നേരം ഇരുട്ടിയാൽ നേരെ നടന്നോ...
text_fieldsപന്തളം: ഗ്രാമീണമേഖലയിൽ താമസിക്കുന്നവർക്ക് രാത്രി അലച്ചിലൊഴുവാക്കി വീട് എത്തണമെങ്കിൽ സ്വന്തമായി വാഹനം വാങ്ങണമെന്നതാണ് പന്തളത്തെ സ്ഥിതി. പകൽ മുഴുവൻ പണിയെടുത്തശേഷം രാത്രി വീടെത്താൻ മാർഗമന്വേഷിക്കുന്നവർക്കുനേരെ കണ്ണടക്കുകയാണ് കെ.എസ്.ആർ.ടി.സി.
രാത്രി ഏഴുമണി കഴിഞ്ഞാൽ സ്വകാര്യ ബസുകളും എങ്ങോട്ടേക്കും കിട്ടാനില്ല. അഥവ ഉണ്ടെങ്കിൽ തന്നെ എപ്പോൾ റദ്ദാക്കുമെന്ന് ആർക്കും പ്രവചിക്കാനാവില്ല. പകൽ ജോലി ചെയ്ത വരുമാനത്തിെൻറ നല്ലൊരുപങ്ക് രാത്രി വീട്ടിലെത്താനുയുള്ള ഓട്ടോ ചാർജായി കൊടുക്കേണ്ട ഗതികേടിലാണ് സാധാരണക്കാർ.
പല റൂട്ടുകളിലും ഫാസ്റ്റ് പാസഞ്ചർ ബസുകൾ രാത്രി ഓടുന്നുണ്ടെങ്കിലും ടിക്കറ്റ് നിരക്ക് കൂടുതലാണ്. ഓർഡിനറി ബസിൽ 10 രൂപ ടിക്കറ്റെടുത്ത് അടുത്ത സ്റ്റോപ്പിൽ ഇറങ്ങേണ്ടയാൾക്ക് രാത്രി സൂപ്പർ ഫാസ്റ്റിൽ കയറുമ്പോൾ 23 രൂപയും ഫാസ്റ്റ് പാസഞ്ചറാണെങ്കിൽ 17 രൂപയും ചെലവാകും. സന്ധ്യകഴിഞ്ഞാൽ എം.സി റോഡിൽ പന്തളത്ത് കുടുങ്ങും.
പന്തളം ഡിപ്പോയിൽനിന്ന് രാത്രി ഏഴിനുശേഷം മിക്ക ഗ്രാമീണ റൂട്ടുകളിലേക്കും സർവിസില്ല. കോവിഡ് നിയന്ത്രണങ്ങൾ ആരംഭിച്ചശേഷം മിക്ക രാത്രി സർവിസുകളും റദ്ദാക്കി. പന്തളത്തുനിന്ന് ജില്ല ആസ്ഥാനമായ പത്തനംതിട്ടക്ക് പോകണമെങ്കിൽ ഓട്ടോ പിടിക്കണം. പന്തളം തെക്കേക്കര, കീരുക്കഴി റൂട്ടിൽ പോലും സന്ധ്യ കഴിഞ്ഞാൽ കെ.എസ്.ആർ.ടി.സി സർവിസുകളില്ല. പലരും അടൂർ എത്താറുണ്ടെങ്കിലും അവിടെയും ഇതാണ് അവസ്ഥ. നൂറനാട്, കായംകുളം, റൂട്ടുകളിലും സന്ധ്യ കഴിഞ്ഞാൽ സർവിസുകളില്ല. മാവേലിക്കര റൂട്ടുകളിലും സന്ധ്യകഴിഞ്ഞാൽ ബസില്ല. ദീർഘദൂര യാത്രക്കാർ എം.സി റോഡിൽ പന്തളത്ത് ഇറങ്ങിയാൽ രാത്രിയാത്ര പ്രതിസന്ധിയിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

