ഇന്ത്യയിലുള്ളത് 18 വയസ്സാകുമ്പോൾ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കുന്ന കമീഷൻ :മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ
text_fieldsയൂത്ത് ലീഗ് ജില്ല സമ്മേളനം മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്യുന്നു
പന്തളം: മുൻകാലങ്ങളിൽ 18 വയസ്സ് പൂർത്തിയാകുമ്പോൾ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ പരസ്യപ്പെടുത്തുന്ന തെരഞ്ഞെടുപ്പ് കമീഷണർ ആണുണ്ടായിരുന്നെങ്കിൽ ഇപ്പോൾ 18 ആകുമ്പോൾ വോട്ടർപട്ടികയിൽ നിന്നും എങ്ങനെ ഒഴിവാക്കണം എന്നതിനെക്കുറിച്ച് ഗവേഷണം നടത്തുന്ന കമീഷൻ ആണ് ഇന്ത്യയിലുള്ളതെന്ന് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ.
യൂത്ത് ലീഗ് പത്തനംതിട്ട ജില്ല സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ശേഷം 14 ശതമാനത്തോളം വോട്ടുകൾ വെട്ടി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം ഏകാധിപത്യത്തിന് വഴിമാറുകയാണ്. ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്നു പോലും സംശയം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. സമദ് പട്ടാണി മുഖ്യപ്രഭാഷണം നടത്തി. കെ.ഇ. അബ്ദുൽ റഹ്മാൻ, തുളസീധരൻ പള്ളിക്കൽ, അഡ്വ. ഹൻസലാഹ് മുഹമ്മദ്, ടി.എം. ഹമീദ്, ഷാനവാസ് അലിയാർ, എം.എം. ബഷീർ കുട്ടി, അഡ്വ. യാമി സേതു കുമാർ, മുഹമ്മദ് ഷാലു ഖാൻ, മാലിക് മുഹമ്മദ്, കാസിം, ആമിന ബീവി, മിനീഷാ മുജീബ് എന്നിവർ സംസാരിച്ചു. ജാഫർ ഖാൻ സ്വാഗതവും സിയാ മജീദ് നന്ദിയും പറഞ്ഞു.
പി.എം. ശ്രീ പദ്ധതിക്കെതിരെ പ്രമേയം പാസാക്കി യൂത്ത് ലീഗ്
പി.എം. ശ്രീ പദ്ധതിക്കെതിരെ പ്രമേയം പാസാക്കി യൂത്ത് ലീഗ്. പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്ന് സംസ്ഥാന സർക്കാരിനോട് സമ്മേളനം ആവശ്യപ്പെട്ടു. പി.എം ശ്രീയിലൂടെ സംഘപരിവാർ അജണ്ട വിദ്യാഭ്യാസ മേഖലയിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമം ആണ് രാജ്യത്ത് ആർ.എസ്.എസ് ശ്രമിക്കുന്നത്. ഈ നീക്കത്തിനെതിരെ ഇന്നലെകളിൽ വലിയ സമരങ്ങൾ സംഘടിപ്പിച്ച ചരിത്രമാണ് യൂത്ത് ലീഗിന്.
ആ സമരങ്ങളുടെ കൂടെ രൂപംകൊണ്ട യു.ഡി.എഫ് സർക്കാർ ഇടത് സർക്കാർ ഒരുക്കിയ കെണികൂടിയായ ഈ പദ്ധതിയിൽനിന്ന് പിന്മാറുമെന്ന് പ്രതീക്ഷിക്കുന്നതായി എം.എസ്.എഫ് ജില്ല പ്രസിഡന്റ് തൗഫീഖ് എം. കൊച്ചുപറമ്പിൽ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഷാഫി കോന്നി, മുഹമ്മദ് സാലിഹ് ഇരുവരും പ്രമേയത്തെ പിന്തുണച്ചു.
മന്ത്രി പങ്കെടുത്ത പരിപാടിക്കിടെ രണ്ടുതവണ വൈദ്യുതി മുടങ്ങി
മന്ത്രി വേദി പങ്കിടുമ്പോൾ രണ്ടുതവണ വൈദ്യുതി മുടങ്ങി. യൂത്ത് ലീഗ് ജില്ല സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാൻ വേദിയിൽ എത്തിയ മന്ത്രി വി.ഇ അബ്ദുൽ ഗഫൂർ വേദിയിലിരിക്കുമ്പോൾ തന്നെ രണ്ടു തവണയാണ് വൈദ്യുതി മുടങ്ങിയത്. അധ്യക്ഷ പ്രസംഗം നടത്താൻ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹനീഫ പ്രസംഗം പകുതി പിന്നിട്ടപ്പോൾ വൈദ്യുതി മുടങ്ങി. പിന്നീട് വൈദ്യുതി വന്നെങ്കിലും മന്ത്രി പ്രസംഗിക്കാൻ ആരംഭിച്ചപ്പോൾ വീണ്ടും മുടങ്ങി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

