ഓണത്തിന് ഒരു ലക്ഷം തൊഴിൽ; ലക്ഷ്യം പിന്നിട്ട് പത്തനംതിട്ട
text_fieldsപത്തനംതിട്ട: വിജ്ഞാനകേരളവും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച ‘ഓണത്തിന് ഒരു ലക്ഷം തൊഴിൽ’ കാമ്പയിനിൽ സംസ്ഥാനതലത്തിൽ ആദ്യമായി ലക്ഷ്യം പൂർത്തീകരിച്ച് പത്തനംതിട്ട. ജില്ലതല ലക്ഷ്യ പൂർത്തീകരണ പ്രഖ്യാപനവും തൊഴിൽ വികസന സംഗമവും കുടുംബശ്രീ അവാർഡ് വിതരണവും സെപ്റ്റംബർ 10ന് അടൂർ സെൻറ് തോമസ് കത്തീഡ്രൽ പാരിഷ് ഹാളിൽ നടക്കും.
വൈകിട്ട് നാലിന് യോഗം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും. മന്ത്രി വീണ ജോർജ് പങ്കെടുക്കും. കുടുംബശ്രീയുടെ വിവിധ മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വിവിധ സംരംഭങ്ങൾ, അയൽക്കൂട്ടങ്ങൾ, സി.ഡി എസുകൾ എന്നിവക്കുള്ള അവാർഡ് വിതരണവും ചടങ്ങിൽ നടക്കും. രാവിലെ 10.30 മുതൽ ഉച്ചക്ക് 12 .30 വരെ ‘പ്രാദേശിക തൊഴിൽ രംഗം സാധ്യതകൾ-സുസ്ഥിര സ്ഥാപന സംവിധാനം, വെല്ലുവിളികൾ’ എന്ന വിഷയത്തിലും ഉച്ചക്ക് 2. 30 മുതൽ 4.30 വരെ ‘പ്രാദേശിക തൊഴിലും തൊഴിൽ നൈപുണ്യ വികസനവും’ വിഷയത്തിലും സെമിനാറുകൾ നടക്കും.
ഓണത്തിന് ഒരു ലക്ഷം തൊഴിൽ -കുടുംബശ്രീ - വിജ്ഞാനകേരളം കാമ്പയിന്റെ ഭാഗമായി 5000 തൊഴിൽ കണ്ടെത്തി നൽകാനാണ് പത്തനംതിട്ടക്ക് ടാർജറ്റായി നൽകിയിരുന്നത്. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളും കുടുംബശ്രീയും വിജ്ഞാനകേരളവും ജില്ല ആസൂത്രണ സമിതിയും കലക്ട്രേറ്റും ഒന്നിച്ച് പ്രവർത്തിച്ചതിലൂടെ 985 സ്ഥാപനങ്ങളിലായി 8049 തൊഴിലുകൾ കണ്ടെത്താനും 5286 പേർക്ക് തൊഴിൽ നൽകാനും കഴിഞ്ഞു. ഈ സാമ്പത്തിക വർഷം കുടുംബശ്രീയും വിജ്ഞാന കേരളവും സംയുക്തമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ചെറുതും വലുതുമായി 40 തൊഴിൽ മേളകളും പ്ലേസ്മെന്റ് ഡ്രൈവുകളും സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

