പാപ്പാൻ മോഹനൻ നായർക്ക് നാടിന്റെ അന്ത്യാഞ്ജലി
text_fieldsപാപ്പാൻ മോഹനൻ നായർക്ക് വനം വകുപ്പ് ഉദ്യോഗസ്ഥർ ഗാർഡ് ഓഫ് ഹോണർ നൽകുന്നു
കോന്നി: ഇക്കോ ടൂറിസം സെന്‍ററിൽ ആനയുടെ ആക്രമണത്തിൽ മരണമടഞ്ഞ പാപ്പാൻ മോഹനൻ നായർക്ക് നാട് വിടനൽകി. കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ഞായറാഴ്ച 11ന് ഇക്കോ ടൂറിസം സെന്‍ററിൽ എത്തിച്ച് പൊതുദർശനത്തിന് വെച്ചപ്പോൾ വിവിധ തുറകളിലുള്ള നൂറുകണക്കിന് ആളുകൾ അന്ത്യോപചാരം അർപ്പിച്ചു.
വനം വകുപ്പ് ഉദ്യോഗസ്ഥർ ഗാർഡ് ഓഫ് ഹോണർ നൽകി. നാട്ടുകാർ, ജനപ്രതിനിധികൾ, സഹപ്രവർത്തകർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, ഇക്കോ ടൂറിസം സെൻട്രലിലെ ജീവനക്കാർ എന്നിവർ മോഹനൻ നായർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.
കെ.യു. ജനിഷ് കുമാർ എം.എൽ.എ, ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. കമലഹാർ, ജില്ല പഞ്ചായത്ത് അംഗം എസ്. സന്തോഷ് കുമാർ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിനിലാൽ, കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫിസർ എസ്. ശശീന്ദ്രകുമാർ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റോബിൻ പീറ്റർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുലേഖ വി. നായർ പ്രവീൺ പ്ലാവിളയിൽ, വനംവകുപ്പിന്‍റെ വിവിധ റേഞ്ചുകളിലെ റേഞ്ച് ഓഫിസർമാർ, ഡെപ്യൂട്ടി റേഞ്ച് ഓഫിസർമാർ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.
ആക്ഷൻ പ്ലാൻ തയാറാക്കും -ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ
കോന്നി: ഇക്കോ ടൂറിസം സെന്‍ററിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ച സംഭവത്തെ തുടർന്ന് ഇക്കോ ടൂറിസം സെന്ററിലെ സുരക്ഷക്കായി ആക്ഷൻ പ്ലാൻ തയാറാക്കുമെന്ന് ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. കമലഹാർ പറഞ്ഞു. മോഹനൻ നായരുടെ കുടുംബത്തിന് ധനസഹായമായി എത്ര രൂപ കൊടുക്കുവാൻ കഴിയുമെന്ന് ചൊവ്വാഴ്ച നടക്കുന്ന എഫ്.ഡി.എ യോഗത്തിൽ തീരുമാനമെടുക്കും.
മരണാനന്തര ചടങ്ങുകളുടെ ആവശ്യത്തിലേക്കായി ഒരു ലക്ഷം രൂപയുടെ ചെക്ക് കുടുംബത്തിന് കൈമാറിയിട്ടുണ്ട്. താൻ ഇക്കോ ടൂറിസം സെന്ററിലെ ആനകളുടെ സമീപത്ത് എത്തുമ്പോൾ തന്റെ സുരക്ഷക്കായി എന്നും ഒപ്പം നിൽക്കുന്ന സ്വഭാവം മോഹനൻ നായർക്ക് ഉണ്ടായിരുന്നു. ഇവിടുത്തെ ആനകളെ പറ്റിയുള്ള കൂടുതൽ കാര്യങ്ങൾ തനിക്ക് പറഞ്ഞു മനസ്സിലാക്കിതന്നിരുന്നത് മോഹനൻ നായരായിരുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ട പിന്തുണകൾ നൽകുമെന്നും ഡോ. കമലഹാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

