കോൺഗ്രസിന് തീരാനഷ്ടം
text_fieldsപത്തനംതിട്ട: ചെന്നീർക്കര മാത്തൂർ മേലേടത്ത് എം.ജി. കണ്ണന്റെ (42) അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് കോൺഗ്രസ് പ്രവർത്തകർ. വിയോഗം കോൺഗ്രസിന് തീരാനഷ്ടവും നഷ്ടമായത് സമരമുഖത്തെ യുവ പോരാളിയെയുമാണ്. പനിയും തുടർന്ന് വന്ന പക്ഷാഘാതവുമാണ് കണ്ണന്റെ ജീവനെടുത്തത്. കെ.എസ്.യുവിലൂടെ രാഷ്ട്രീയ രംഗത്ത് വന്ന കണ്ണൻ ചെന്നീർക്കര പഞ്ചായത്ത് അംഗവും രണ്ടുതവണ ഇലന്തൂർ, റാന്നി ഡിവിഷനുകളിൽ നിന്നുള്ള ജില്ല പഞ്ചായത്ത് അംഗവുമായി. ജില്ല പഞ്ചായത്ത് റാന്നി ഡിവിഷനിൽനിന്ന് വൻ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിലെ മറ്റു നാലു മണ്ഡലങ്ങളിൽ എൽ.ഡി.എഫ് ഭൂരിപക്ഷം വർധിപ്പിച്ചപ്പോൾ അടൂരിൽ മത്സരിച്ച കണ്ണൻ എതിർ സ്ഥാനാർഥി ചിറ്റയം ഗോപകുമാറിന് കനത്ത് വെല്ലുവിളിയാണ് ഉയർത്തിയത്. 2016ലെ തെരഞ്ഞെടുപ്പിൽ സി.പി.ഐയിലെ ചിറ്റയം ഗോപകുമാർ 25,460 വോട്ടിന് ജയിച്ച മണ്ഡലത്തിൽ കഴിഞ്ഞ തവണ 2919 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടാൻ കഴിഞ്ഞത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിനിടയാണ് മകന് രക്താർബുദ ചികിത്സ നടത്തേണ്ടി വന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവെച്ച് മകനുമായി കണ്ണൻ തിരുവനന്തപുരം ആർ.സി.സിയിൽ എത്തിയത് വലിയ വാർത്തയായിരുന്നു. ഇതിന്റെ പേരിൽ രൂക്ഷമായ സൈബർ ആക്രമണവും നേരിടേണ്ടി വന്നു.
കൃത്യമായ ചികിൽസയെ തുടർന്ന് മകൻ പൂർണമായും രോഗമുക്തനായതിന്റെ സന്തോഷത്തിലായിരുന്നു കുടുംബം. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ്, പാർലമെന്റ് മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ കണ്ണൻ പ്രസിഡന്റായിരിക്കുന്ന സമയത്ത് നിരവധി സമര പരിപാടികൾ ഏറ്റെടുത്ത് നടത്തി. ക്രൂരമായ പൊലീസ് മർദനങ്ങളും ഏൽക്കേണ്ടി വന്നിട്ടുണ്ട്. കണ്ണന് ലാത്തിയടിയേറ്റ് തലക്ക് മാരക പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

