വൃത്തിയാക്കി കയറുന്നതിനിടെ നൂറടി താഴ്ചയുള്ള കിണറ്റിൽ വീണ് യുവാവിന് ഗുരുതര പരിക്ക്
text_fieldsകിണറ്റിൽ വീണ ഷാജിയെ അഗ്നിരക്ഷാ ഉദ്യോഗസ്ഥർ കരക്ക് കയറ്റുന്നു
പന്തളം: വൃത്തിയാക്കി കയറുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണ യുവാവിന് ഗുരുതര പരിക്കേറ്റു. കുളനട ഗുരുനാഥൻ മുകടി അയ്യപ്പഗുരു ക്ഷേത്രത്തിലെ കിണറ്റിൽ വീണ പന്തളം മുട്ടാർ കോവാളക്കുഴിയിൽ ഷാജിക്കാണ് (38) ഗുരുതര പരിക്കേറ്റത്. നൂറടിയോളം താഴ്ചയുള്ള കിണറ്റിലാണ് വീണത്. കിണർ വൃത്തിയാക്കിയശേഷം തിരികെ കയറി മുകളിൽ എത്തിയപ്പോഴാണ് കാൽവഴുതി വീണത്. പുനഃപ്രതിഷ്ഠയുടെ ഭാഗമായി നിർമാണപ്രവർത്തനങ്ങൾ നടക്കുകയായിരുന്നു ക്ഷേത്രത്തിൽ.
സമീപത്തുണ്ടായിരുന്ന തൊഴിലാളികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആഴമേറിയ കിണറായതിനാൽ അഗ്നിരക്ഷാസേനയുടെ സഹായം തേടി. അടൂരിൽനിന്ന് സ്റ്റേഷൻ ഓഫിസർ വിനോദ് കുമാർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ നിയാസുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലെ അടൂർ അഗ്നി രക്ഷാസംഘം എത്തിയാണ് ഷാജിയെ റോപ്, നെറ്റ് എന്നിവയുടെ സഹായത്തോടെ രക്ഷപ്പെടുത്തിയത്. ഫയർ ഓഫിസർമാരായ അജികുമാർ, കൃഷ്ണകുമാർ, പ്രദീപ്, സന്തോഷ്, മുഹമ്മദ്, രഞ്ജിത്, സന്തോഷ് ജോർജ്, റെജി, ഭാർഗവൻ, രാജൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. ഷാജിയെ കല്ലിശ്ശേരിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

