ഓണത്തിരക്കിലമർന്ന് പത്തനംതിട്ട ജില്ല കേന്ദ്രം; വൻ ഗതാഗതക്കുരുക്ക്
text_fieldsപത്തനംതിട്ട: ഓണത്തിരക്കിലമർന്നതോടെ ജില്ല കേന്ദ്രമായ പത്തനംതിട്ട നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. സെൻട്രൽ ജങ്ഷൻ, കെ.എസ്.ആർ.ടി.സി റോഡ്, പോസ്റ്റ് ഓഫിസ് റോഡ്, ടി.കെ റോഡ് എന്നിവിടങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ടി.കെ റോഡിൽനിന്നുള്ള വാഹനനിര പലപ്പോഴും സെൻട്രൽ ജങ്ഷൻവരെ നീളും.
ഓണക്കാലമായതോടെ മിക്കവരും വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് സെൻട്രൽ ജങ്ഷനിൽ എത്തുന്നത് കുരുക്ക് രൂക്ഷമാക്കുന്നു. അബാനിലും സെൻട്രൽ ജങ്ഷനിലും വഴി ചോദിക്കാൻ ചിലർ വാഹനങ്ങൾ നിർത്തുന്നതും കുരുക്കു മുറുകുന്നു. ബസുകൾ പഴയ സ്റ്റാൻഡിൽ കയറാതെ സെൻട്രൽ ജങ്ഷൻവഴി പോകുന്നതും കുരുക്കുണ്ടാക്കുന്നു. സെൻട്രൽ ജങ്ഷനിൽ റോഡിലെ വീതിക്കുറവും ഇവിടുത്തെ പാർക്കിങ്ങും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
പൈപ്പിടാൻ കുഴിച്ചതോടെ റോഡിന്റെ വീതി പകുതിയായത് വാഹനങ്ങൾ കടന്നുവരാൻ പ്രയാസമാകുന്നു. രാവിലെയും വൈകീട്ടുമുള്ള അനധികൃത പാർക്കിങ്ങും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. അബാൻ മേൽപാലത്തിന്റെ പണിയുടെ പേരിൽ റിങ് റോഡ് വഴി പോയിരുന്ന കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ സെൻട്രൽ ജങ്ഷൻ വഴിയാക്കിയിരുന്നു. ഈ ബസുകൾ പഴയപോലെ റിങ് റോഡ് വഴിതിരിച്ചു വിട്ടാൽ കുരുക്കിന് വലിയ തോതിൽ ആശ്വാസമാകും. എന്നാൽ, ഇപ്പോൾ ബസുകൾ തോന്നിയ പോലെയാണ് പോകുന്നത്. കുറേ ബസുകൾ റിങ് റോഡ് വഴിയും മറ്റുള്ളവ സെൻട്രൽ ജങ്ഷൻ വഴിയുമാണ് പോകുന്നത്.
ഏതു വഴിയിലൂടെയാണ് ബസ് പോകുന്നതെന്നു തീർച്ചയില്ലാത്തതിനാൽ അടൂർ, പന്തളം, കൊല്ലം ബസുകൾ പിടിക്കണമെങ്കിൽ ഓട്ടോ വിളിച്ചു സ്റ്റേഡിയം ജങ്ഷനിൽ പോയി കാത്തുനിൽക്കേണ്ട ഗതികേടാണ്. വരുംദിവസങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകും. നഗരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമില്ലാത്തതാണ് പ്രധാന പ്രശ്നം. റോഡരികിലും മറ്റും പാർക്ക് ചെയ്യേണ്ടി വരുന്നുണ്ട്. ഇതോടെ പൊലീസെത്തി വാഹനങ്ങൾക്ക് പെറ്റി ചുമത്തുകയും ചെയ്യുന്നു. ഓണം അടുത്തതോടെ പൊലീസ് പരക്കംപാഞ്ഞ് കാശുണ്ടാക്കാനാണ് ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

