വയറപ്പുഴ പാലം വൈകുന്നു; സാഹസിക യാത്ര തുടരുന്നു
text_fieldsപന്തളം മഹാദേവക്ഷേത്രത്തിൽ ബലിതർപ്പണത്തിനെത്തി മടങ്ങുന്ന ഭക്തർ സഞ്ചരിച്ച യന്ത്രം
ഘടിപ്പിച്ച ഫൈബർ വള്ളം
പന്തളം: വയറപ്പുഴക്കടവിൽ പാലം നിർമിക്കുമെന്ന പ്രഖ്യാപനങ്ങൾ പാഴ്വാക്കായി. ഇതുമൂലം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധിപേരാണ് ദിവസേന വള്ളത്തിൽ സാഹസികമായി പുഴ കടക്കുന്നത്. പാലം പണിയുമെന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പ്രഖ്യാപനമായിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രഖ്യാപനത്തിന് ശക്തി കൂടും. ഫലം വന്ന് കഴിഞ്ഞാല്‍ വാഗ്ദാനം തണുക്കുകയും ചെയ്യും.
മഴക്കാലത്ത് വെള്ളത്തിന്റെ തോത് കൂടുന്നതോടെ നാട്ടുകാരുടെ യാത്രയും മുടങ്ങും. പന്തളം നഗരസഭയിലെ പന്തളം മഹാദേവ ക്ഷേത്രവും കുളനട പഞ്ചായത്തിലെ നെട്ടൂരും തമ്മിൽ ബന്ധിപ്പിക്കുന്ന വയറപ്പുഴ പാലം നിർമാണത്തിന് ആറന്മുള മുൻ എം.എൽ.എയായിരുന്ന കെ.സി. രാജഗോപാലാണ് തുടക്കമിട്ടത്. നിരവധി ഉദ്യോഗസ്ഥരടക്കം സ്ഥലം സന്ദർശിക്കുകയും പാലം നിർമാണ നടപടിക്രമങ്ങൾ തുടങ്ങുകയും ചെയ്തിരുന്നു.
പക്ഷേ, പിന്നീടെല്ലാം മന്ദഗതിയിലായി. മഹാദേവ ക്ഷേത്രത്തിലേക്ക് എത്തിച്ചേരാൻ മറുകരയിലുള്ളവർ ആശ്രയിക്കുന്നത് കടത്തുവള്ളങ്ങളാണ്. വ്യാഴാഴ്ച മഹാദേവക്ഷേത്രത്തിലെ ബലിതർപ്പണത്തിന് പ്രത്യേക ഫൈബർ വള്ളം ക്ഷേത്ര ഭാരവാഹികൾ ക്രമീകരിച്ചെങ്കിലും സുരക്ഷ ഇല്ലാത്തതിനാൽ പലതവണ വള്ളം അപകടത്തിൽപെടാൻ ഇടയായി. കാത്തിരിപ്പിനുശേഷം കഴിഞ്ഞയാഴ്ച പാലത്തിന്‍റെ ടെൻഡറായതായി മന്ത്രി വീണ ജോർജ് അറിയിച്ചിട്ടുണ്ട്. സാധനസാമഗ്രികളുടെ വിലവർധന കാരണം പഴയ തുകയിൽ പണി നടത്താനാകില്ലെന്നാണ് കരാറുകാരുടെ വിശദീകരണം.
തുക കൂട്ടി നൽകാൻ സർക്കാറിന്റെ പ്രത്യേക അനുമതി ലഭിക്കണം. എന്നാലേ പണി ആരംഭിക്കാനാകൂ. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച പാലത്തിനുണ്ടായിരുന്ന കടമ്പ ടെൻഡർ നടപടിയായിരുന്നു.നാട്ടുകാരും ജനപ്രതിനിധികളും വളരെനാളായി കാത്തിരിക്കുന്ന പാലത്തിന് 9,35,23,000 രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. മുമ്പ് അനുവദിച്ച രണ്ടുകോടിയിൽനിന്ന് തുക എട്ടരക്കോടിയിലേക്കും പിന്നീട് ഇത് 9.35 കോടിയിലേക്കും എത്തുകയായിരുന്നു.
അധികം തുക നൽകാൻ സർക്കാറിന്റെ അനുമതി ലഭിച്ചാൽ പണി ആരംഭിക്കാനാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികാരികൾ പറയുന്നു. പാലത്തിന്റെ അപ്രോച് റോഡിന്റെയും അനുബന്ധ റോഡിന്റെയും പണി ഇതിനൊപ്പം നടത്തും. അച്ചൻകോവിലാറ്റിൽ പന്തളം നഗരസഭയിലെ മുളമ്പുഴ കരയെയും കുളനട പഞ്ചായത്തിലെ ഞെട്ടൂർ കരയെയും ബന്ധിപ്പിച്ചാണ് പാലം പണിയുന്നത്.
പന്തളം ജങ്ഷനിലെ ഗതാഗതക്കുരുക്കിൽപെടാതെ അടൂർ-ചെങ്ങന്നൂർ റോഡിൽ പുതിയ പാത തുറന്നുകിട്ടുമെന്നതും മാവേലിക്കര ഭാഗത്തുനിന്ന് ചെങ്ങന്നൂർ, കോട്ടയം ഭാഗത്തേക്ക് പോകാനുള്ളവർക്ക് പന്തളം ജങ്ഷൻ ചുറ്റാതെ കുളനടയിലെത്തി എം.സി റോഡിലേക്ക് പ്രവേശിക്കാമെന്നതും പ്രത്യേകതയാണ്. ഇപ്പോൾ ഈ ഭാഗത്തുള്ളത് കടത്തുവള്ളമാണ്. പന്തളം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവകാലത്ത് മഹാദേവ ഹിന്ദുസേവ സമിതിയും കരക്കാരും ചേർന്ന് താൽക്കാലിക പാലം പണിയാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

