്ല. പത്തനംതിട്ട കേന്ദ്രമായി പുതിയ താലൂക്ക് വേണം എന്നത് നാടിന്റെ ദീർഘനാളായുള്ള ആവശ്യമാണ്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഇത് സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കി റവന്യൂ വകുപ്പ് നൽകിയതാണെങ്കിലും നടപടിയുണ്ടായില്ല.
വികസനകാര്യത്തിൽ പ്രതീക്ഷക്കൊത്തുയരാൻ കഴിയാത്ത ജില്ലക്ക് മുമ്പെങ്ങും ഉണ്ടാകാത്ത രീതിയിൽ പ്രളയവും ഭീഷണിയാകുന്നു. സുരക്ഷിതമെന്ന് കരുതിയിരുന്ന റാന്നിയും മല്ലപ്പള്ളിയും അടക്കം സ്ഥലങ്ങളൊക്കെ കാലവർഷം തുടങ്ങിയാൽ നദികൾ കരകവിഞ്ഞ് വെള്ളത്തിൽ മുങ്ങുന്നതുമൂലം വ്യാപാര മേഖലയിലടക്കം വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. കിഴക്കൻ മലയോര മേഖല ഉരുൾ പൊട്ടലിന്റെ ഭീതിയിലുമാണ്.
വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതു മൂലം കർഷകർ കൃഷിയിൽനിന്ന് പിൻവാങ്ങുകയും അപ്പർകുട്ടനാട് പ്രളയത്തിൽ മുങ്ങുകയും ചെയ്യുമ്പോൾ ജില്ലയുടെ കാർഷിക പുരോഗതിയും വഴിമുട്ടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

