Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപത്തനംതിട്ട ജില്ലക്ക്...

പത്തനംതിട്ട ജില്ലക്ക് പുതിയ പദ്ധതികളില്ല

text_fields
bookmark_border
budget 2022
cancel

പത്തനംതിട്ട: സംസ്ഥാന ബജറ്റിൽ ജില്ലക്ക് പുതിയ പദ്ധതികളില്ല. എന്നാൽ, നിയോജക മണ്ഡലം അടിസ്ഥാനത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിന് തുക വകയിരുത്തി. വെള്ളപ്പൊക്ക ഭീഷണി നേരിടാൻ കോട്ടയം, ആലപ്പുഴ ജില്ലകൾക്കായി 33 കോടി അനുവദിച്ചപ്പോൾ പത്തനംതിട്ടയെ ഉൾപ്പെടുത്തിയില്ല. പ്രളയക്കെടുതി നേരിടുന്ന റാന്നി, ആറന്മുള, തിരുവല്ല മേഖലകൾ അടങ്ങുന്ന ജില്ലയെ തഴഞ്ഞെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.

കോവിഡ് പ്രതിസന്ധിയിൽ നാട്ടിലെത്തിയ പ്രവാസികളുടെ ക്ഷേമത്തിന് ബജറ്റിൽ പരിഗണനയില്ലെന്ന് ആക്ഷേപമുണ്ട്. നെല്ലുൽപാദന വർധനക്കുള്ള പദ്ധതിയിലും അപ്പർകുട്ടനാട് കർഷകരെ ഉൾപ്പെടുത്തിയിട്ടില്ല.

ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതികൾക്ക് 30 കോടി അനുവദിച്ചു. ഹിൽടോപ്പിൽനിന്ന് മണപ്പുറത്തേക്ക് പമ്പക്ക് കുറുകെ പാലം നിർമിക്കുന്നതിന് 15 കോടിയുടെ നിർദേശം നേരത്തേ സർക്കാറിന് സമർപ്പിച്ചിരുന്നു. നിലക്കൽ അടിസ്ഥാന സൗകര്യ വികസനത്തിന് എട്ടുകോടിയും സന്നിധാനത്തേക്കുള്ള കുടിവെള്ള പൈപ്പ് ലൈനിന് അഞ്ച് കോടിയും ചെലവഴിക്കുമെന്നാണ് അറിയുന്നത്. എം.സി റോഡ് വികസനത്തിനായി ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കോ ടൂറിസം മേഖലകൾക്കുള്ള പദ്ധതിയുടെ പ്രയോജനവും ജില്ലക്കു ലഭ്യമാകും.

തീർഥാടന ടൂറിസം സർക്യൂട്ടുകൾ ശക്തിപ്പെടുത്താനുള്ള ബജറ്റ് നിർദേശമുണ്ട്. ശബരിമല, അച്ചൻകോവിൽ, ആര്യങ്കാവ്, കുളത്തൂപ്പുഴ, കൊട്ടാരക്കര, പന്തളം, ചെങ്ങന്നൂർ, എരുമേലി സർക്യൂട്ടിന് ആവശ്യമായ പദ്ധതി തയാറാക്കും. ജില്ലയിലെ ആസൂത്രണസമിതി ഓഫിസുകൾക്ക് കെട്ടിടം നിർമിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി 15.42 കോടി രൂപ വകയിരുത്തി.

ആറന്മുള കോഴഞ്ചേരി റിങ് റോഡിന് 10 കോടി അനുവദിച്ചത് കോഴഞ്ചേരിയിലെ വാഹനക്കുരുക്കിന് പരിഹാരമാകും. മാന്തുക-കോട്ട, കുമ്പഴ-പ്ലാവേലി, ഇരവിപേരൂർ-പുല്ലാട് റോഡുകൾക്ക് തുക അനുവദിച്ചു. പമ്പ- അച്ചൻകോവിൽ ഹെറിറ്റേജ് പദ്ധതിയിൽ വലഞ്ചുഴി ടൂറിസം ഉൾപ്പെടുത്തി. ആറന്മുളയിൽ വനിത ക്രാഫ്റ്റ്‌സ് വില്ലേജിന് മൂന്നുകോടി രൂപ അനുവദിച്ചു. കോഴഞ്ചേരി ജില്ല ആശുപത്രിയിൽ കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്ന ആകാശ നടപ്പാതക്കും തുക വകയിരുത്തി.

ശബരിമല വിമാനത്താവളത്തിന് 20 കോടി

റാന്നി: റാന്നിയുടെ ദീർഘകാലമായ ആവശ്യമായിരുന്ന ശബരിമല വിമാനത്താവളത്തിന് ബജറ്റിൽ 20 കോടി രൂപ വകയിരുത്തിയത് വികസന സ്വപ്നങ്ങൾക്ക് ചിറക് നൽകും. ശബരിമല മാസ്റ്റർ പ്ലാൻ (30 കോടി) തുക വർധിപ്പിച്ചതും തീർഥാടന സർക്യൂട്ടിൽ ശബരിമലയെ ഉൾപ്പെടുത്തിയതും പമ്പസംരക്ഷണത്തിനായി പദ്ധതി പ്രഖ്യാപിച്ചതും ഗുണം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി റാന്നിയിൽ എത്തിയപ്പോൾ മുതൽ പ്രമോദ് നാരായണന്‍റെ വാഗ്ദാനമായിരുന്നു, നോളജ് വില്ലേജിന്റെ ഭാഗമായ സ്കിൽ പാർക്ക്. അംഗൻവാടി മുതൽ ഉന്നത വിദ്യാഭ്യാസരംഗം വരെയുള്ള കുട്ടികളുടെ സർഗാത്മക കഴിവുകൾ കണ്ടെത്തി അവ പരിപോഷിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഇതോടൊപ്പം നവീന ആശയങ്ങളായ അയിരൂർ തെക്കൻ കലാമണ്ഡലം, മണിയാർ കാരവൻ പാർക്ക്, വെച്ചൂച്ചിറ ക്ഷീരഗ്രാമം എന്നിവയും റാന്നിയുടെ കലാ-സാംസ്കാരിക- ഉൽപാദന-തൊഴിൽമേഖലകൾക്ക് പുതിയ മാനം നൽകും. ബജറ്റിൽ ഉൾപ്പെട്ട റാന്നിയിലെ മറ്റ് പ്രധാന പ്രവൃത്തികൾ: കുരുമ്പൻമൂഴി പാലം, അറയാഞ്ഞിലി മൺപാലം, പെരുനാട് വിമൻ ആൻഡ് ചിൽഡ്രൻ ആശുപത്രി, ജാക്ക് ഫ്രൂട്ട് പാർക്ക് റാന്നി, പമ്പയിൽ ഫയർ സ്റ്റേഷൻ, അയിരൂർ ജില്ല ആയുർവേദ ആശുപത്രിക്ക് കെട്ടിടം, റാന്നി ട്രാഫിക് പൊലീസ് സ്റ്റേഷൻ,വലിയ കാവ് റിസർവ് റോഡ്, ഇട്ടിയപ്പാറ -ഒഴുവൻപാറ റോഡ്, ആലപ്ര റിസർവ് റോഡ്, പി.ഡബ്ല്യുഡി കോംപ്ലക്സ്, കോട്ടാങ്ങൽ പഞ്ചായത്ത് കെട്ടിടം, വടശ്ശേരിക്കര വ്യാപാരസമുച്ചയം, പെരുനാട് മിനി സിവിൽ സ്റ്റേഷൻ മൂന്നാം ഘട്ടം. തെള്ളിയൂർക്കാവ് പടയണി കോലപ്പുര, നീരാട്ടുകാവ് കുടിവെള്ള പദ്ധതി.

കോന്നിയിൽ പാലങ്ങൾക്കും റോഡുകൾക്കും മുൻഗണന

കോന്നി: സംസ്ഥാന ബജറ്റ് കോന്നി നിയോജക മണ്ഡലത്തിന് വലിയ പരിഗണനയാണ് നൽകിയതെന്ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കോന്നിയുടെ ദീർഘകാല ആവശ്യങ്ങൾ ബജറ്റിൽ പരിഗണിച്ചിട്ടുണ്ട്.

മെഡിക്കൽ കോളജിനും സി.എഫ്.ആർ.ഡി കോളജിനും തുക നീക്കി വെച്ചതും റബർ കർഷകർക്ക് സബ്സിഡിക്ക് 500 കോടിയും വന്യമൃഗ അക്രമം തടയാൻ തുക അനുവദിച്ചതുമെല്ലാം കാർഷിക മേഖലക്ക് ഉണർവേകും. നിരവധി പൊതുമരാമത്ത് റോഡുകൾ ഉന്നത നിലവാരത്തിലാക്കാൻ പണം അനുവദിച്ചിട്ടുണ്ട്. ചിറ്റൂർ കടവ്, മാത്തൂർ, തൃപ്പാറ പാലങ്ങൾ ബജറ്റിൽ ഉൾപ്പെട്ടതും കലഞ്ഞൂർ മാർക്കറ്റിൽ ഷോപ്പിങ് കോംപ്ലക്സിന് മൂന്നു കോടി ലഭിച്ചത് എടുത്തു പറയേണ്ടതാണ്. കോന്നിക്ക് മികച്ച പരിഗണന നൽകിയ ധനകാര്യ മന്ത്രിയെ അഭിനന്ദിക്കുന്നതായും എം.എൽ.എ പറഞ്ഞു.

കോന്നി നിയോജക മണ്ഡലത്തിന് അനുവദിച്ച പ്രധാന പദ്ധതികൾ: ഗുരുനാഥന്‍മണ്ണ്‍ -സീതത്തോട് -22ാം ബ്ലോക്ക് -ആങ്ങമൂഴി -കോട്ടമണ്‍ പാറ -അള്ളുങ്കല്‍ റോഡ് 10.50 കോടി, കലഞ്ഞൂർ മാർക്കറ്റിൽ ആധുനിക ഷോപ്പിങ് കോംപ്ലക്സ് മൂന്നു കോടി, ചിറ്റൂര്‍ കടവ്, മാത്തൂര്‍, തൃപ്പാറ പാലങ്ങള്‍ 20 കോടി, കോന്നി ഫ്ലൈ ഓവര്‍ 100 കോടി, കുരിശ്ശുമുക്ക്-സ്റ്റേഡിയം ജങ്ഷന്‍ -നെല്ലിമുരുപ്പ്-കൂടല്‍ റോഡ് നാല് കോടി, ഏനാദിമംഗലം-പുത്തന്‍ചന്ത-തേപ്പുപാറ റോഡ് 4.25 കോടി, കോന്നി ബൈപാസ് 50 കോടി, കലഞ്ഞൂരില്‍ സര്‍ക്കാര്‍ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് 50 കോടി, കുരുശ്ശുമൂട്-കൊട്ടിപ്പിള്ളേത്ത് റോഡ് ആറു കോടി, ആധുനിക മൃഗാശുപത്രി 15 കോടി, തണ്ണിത്തോട്ടില്‍ ആന പുനരധിവാസ കേന്ദ്രം 10 കോടി, വെട്ടൂര്‍-കാഞ്ഞിരപ്പാറ-കിഴക്കുപുറം-വടക്കുപുറം റോഡ് ഏഴു കോടി, ചേരീമുക്ക്- പി.എം. റോഡ് രണ്ടു കോടി, പൊതുരാമത്ത് റെസ്റ്റ് ഹൗസ് 25 കോടി, കോന്നി ടൂറിസം വികസനം 25 കോടി, ഏനാദിമംഗലം-അയണിയാട്ട്പടി-മുരുപ്പേല്‍ത്തറ-നെല്ലിക്കുന്നം-കോരുവിള റോഡ് മൂന്ന് കോടി, വാകപ്പാറ-കുളത്തുമണ്‍-സണ്ണിമുക്ക്-കമ്പകത്തുംപച്ച-പൂമരുതിക്കുഴി റോഡ് 10 കോടി, കോന്നിയില്‍ കോടതി സമുച്ചയം 50 കോടി, മറൂര്‍-ഇരപ്പുകുഴി-വട്ടക്കുളഞ്ഞി-പുലരി ജങ്ഷന്‍- തെങ്ങുംകാവ്-ഈട്ടിമൂട്ടില്‍പടി റോഡ് 6 കോടി, വ്യവസായ പാര്‍ക്ക്100 കോടി, ഡെന്‍റല്‍ കോളജ് 50 കോടി.

അടൂരിന് 77 കോടി വികസനവും ജനക്ഷേമവും മുൻകൂട്ടി കണ്ടുള്ള ബജറ്റെന്ന് ഡെപ്യൂട്ടി സ്പീക്കർ

അടൂർ: സംസ്ഥാന ബജറ്റിൽ അടൂർ നിയോജക മണ്ഡലത്തിന്‍റെ വികസനത്തിനായി 77 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. അടൂർ കെ.എസ്.ആർ.ടി.സി കാൽനട മേൽപാലത്തിന് 5.5 കോടി, മണ്ണടി വേലുത്തമ്പി ദളവ പഠനഗവേഷണ കേന്ദ്രത്തിന് മൂന്നുകോടി, അടൂർ പൊതുമരാമത്ത് കോംപ്ലക്സിന് അഞ്ചുകോടി എന്നിങ്ങനെ പദ്ധതികൾക്ക് പ്രത്യേക ഭരണാനുമതിയും ലഭിച്ചു.

അടൂർ റവന്യൂ കോംപ്ലക്സിനും പുതിയകാവിൽ ചിറ ടൂറിസത്തിനും അടൂർ സാംസ്കാരിക സമുച്ചയത്തിനും അഞ്ചുകോടി വീതം, അടൂർ ഹോമിയോ കോംപ്ലക്സിന് എട്ടുകോടി, ഏറത്ത് ഗ്രാമപഞ്ചായത്ത് ഓഫിസിന് ഒന്നരക്കോടി, നെല്ലിമുകൾ-തെങ്ങമം‌-വെള്ളച്ചിറ-ആനയടി റോഡിന് പത്തുകോടി രൂപ എന്നിങ്ങനെ അനുവദിച്ചു. പന്തളത്ത് തീർഥാടന ടൂറിസം സർക്യൂട്ട് ആരംഭിക്കുമെന്നും ബജറ്റിൽ പറയുന്നു.

പന്തളം കോളജ് ജങ്ഷനിൽ കാൽനട മേൽപാലത്തിന് 5.5 കോടി, പന്തളം എ.ഇ.ഒ ഓഫിസിന് 2.3 കോടി, പന്തളം സബ്ട്രഷറിക്ക് 3.3 കോടി, ചിറമുടി പദ്ധതിക്ക് 2.5 കോടി, പന്തളം സബ് രജിസ്ട്രാർ ഓഫിസിന് 4.5 കോടി, പന്തളം മൃഗാശുപത്രിക്ക് രണ്ടുകോടി, കൊടുമൺ മുല്ലോട്ട് ഡാമിന് 3.5 കോടി എന്നിവയാണ് മറ്റു ശ്രദ്ധേയ പ്രഖ്യാപനങ്ങൾ. കൂടാതെ സ്കിൽ എക്കോ സിസ്റ്റം വിപുലീകരിക്കാൻ സ്കിൽ കോഴ്സിനായി അടൂരിന് ഒരുകോടി രൂപയും അനുവദിച്ചു. പ്രതിസന്ധികാലഘട്ടത്തിലും വികസനവും ജനക്ഷേമവും മുൻകൂട്ടി കണ്ടുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.

റാന്നി എം.എൽ.എയുടെ സ്വപ്നപദ്ധതിക്ക് 10 കോടി

റാന്നി: എം.എൽ.എ എന്ന നിലയിൽ തന്റെ സ്വപ്നപദ്ധതി ആയിരുന്നു റാന്നി നോളഡ്ജ് വില്ലേജെന്ന് പ്രമോദ് നാരായണൻ എം.എൽ.എ പറഞ്ഞു. റാന്നിയിൽ ഇന്നവേഷൻ ഹബ് ഉൾപ്പെടെയുള്ള സ്കിൽ പാർക്ക് ബജറ്റിൽ അനുവദിച്ചത് വഴി നാടിന്‍റെ സമഗ്ര വൈജ്ഞാനിക മുന്നേറ്റത്തിന് വഴിയൊരുക്കും.

നൂതനമായ ഈ ആശയത്തിന് 10 കോടി രൂപയാണ് അടങ്കൽ തുകയായി ബജറ്റിൽ ഉൾപ്പെടുത്തിയത്. നോളഡ്ജ് വില്ലേജ് എന്ന ആശയം നിരവധി തവണ മുഖ്യമന്ത്രി പിണറായി വിജയനുമായും ധനമന്ത്രി കെ.എൻ. ബാലഗോപാലുമായും ചർച്ച ചെയ്തിരുന്നു. ബജറ്റിൽ പദ്ധതിക്ക് പണം അനുവദിച്ച മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും റാന്നി ജനതയുടെ സ്നേഹവും കടപ്പാടും അറിയിക്കുന്നതായി എം.എൽ.എ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള പ്ലാനിങ് സാമ്പത്തികകാര്യ വിഭാഗത്തിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന കെ. ഡിസ്കിനാണ് പദ്ധതിയുടെ നിർവഹണച്ചുമതല. മണിമലയാറ്റിൽ കോട്ടാങ്ങലിലെ ചിറക്കൽ പാറയിൽ കോട്ടയം ജില്ലയുമായി ബന്ധിപ്പിക്കുന്നതിന് പാലം നിർമിക്കാൻ 13 കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തിയതും ശ്രദ്ധേയമായെന്നും എം.എൽ.എ പറഞ്ഞു.

ജില്ലയെ അവഗണിച്ചു -ഡി.സി.സി പ്രസിഡന്‍റ്

പത്തനംതിട്ട: ജില്ലയുടെ വികസനത്തിന് സഹായകരമായ ഒരു പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. ആലപ്പുഴ, കോട്ടയം ജില്ലകൾക്ക് പ്രളയഫണ്ട് അനുവദിച്ചെങ്കിലും പത്തനംതിട്ടക്ക് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. കോവിഡാനന്തരം മടങ്ങി എത്തിയ പ്രവാസികള്‍ക്ക് സഹായം നല്‍കുന്ന പദ്ധതിയും ബജറ്റില്‍ കൊള്ളിച്ചിട്ടില്ല. റാന്നിയില്‍ നോളജ് വില്ലേജ് പ്രഖ്യാപിച്ചെങ്കിലും നേരത്തേ അനുവദിച്ച ഐ.ടി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഇപ്പോഴും വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും അതിന് പരിഹാരം കാണാന്‍ നടപടിയില്ല. ബജറ്റില്‍ എടുത്തുപറയത്തക്ക ഒരു പദ്ധതിയും ജില്ലക്കായി പ്രഖ്യാപിച്ചിട്ടില്ലെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ വിക്ടർ ടി. തോമസ് പറഞ്ഞു. സമീപജില്ലകള്‍ക്കായി നിരവധി പദ്ധതികള്‍ അനുവദിച്ചിട്ടുണ്ട്. ഒരു സമാശ്വാസ പദ്ധതിയും ഇല്ല എന്നത് ജില്ലയോടുള്ള അവഗണനയാണ്.

2018 മുതല്‍ തുടര്‍ച്ചയായ പ്രളയങ്ങളെ നേരിട്ടുവരുന്ന പത്തനംതിട്ട ജില്ലയെ പ്രളയം നേരിടാനുള്ള പദ്ധതികളില്‍ പോലും അവഗണിച്ചു. വന്യജീവി ആക്രമണങ്ങളെ നേരിട്ടുവരുന്ന മലയോര കര്‍ഷകരെയും ബജറ്റ് കണ്ടില്ലെന്ന് നടിച്ചു. പട്ടയത്തിനുവേണ്ടി കാത്തിരിക്കുന്ന മലയോര കര്‍ഷകരെയും തീര്‍ത്തും അവഗണിച്ചു.

തിരുവല്ലയിൽ 178.5 കോടിയുടെ പ്രവൃത്തി

തിരുവല്ല: മല്ലപ്പള്ളി കോമളം പാലത്തിന് 20 ശതമാനം തുക ഉൾപ്പെടെ തിരുവല്ല നിയോജകമണ്ഡലത്തിൽ 178.5 കോടി രൂപയുടെ പ്രവൃത്തികൾ ബജറ്റിൽ പ്രഖ്യാപിച്ചു. കോമളം പാലം നിർമാണം തുടങ്ങാൻ 2.4 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 12 കോടിയാണ് പുതിയ പാലത്തിനായി എസ്റ്റിമേറ്റ് കണക്കാക്കുന്നത്.

ഇതുകൂടാതെ കറ്റോട് പാലം 5 കോടി, കടപ്ര -വീയപുരം 9 കോടി, എം.സി റോഡിലെ മുത്തൂരിൽ ഫ്ലൈ ഓവർ 25 കോടി, വിദ്യാഭ്യാസ കോപ്ലക്‌സ് 15 കോടി, പന്നായി -തേവേരി റോഡ് 6 കോടി, നിരണം ഇരതോടിൽ ഹെൽത്ത് സബ് സെന്ററും ക്യാമ്പ് ഷെൽട്ടറും 2.5 കോടി, ആലംതുരുത്തി - പനച്ചമൂട് - തോക്കിനടി - ചക്കുളത്ത് കടവ് - പനച്ചമൂട് റോഡ് 8 കോടി, കാഞ്ഞിരത്തുംമൂട് - ചാത്തങ്കരി കടവ് - മണക്ക് ആശുപത്രി റോഡ് 10 കോടി, മന്നംകരച്ചിറ പാലം 6.5 കോടി, ഡക്ക്ഫാം -ആലുതുരുത്തി - കുത്തിയതോട് -ഇരമല്ലിക്കര റോഡ് 10 കോടി തുടങ്ങിയ പ്രവൃത്തികൾക്ക് ടോക്കൺ തുകയും അനുവദിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittakerala budget 2022
Next Story